ട്വൻറി20 ലോകകപ്പ്: ഇന്ത്യയില്‍ കളിക്കാൻ പാക് ടീമിന് അനുമതി

ഇസ് ലാമാബാദ്: ട്വൻറി20 ലോകകപ്പ് കളിക്കാൻ  പാകിസ്താൻ ടീമിന് പാക് സർക്കാർ അനുമതി നൽകി. സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ടീമിന് അനുമതി ലഭിച്ചത്. ഇന്ത്യയിലേക്ക് തിരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് ഔദ്യോഗിക നിർദേശം നൽകിയതായി പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലിഖാൻ അറിയിച്ചു. ഐ.സി.സി, ബി.സി.സി.ഐ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായി ബന്ധപ്പെട്ടതിനു ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ ഉറപ്പുനൽകിയില്ലെങ്കിൽ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് നേരത്തെ പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചതോടെയാണ് ടീം ഇന്ത്യയിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായത്. ഇതിനെ തുടർന്ന് സുരക്ഷ ഉറപ്പാക്കാമെന്ന് പാകിസ്താൻ ഹൈകമീഷണർ അബ്ദുൽ ബാസിതിനെ ഇന്ത്യ അറിയിക്കുകയായിരുന്നു. ഈ വിവരം ബാസിത് പാകിസ്താനെ അറിയിച്ചു. തുടർന്നാണ് പാക് സർക്കാറിൽ നിന്ന് അനുകൂലമായ തീരുമാനമുണ്ടായത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നേരത്തെയുള്ള തീരുമാനപ്രകാരം പാകിസ്താൻ ടീം ഇന്ത്യയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചതിനെ തുടർന്നാണ് ടീമിൻെറ വരവ് നീണ്ടുപോയത്. ശനിയാഴ്ച ബംഗാളിനെതിരെയാണ് പാകിസ്താൻെറ ആദ്യ സന്നാഹ മത്സരം നിശ്ചയിച്ചിരുന്നത്.

നേരത്തെ മാർച്ച് 19ന് ധർമശാലയിൽ നടക്കേണ്ട ഇന്ത്യ-പാക് മത്സരത്തിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് ഹിമാചൽ മുഖ്യമന്ത്രി വീരഭദ്രസിങ് വ്യക്തമാക്കിയതിനെ തുടർന്ന് വേദി കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു.


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.