?????? ????? ??, ?????? ?????????

ബംഗളൂരു: അവസാന തുള്ളിചോര വീഴുംവരെയും വീര്യംചോരാത്ത പടനായകരെന്ന് തെളിയിച്ച രണ്ടുപേരുടെ പോരാട്ടം. കാറ്റിലും കോളിലുംപെട്ട് ആടിയുലഞ്ഞ് തകരാന്‍ തുടങ്ങുന്ന കപ്പലിനെ അപാരമായ ചങ്കൂറ്റത്തോടെ വിജയതീരമണിയിച്ച രണ്ടുപേരുടെ നെടുനായകത്വം. ഐ.പി.എല്‍ ഒമ്പതാം സീസണിലെ കലാശപ്പോരാട്ടത്തിന് ഞായറാഴ്ച ക്രീസ് ഉണരുമ്പോള്‍ ഇവരില്‍ ആരാവും അന്തിമജേതാവ്. ബാംഗ്ളൂര്‍ റോയല്‍സിന്‍െറ സൂപ്പര്‍ നായകന്‍ വിരാട് കോഹ്ലിയോ അതോ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍െറ ഡേവിഡ് വാര്‍നറോ?

ബാംഗ്ളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രിയിലെ കലാശപ്പോരാട്ടത്തില്‍ ആര് കപ്പുയര്‍ത്തിയാലും ഐ.പി.എല്ലിലെ പുതിയ ജേതാക്കളാവും. പ്രഥമ സീസണ്‍ മുതല്‍ പ്രീമിയര്‍ ലീഗിലെ സാന്നിധ്യമാണെങ്കിലും കപ്പില്‍ തൊടാന്‍ ബംഗളൂരുകാരുടെ അഭിമാന സംഘത്തിന് കഴിഞ്ഞിട്ടില്ല. 2009, 2011 സീസണുകളില്‍ ഫൈനലിലത്തെിയെങ്കിലും കപ്പില്‍ തൊടാതെ മടങ്ങാനായിരുന്നു വിധി. 2010ല്‍ സെമി ഫൈനലിലും വീണു.എതിരാളിയായ ഹൈദരാബാദിന് 2013ലായിരുന്നു അരങ്ങേറ്റം. പ്രഥമ സീസണില്‍ പ്ളേഓഫിലത്തെിയതല്ലാതെ  പിന്നീട് ഗ്രൂപ്പിനപ്പുറം കടക്കാനായിട്ടില്ല. ഇക്കുറി ഫൈനലിലത്തെുമ്പോള്‍ ഏറ്റവും മികച്ച ടീമും മികച്ച പ്രകടനവുമാണ് കരുത്ത്.

നോണ്‍സ്റ്റോപ് ബാംഗ്ളൂര്‍

ഗ്രൂപ് റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പിച്ചുകൊണ്ടായിരുന്നു ബാംഗ്ളൂരിന്‍െറ തുടക്കം. പക്ഷേ, തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ (ഡല്‍ഹി, മുംബൈ) ടീമിന്‍െറ അടിത്തറയിളക്കി. നാലാമങ്കത്തില്‍ പുണെക്കെതിരെ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ വീണ്ടും പ്രതിരോധത്തിലാക്കി. പ്ളേഓഫ് സാധ്യതതന്നെ മങ്ങിയ ഘട്ടത്തില്‍ അവസാന ഏഴില്‍ ആറും ജയിച്ചുകയറിയാണ് കിരീടഫേവറിറ്റുകളുടെ പട്ടികയില്‍ മുന്നിലത്തെുന്നത്. ഗുജറാത്ത് ലയണ്‍സ് (144 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് (9 വിക്കറ്റ്), പഞ്ചാബ് കിങ്സ് ഇലവന്‍ (82 റണ്‍സ്), ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് (6 വിക്കറ്റ്), ക്വാളിഫയര്‍ ഒന്നില്‍ വീണ്ടും ഗുജറാത്തിനെതിരെ (4 വിക്കറ്റ്). ഇതായിരുന്നു ബാംഗ്ളൂരിന്‍െറ അവസാന അഞ്ചു ഫലങ്ങള്‍. ശരിയായ സമയത്ത് ശരിയായ താളത്തിലേക്കുയര്‍ന്നീ സ്വപ്നസംഘം.

കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള നായകന്‍ വിരാട് കോഹ്ലിയാണ് ബാംഗ്ളൂരിന്‍െറ കരുത്ത്. ക്രിസ് ഗെയ്ലിനൊപ്പം ഇന്നിങ്സ് ഓപണ്‍ചെയ്യുന്ന കോഹ്ലിയുടെ ബാറ്റിന് ചൂടുപിടിച്ചാല്‍ ബാംഗ്ളൂരിന്‍െറ മാര്‍ജില്‍ 200നോടടുക്കും. 15 കളിയില്‍ 919 റണ്‍സ് നേടിയ കോഹ്ലി അടിച്ചുകൂട്ടിയത് ആറ് അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും. ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ 113 റണ്‍സ്. 81 റണ്‍സ് കൂടി നേടിയാല്‍ ഐ.പി.എല്‍ ഒരു സീസണില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന പദവിയാവും ഇന്ത്യന്‍ നായകനെ തേടിയത്തെുന്നത്. അതിനുള്ള അവസാന ചാന്‍സ് കൂടിയാണ് ഇന്നത്തെ കലാശപ്പോരാട്ടം. കോഹ്ലി പരാജയപ്പെട്ടാലും തീരുന്നില്ല ബാംഗ്ളൂരിന്‍െറ വിജയസാധ്യതകള്‍. എ.ബി. ഡിവില്ലിയേഴ്സ് (682 റണ്‍സ്, ഒരു സെഞ്ച്വറി, 6 അര്‍ധസെഞ്ച്വറി), ലോകേഷ് രാഹുലാണ് റണ്‍വേട്ടയിലെ മൂന്നാമന്‍ (386).

