ബംഗളൂരു: യഥാര്‍ഥത്തില്‍ ബംഗളൂരുവായിരുന്നു കലാശക്കൊട്ട്. നേതൃത്വം നല്‍കിയത് എബി ഡിവില്ലിയേഴ്സും വിരാട് കോഹ്ലിയും. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍െറ 360 ഡിഗ്രിയിലേക്കും ഇടതടവില്ലാതെ പന്തു പാഞ്ഞപ്പോള്‍ വഴിമാറിയത് ഐ.പി.എല്‍ ചരിത്രത്തിലെ നിരവധി നാഴികക്കല്ലുകള്‍.
പ്ളേഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും (109) എബി ഡിവില്ലിയേഴ്സിന്‍െറയും(129) കരുത്തില്‍ 144 റണ്‍സിന്‍െറ കൂറ്റന്‍ മാര്‍ജിനിലാണ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ലയണ്‍സിനെ തോല്‍പിച്ചത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ടു സെഞ്ച്വറികള്‍ പിറക്കുന്നതിനും ചിന്നസ്വാമി സാക്ഷിയായി. 229 റണ്‍സ് കൂട്ടുകെട്ടും ഐ.പി.എല്ലിലെ ഉയര്‍ന്നതാണ്. ഈ സീസണില്‍ കോഹ്ലി നേടുന്ന മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്. ആദ്യമായാണ് ഒരു താരം സീസണില്‍ മൂന്ന് സെഞ്ച്വറി നേടുന്നത്.
സ്കോര്‍: ബാംഗ്ളൂര്‍ 20 ഓവറില്‍ രണ്ടു വിക്കറ്റിന് 248. ഗുജറാത്ത് 20 ഓവറില്‍ 104ന് പുറത്ത്. ഗെയ്ല്‍ സമ്പൂര്‍ണപരാജയമായ മത്സരത്തില്‍ ഡിവില്ലിയേഴ്സും കോഹ്ലിയും കത്തിക്കയറുകയായിരുന്നു. തുടക്കംമുതല്‍ ഡിവില്ലിയേഴ്സ് ആക്രമണമൂഡിലായിരുന്നു. കോഹ്ലിയാകട്ടെ ഡിവില്ലിയേഴ്സിന് പിന്തുണനല്‍കി മുന്നേറി. അവസാന അഞ്ച് ഓവറില്‍ 105 റണ്‍സാണ് ബാംഗ്ളൂരിന്‍െറ സ്കോര്‍ബോര്‍ഡില്‍ എത്തിയത്.
16ാം ഓവറിലാണ് ഡിവില്ലിയേഴ്സ് സെഞ്ച്വറി കടക്കുന്നത്. 43 പന്തില്‍ ഒമ്പത് ഫോറുകളുടെയും എട്ടു സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു 100 തൊട്ടത്. അപ്പോള്‍ കോഹ്ലി 40 പന്തില്‍ 51 റണ്‍സ്. പിന്നെയുള്ള നാലോവര്‍ കോഹ്ലിയുടെ ആറാട്ടായിരുന്നു. തനിക്ക് സിക്സറടിക്കാനുള്ള വൈദഗ്ധ്യമില്ളെന്ന് കോഹ്ലി കള്ളം പറയുകയായിരുന്നു. എട്ടു സിക്സറുകളാണ് കോഹ്ലി പറത്തിയത്. 18, 19 ഓവറുകളില്‍ 30 റണ്‍സ് വീതം ഇരുവരും അടിച്ചെടുത്തു. ഏറിയപങ്കും കോഹ്ലിയുടെ ബാറ്റില്‍നിന്നായിരുന്നു. കോഹ്ലി അവസാനം നേടിയ 58 റണ്‍സ് വെറും 14 പന്തുകളില്‍നിന്നായിരുന്നു. 12 സിക്സറുകളും എട്ടു ഫോറുകളും സഹിതമാണ് ഡിവില്ലിയേഴ്സ് 129 റണ്‍സിലത്തെിയത്. ചെലവിട്ടതാകട്ടെ വെറും 52 പന്തുകളും. മൂന്നോവറില്‍ 50 റണ്‍സ് വഴങ്ങിയ ശിവില്‍ കൗശിക്കാണ് കൂടുതല്‍ തല്ലുവാങ്ങിയത്. ഡ്വെ്ന്‍ ബ്രാവോ മൂന്നോവറില്‍ 46 റണ്‍സ് വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.