പാകിസ്താനില്‍ നിന്നു പോലും ഇത്രയും സ്നേഹം ലഭിച്ചിട്ടില്ല -ശാഹിദ് അഫ്രീദി

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്നേഹം ഞങ്ങള്‍ക്ക് പാകിസ്താനില്‍ നിന്നുപോലും ലഭിച്ചിട്ടില്ലെന് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി. ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെത്തിയ പാകിസ്താന്‍ ടീമിന് കൊല്‍ക്കത്തയിൽ നല്‍കിയ സ്വീകരണത്തിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള ആസ്വാദനം മറ്റെവിടെയാകുമ്പോഴും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. കരിയറിന്‍െറ അവസാന ഘട്ടത്തിലാണ് ഞാനുള്ളത്. ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്നേഹത്തെ കുറിച്ച് എല്ലായ്പ്പോഴും ഓര്‍ക്കും. പാകിസ്താനിലുള്ളതു പോലെ ഇവിടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകളുണ്ട്,  എന്‍െറ ക്രിക്കറ്റ്  കരിയറില്‍ ഇന്ത്യയില്‍ കളിച്ച അധിക മത്സരങ്ങളും ഞാന്‍ നന്നായി  ആസ്വദിച്ചിരുന്നു. ശുഐബ് മാലിക് വിവാഹം കഴിച്ചത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെയാണ്, ഇന്ത്യയോടുള്ള ആദരവുകൊണ്ടായിരിക്കാം അത്' -അഫ്രീദി വ്യക്തമാക്കി. സുരക്ഷയെ സംബന്ധിച്ച ഇന്ത്യ- പാക് രാജ്യങ്ങളുടെ നീക്കങ്ങളെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ ക്രിക്കറ്റ് കളിക്കാരാണ്, രാഷ്ട്രീയക്കാരല്ലെന്നായിരുന്നു അഫ്രീദിയുടെ മറുപടി.
 

കർശന സുരക്ഷയിൽ കൊൽക്കത്ത ഈഡൻ ഗാർഡൻ
 


ഇന്ത്യയിൽ തങ്ങൾക്ക് സുരക്ഷാ ഭീഷണികൾ ഉണ്ടായിട്ടില്ലെന്ന് സീനിയർ താരം ശുഐബ് മാലിക്കും വ്യക്തമാക്കി. 'ആദ്യം ഞാന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് നന്ദി പറയുന്നു. നല്ല സുരക്ഷയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. എന്‍െറ ഭാര്യ ഇന്ത്യക്കാരിയാണ്. ഇന്ത്യയില്‍ ഞാന്‍ അനേകം തവണ വന്നിട്ടുണ്ട്. ഒരു സുരക്ഷാ ഭീഷണിയും എനിക്ക് ഉണ്ടായിട്ടില്ല. യഥാര്‍ഥത്തില്‍ ഇന്ത്യക്കാര്‍ക്കും പാകിസ്താനും തമ്മില്‍ ഞാന്‍ ഒരു വ്യത്യാസവും കാണുന്നില്ല. നാം ഒരേ ഭക്ഷണവും ഭാഷയും നാം ഉപയോഗിക്കുന്നത്. ഇന്ത്യയിലെത്തിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇന്ത്യക്കാരെയും ഇവിടുത്തെ മാധ്യമങ്ങളെയും ഞാന്‍ വളരെയേറെ സ്നേഹിക്കുന്നുണ്ട്. ഇന്ത്യയെ ഞങ്ങള്‍ വളരെയേറെ ആദരിക്കുന്നു- ശുഐബ് മാലിക്കിന്‍െറ കമന്‍റ് ഇങ്ങനെയായിരുന്നു.
 

പാക് വനിതാ ടീം ചെന്നൈ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്നു
 

സുരക്ഷ സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഇന്ത്യയിലേക്ക് വരുന്നതിന് പാകിസ്താന്‍ ഭരണകൂടം നേരത്തെ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് ഇന്ത്യ സുരക്ഷ സംബന്ധിച്ച ഉറപ്പ് നൽകുകയും പാക് സംഘം ഇന്ത്യ സന്ദർശിച്ചതിനും ശേഷമാണ് ടീം കൊല്‍ക്കത്തയിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.