മെല്‍ബണ്‍: കൈവിരലില്‍നിന്ന് കറങ്ങിത്തിരിഞ്ഞ് പിച്ച് ചെയ്യുന്ന പന്തില്‍ എന്നും എതിരാളികളെ അമ്പരപ്പിച്ച ചരിത്രമേ ഷെയ്ന്‍ വോണിനുള്ളൂ. ഇക്കുറി വോണിന്‍െറ ഗൂഗ്ളികള്‍ മൂളിപ്പറക്കുന്നത് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍െറ കോച്ചിനും സെലക്ടര്‍മാര്‍ക്കും ചുറ്റുമാണ്. ട്വന്‍റി20 ലോകകപ്പില്‍ ആസ്ട്രേലിയയുടെ നിറംമങ്ങിയ പ്രകടനത്തില്‍ കോച്ചിനും സെലക്ടര്‍മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി വോണ്‍ രംഗത്തുവന്നിരിക്കുകയാണ്. കോച്ച് ഡാരന്‍ ലെഹ്മാനും സെലക്ടര്‍ മാര്‍ക് വോക്കുമെതിരെയാണ് വോണിന്‍െറ ആക്രമണം. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാതിരുന്നിട്ടും ടീമിനെ വേണ്ടവിധം കളത്തിലിറക്കുന്നതില്‍ പരാജയമായതാണ് തോല്‍വിക്ക് കാരണമെന്ന് വോണ്‍ ആരോപിക്കുന്നു.ഐ.സി.സി റാങ്കിങ് പ്രകാരം ട്വന്‍റി20യിലെ മികച്ച ബാറ്റ്സ്മാനായ ആരോണ്‍ ഫിഞ്ചിനെ ന്യൂസിലന്‍ഡിനും ബംഗ്ളാദേശിനും എതിരായ മത്സരങ്ങളില്‍ പുറത്തിരുത്തിയത് മണ്ടത്തരമായെന്ന് വോണ്‍ കുറ്റപ്പെടുത്തി. ഫിഞ്ചും ഡേവിഡ് വാര്‍ണറുമായിരുന്നു ഇന്നിങ്സ് ഓപണ്‍ ചെയ്യേണ്ടിയിരുന്നത്. 12 ട്വന്‍റി20 മത്സരങ്ങളിലും കിരീടം നേടിയ കഴിഞ്ഞ ലോക കപ്പടക്കം 24 ഏകദിനങ്ങളിലും ഈ കൂട്ടുകെട്ടാണ് ഓപണ്‍ ചെയ്തത്.
എതിരാളികള്‍ ഏറെ ഭയപ്പെട്ട ഈ കൂട്ടുകെട്ട് മാറ്റി ഫിഞ്ചിനൊപ്പം ഖവാജയെ ഓപണ്‍ ചെയ്യാന്‍ തീരുമാനിച്ചത് ശരിയായില്ളെന്നാണ് വോണ്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യക്കും പാകിസ്താനുമെതിരായ മത്സരങ്ങളില്‍ ജോഷ് ഹെയ്സല്‍വുഡിന് പകരം മികച്ച യോര്‍ക്കര്‍ എറിയാന്‍ മിടുക്കനായ ഹേസ്റ്റിങ്സിനെ കളിപ്പിക്കണമായിരുന്നുവെന്നും വോണ്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.