പുതിയ രൂപം പുതിയ ഭാവം; ഇത് പഴയ ചോപ്രയല്ല

തിരുവനന്തപുരം: ‘മൈക്കലിനെ നിങ്ങള്‍ വെറുതേവിട്ടേക്കൂ. ഫീല്‍ഡില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവന് നന്നായി അറിയാം. മൂന്നാം സീസണില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ഏറ്റവുംവലിയ കരുത്താണ് മൈക്കല്‍. അവന്‍െറ കാലുകളില്‍ നിന്നുണ്ടാകുന്ന നീക്കങ്ങളായിരിക്കും ബ്ളാസ്റ്റേഴ്സിന്‍െറ തലവരയെഴുതുന്നത്’. ഗ്രീന്‍ഫീല്‍ഡില്‍ മലയാളിതാരം മുഹമ്മദ് റാഫിക്കൊപ്പം പന്തുതട്ടിക്കൊണ്ടിരുന്ന മൈക്കല്‍ ചോപ്രയെ നോക്കി കോച്ച് സ്റ്റീഫ് കോപ്പല്‍ പറഞ്ഞു. കോപ്പല്‍ പറഞ്ഞത് ശരിയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. ആദ്യ സീസണില്‍ കണ്ട ചോപ്രയല്ല ഇപ്പോള്‍ ഫീല്‍ഡില്‍. ശരീരഭാരം നന്നായി കുറച്ചു. കണിശതയാര്‍ന്ന ലോങ് പാസുകള്‍. ഇടക്ക് ടീം അംഗങ്ങളെ വകഞ്ഞുമാറ്റി പ്രതിരോധ നിരയില്‍ വിള്ളല്‍ തീര്‍ത്ത് ഗോളി ഗ്രാം സ്റ്റാക്കിനുനേരെ ബുള്ളറ്റ് ഷോട്ടുകള്‍. ചിലത് വലയില്‍ തുളച്ചുകയറി. മറ്റുള്ളവ തട്ടിയകറ്റാന്‍ സ്റ്റാകും നന്നായി വിയര്‍ത്തു. ഐ.എസ്.എല്‍ മൂന്നാം സീസണിലെ വിശേഷങ്ങള്‍ ‘മാധ്യമ’വുമായി പങ്കുവെച്ച് മൈക്കല്‍ ചോപ്ര.
ബ്ളാസ്റ്റേഴ്സില്‍ രണ്ടാമൂഴം
സത്യംപറഞ്ഞാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആവേശത്തിലാണ് ഞാന്‍. ആദ്യസീസണില്‍ എനിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. അതിന് പ്രധാനകാരണം ഐ.എസ്.എല്ലിനെ വിലകുറച്ച് കണ്ടതായിരുന്നു. ഒരുമാസം നടക്കുന്ന ടൂര്‍ണമെന്‍റിന് ഇത്രയൊക്കെ മതിയെന്ന് വിചാരിച്ച് ഫിറ്റ്നസ് കാത്തൂസൂക്ഷിച്ചില്ല. ഫലമോ ശരീരം അമിതമായി തടിച്ചു. ക്യാമ്പിലത്തെിയ ശേഷം ഡേവിഡ് ജെയിംസിന്‍െറ മേല്‍നോട്ടത്തില്‍ നടത്തിയ പരിശീലനത്തിലാണ് തടി അല്‍പം കുറഞ്ഞത്. ഓവര്‍ സ്ട്രെയിന്‍ എടുത്തതോടെ ഇടതുകാലിലെ പിന്‍തുടയിലെ ഞരമ്പിന് പരിക്കേറ്റു. ഇത് ഭേദമായി വരവെ കാല്‍കുഴക്കും പരിക്കേറ്റതോടെ രണ്ടാം സീസണില്‍ ടീമിന് പുറത്താവുകയായിരുന്നു. കരിയര്‍ ഏതാണ്ട് അസ്തമിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് വീണ്ടും ബ്ളാസ്റ്റേഴ്സിലേക്ക് വിളിവരുന്നത്.  
കൊമ്പന്മാരുടെ സാധ്യത
മറ്റ് ടീമുകളെ അപേക്ഷിച്ച് ഞങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ വമ്പന്‍ മീനുകളില്ല. പക്ഷേ, എന്നെപ്പോലുള്ള ചെറുമീനുകളൊക്കെ തന്നെ ഒരുനിമിഷം കിട്ടിയാല്‍ ആരെയും അട്ടിമറിക്കാന്‍ കരുത്തുള്ളവരാണ്. ഇത് ഫുട്ബാള്‍ ആണ്. ഇവിടെ വണ്‍മാന്‍ ഷോ നടക്കില്ല. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞതാണ് ബ്ളാസ്റ്റേഴ്സ്. അന്‍േറാണിയോ,ബെല്‍ഫോര്‍ട്ട്, റാഫി, ജോസ്യു, ജിംങ്കാന്‍, ഗുര്‍വീന്ദര്‍, സ്റ്റാക്ക് തുടങ്ങിയവരൊക്ക തന്നെ കരുത്തരാണ്. ഇതിനെല്ലാം പുറമേയാണ് സ്റ്റീഫ് കോപ്പല്‍ എന്ന കോച്ച്. ഡേവിഡ് ജയിംസിനെക്കാളും ടെയ്ലറെക്കാളും അനുഭവസമ്പത്ത് കോപ്പലിനുണ്ട്.
ഞാന്‍ സ്ലിം ആയില്ളേ
മാനേജ്മെന്‍റ് എന്നിലര്‍പ്പിച്ച വിശ്വാസം പൂര്‍ണമായും കാത്തുസൂക്ഷിക്കണമായിരുന്നു. അതുകൊണ്ട് ശരീരഭാരം കുറക്കാന്‍ തീരുമാനിച്ചു. ഇതിനായി രണ്ടാഴ്ച പുണെ ഡി.എസ്.കെ ശിവാജിയന്‍സിന് കീഴില്‍ പരിശീലിച്ചു. ഇതിന് പുണെ ടീം മാനേജ്മെന്‍റിനോട് അതിയായ കടപ്പാടുണ്ട്. മൂന്നാം സീസണിന് മുന്നോടിയായുള്ള പ്രീ സെക്ഷന്‍ ക്യാമ്പിന് ഇത് ഏറെ സഹായമായിട്ടുണ്ട്.
രണ്ടാം സീസണിലെ വീഴ്ച
സ്ഥിരതയും ഒത്തിണക്കവും ