???????????????????? ???????????? ???? ??????? ??????????? ????????

കൊല്‍ക്കത്ത പുറത്ത്

ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ ആദ്യ എലിമിനേറ്റര്‍ പരീക്ഷണം കടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 22 റണ്‍സിന് തോല്‍പിച്ച ഹൈദരാബാദ്, രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ വെള്ളിയാഴ്ച ഗുജറാത്ത് ലയണ്‍സിനെ നേരിടും. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത്, ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് തോല്‍വി വഴങ്ങുകയായിരുന്നു. ക്വാളിഫയര്‍ രണ്ടിലെ വിജയികള്‍ക്ക് ഫൈനലില്‍ ഇടംനേടാം. 29നാണ് കലാശപ്പോരാട്ടം.

ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്ല മൈതാനിയിലെ മത്സരത്തില്‍ ടോസിലെ വിജയം കൊല്‍ക്കത്തക്കായിരുന്നു. ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഹൈദരാബാദ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സുമായി മടങ്ങി. വിജയപ്രതീക്ഷയോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് പക്ഷേ, ഒന്നും ശരിയായില്ല. റോബിന്‍ ഉത്തപ്പയും (11), ഗൗതം ഗംഭീറും (28), യൂസുഫ് പത്താനും (2) ഉത്തരവാദിത്തം മറന്ന് ബാറ്റുവീശിയപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സില്‍ ചെറുത്തുനില്‍പ് അവസാനിച്ചു. കൊല്‍ക്കത്ത പുറത്തേക്കും പ്രതീക്ഷ നിലനിര്‍ത്തി ഹൈദരാബാദ് അടുത്ത ഘട്ടത്തിലേക്കും. ഭുവനേശ്വര്‍ കുമാര്‍ മൂന്നും മോയ്സസ് ഹെന്‍റിക്വസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയാണ് കൊല്‍ക്കത്ത ബാറ്റിങ്ങിനെ പിടിച്ചുകെട്ടിയത്.

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് തുടക്കത്തില്‍ അടിതെറ്റിയെങ്കിലും മധ്യനിരയില്‍ മികച്ച ഷോട്ടുകളുമായി കളി നയിച്ച യുവരാജ് സിങ്ങും (30 പന്തില്‍ 44), ദീപക് ഹൂഡയും (13 പന്തില്‍ 21) മികച്ച തുണയായി. കരുതലോടെ തുടങ്ങിയ ഓപണര്‍ ശിഖര്‍ ധവാന്‍െറ വിക്കറ്റ് (10) രണ്ടാം ഓവറില്‍തന്നെ നഷ്ടമായിരുന്നു. എന്നാല്‍, രണ്ടാം വിക്കറ്റില്‍ മോയ്സസ് ഹെന്‍റിക്വസും (33) ഡേവിഡ് വാര്‍ണറും (28) ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് ഉയര്‍ത്തി. പത്താം ഓവറിലാണ് സഖ്യം പിളര്‍ന്നത്. അതേ ഓവറില്‍ വാര്‍നറും (28) പുറത്തായി. പിന്നാലെ, വെടിക്കെട്ട് വീര്യവുമായി യുവരാജ് സിങ് ആഞ്ഞടിച്ചതോടെ ഹൈദരാബാദ് റൈറ്റ് ട്രാക്കിലായി. ബെന്‍ കട്ടിങ് (0), നമാന്‍ ഓജ (7), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരുടെ വിക്കറ്റും ഹൈദരാബാദിന് നഷ്ടമായി. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച മോയ്സസ് ഹെന്‍റിക്വസാണ് കളിയിലെ കേമന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.