ബംഗ്ളാദേശിന് എട്ടു റണ്‍സ് ജയം

ധര്‍മശാല: ട്വന്‍റി20 ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഏഷ്യാകപ്പ് ഫൈനലിസ്റ്റുകളായ ബംഗ്ളാദേശിന് നേരിയ മാര്‍ജിനില്‍ ജയം. നെതര്‍ലന്‍ഡ്സിനെ എട്ടു റണ്‍സിനാണ് ബംഗ്ളാ കടുവകള്‍ തോല്‍പിച്ചത്. സ്കോര്‍: ബംഗ്ളാദേശ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 153. നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ ഏഴുവിക്കറ്റിന് 145. മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഒമാന്‍ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ചു.  

ബംഗ്ളാദേശിനെ ഓപണര്‍ തമീം ഇഖ്ബാലിന്‍െറ അര്‍ധസെഞ്ച്വറിയാണ് രക്ഷിച്ചത്. 58 പന്തില്‍ ആറു ഫോറും മൂന്നു സിക്സും സഹിതം 83 റണ്‍സാണ് തമീം അടിച്ചുകൂട്ടിയത്.15 റണ്‍സ് വീതമെടുത്ത സൗമ്യ സര്‍ക്കാറും സാബിര്‍ റഹ്മാനുമാണ് ബംഗ്ളാദേശ് നിരയിലെ രണ്ടാമത്തെ സ്കോറര്‍മാര്‍. മൂന്നു വിക്കറ്റ് വീഴ്ത്തിയ ടിം വാന്‍ഡെര്‍ ഗുഗ്ടെനാണ് ബംഗ്ളാദേശിനെ പിടിച്ചുകെട്ടിയത്. പോള്‍ വാന്‍ മീകെരനും ഗുഗ്ടെന് മികച്ച പിന്തുണ നല്‍കി. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയായിരുന്നു മീകെരന്‍െറ വിക്കറ്റു വേട്ട.  

29 റണ്‍സ് വീതമെടുത്ത സ്റ്റീഫന്‍ മൈബര്‍ഗ്, പീറ്റര്‍ ബോറന്‍ എന്നിവര്‍ ബംഗ്ളാദേശിനെ വിറപ്പിച്ചു. അല്‍ അമീന്‍ ഹുസൈന്‍, ഷാക്കിബുല്‍ ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ആവേശം നിറഞ്ഞ മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഒമാന്‍ മറികടന്നത്. രണ്ടു പന്തില്‍ മൂന്ന് റണ്‍സ് വേണ്ട സന്ദര്‍ഭത്തില്‍ ലഭിച്ച ബൈഫോറാണ് ഒമാന് തുണയായത്. 38 റണ്‍സെടുത്ത സീഷാന്‍ മഖ്സൂദ്, 34 റണ്‍സെടുത്ത ഖവാര്‍ അലി എന്നിവര്‍ തിളങ്ങി. ഇന്ത്യന്‍ വംശജനായ ജതീന്ദര്‍ സിങ് 24 റണ്‍സെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.