ട്വൻറി20 ലോകകപ്പ്: അഫ്ഗാനെതിരെ ലങ്കക്ക് ആറ് വിക്കറ്റ് ജയം

കൊൽക്കത്ത: ട്വൻറി20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്താൻ പടുത്തുയർത്തിയ 153 എന്ന ഭേദപ്പെട്ട സ്കോർ ആറ് പന്ത് ബാക്കിയിരിക്കെ ലങ്ക മറികടന്നു. ലങ്കക്കുവേണ്ടി ഓപണർ തിലകരത്നെ ദിൽഷൻ 56 പന്തിൽ 83 റൺസ് എടുത്ത് പുറത്താകാതെ നിന്നു. സ്കോർ: അഫ്ഗാനിസ്താൻ -20 ഓവറിൽ ഏഴ് വിക്കറ്റിന് 153 റൺസ്. ശ്രീലങ്ക -18.5 ഓവറിൽ നാല് വിക്കറ്റിന് 155.

154 എന്ന സ്കോർ പിന്തുടർന്ന ലങ്ക ശ്രദ്ധാപൂർവമാണ് ബാറ്റിങ് ആരംഭിച്ചത്. ടീം ടോട്ടൽ 41ൽ എത്തി നിൽക്കുമ്പോഴാണ് ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 18 റൺസെടുത്ത ദിനേശ് ചാണ്ഡിമാലാണ് പുറത്തായത്. തിരിമാനെ ആറും തിസാര പെരേര 12ഉം കപുഗേദര 10ഉം റൺസെടുത്ത് പുറത്തായി. പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസുമൊത്ത് ദിൽഷൻ ലങ്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 56 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ദിൽഷൻെറ ഇന്നിങ്സ്. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് സ്കോർ ചെയ്തത്. അസ്ഗർ സ്റ്റാൻസികായ്‌ (47 പന്തിൽ 62) ആണ് അഫ്ഗാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. സമീഉല്ല സാൻവാരി (14 പന്തിൽ 31) നൂർ അലി സദ്റാൻ (20), എന്നിവരും അഫ്ഗാന് വേണ്ടി തിളങ്ങി. തിസാര പെരേര 33 റൺസ് വിട്ട് കൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. രംഗനെ ഹെറാത്ത് രണ്ടും എയ്ഞ്ചലോ മാത്യൂസ്, നുവാൻ കുലശേഖര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.