ഗ്രൂപ് സ്റ്റേജിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെതിരായ ക്വാളിഫയര്‍ പോരാട്ടത്തില്‍ കോഹ്ലി തളര്‍ന്നപ്പോള്‍ ഡിവില്ലിയേഴ്സിന്‍െറ തകര്‍പ്പന്‍ പ്രകടനമായിരുന്നു ബാംഗ്ളൂരിനെ ഫൈനലിലത്തെിച്ചത്. ഈ വിസ്ഫോടനത്തെ തടയിടുകയെന്നതായും ഹൈദരാബാദ് നേരിടുള്ള പ്രധാന വെല്ലുവിളിയും. മുന്‍നിരയുടെ തുടക്കമേറ്റെടുക്കാന്‍ മധ്യനിരയില്‍ മലയാളിതാരം സചിന്‍ ബേബി,  ഇഖ്ബാല്‍ അബ്ദുല്ല, സ്റ്റുവര്‍ട്ട് ബിന്നി, ഷെയ്ന്‍ വാട്സന്‍ എന്നിവരും തയാറാണ്. ബൗളിങ് ഡിപാര്‍ട്മെന്‍റിലും ബാംഗ്ളൂര്‍ സുരക്ഷിതരാണ്. വിക്കറ്റ് വേട്ടയിലും രണ്ടും മൂന്നും സ്ഥാനത്തുള്ള ഷെയ്ന്‍ വാട്സനും (20), യുസ്വേന്ദ്ര ചഹലുമാണ് (20) ആതിഥേയ ടീമിന്‍െറ കരുത്ത്. വൈകിയത്തെിയ ക്രിസ് ജോര്‍ദനും ശ്രീനാഥ് അരവിന്ദും പ്രതീക്ഷ നല്‍കുന്നു.

ഓള്‍റൗണ്ട് ഹൈദരാബാദ്

റോയല്‍ ചലഞ്ചേഴ്സിനെപ്പോലെ നായകന്‍ വാര്‍നറാണ് ഹൈദരാബാദിന്‍െറ കുതിപ്പിലെയും കരുത്ത്. ഫൈനലിലേക്ക് ആദ്യമായി ഉദിച്ചുകയറിയ സണ്‍റൈസേഴ്സ് ആദ്യ രണ്ടു കളിയിലും തോറ്റുകൊണ്ടായിരുന്നു തുടക്കം. പിന്നെ തുടര്‍ച്ചയായി മൂന്ന് ജയം. ഇടവേളയില്‍ തകരുമ്പോള്‍ തുടര്‍ച്ചയായി ജയിച്ച് നേരത്തേതന്നെ പ്ളേഓഫില്‍ ഇടം ഉറപ്പിക്കാന്‍ ഹൈദരാബാദുകാര്‍ക്കായി.

കൊട്ടിഘോഷിക്കാനുള്ള താരസാന്നിധ്യമൊന്നുമില്ളെങ്കിലും ഓള്‍റൗണ്ട് മികവായിരുന്നു എന്നും വിജയത്തിലെ തുണ. ഡേവിഡ് വാര്‍നറും ശിഖര്‍ ധവാനും നയിക്കുന്ന ഓപണിങ്ങും മോയ്സസ് ഹെന്‍റിക്വസ്, യുവരാജ് സിങ്, ദീപക് ഹൂഡ, ബെന്‍ കട്ടിങ്, നമാന്‍ ഓജ എന്നിവരും മധ്യനിരയും അവസരത്തിനൊത്ത് എപ്പോഴും ഉയര്‍ന്നു. റണ്‍വേട്ടയില്‍ കോഹ്ലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഡേവിഡ് വാര്‍നര്‍ (779). ധവാന്‍ (473) ഏഴാമതും. ബൗളിങ് സെക്ഷനും അതിശക്തം. പര്‍പ്പ്ള്‍ ക്യാപ്പിനുടമയായ ഭുവനേശ്വര്‍ കുമാറും (23 വിക്കറ്റ്), ഏഴാമതുള്ള മുസ്തഫിസുര്‍ റഹ്മാനും (16) ഏത് കരുത്തുറ്റ ബാറ്റിങ് നിരയെയും തരിപ്പണമാക്കാനുള്ള കരുത്ത് ഹൈദരാബാദിന് നല്‍കുന്നു. എലിമിനേറ്ററില്‍ കൊല്‍ക്കത്തക്കെതിരെ നേടിയ 22 റണ്‍സ് ജയവും, ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ നേടിയ നാലു വിക്കറ്റ് ജയവും മികവിന് അടിവരയിടുന്നു. വാര്‍നറുടെ ഒറ്റയാന്‍ മികവായിരുന്നു ഗുജറാത്തിനെ വീഴ്ത്താന്‍ കരുത്തായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.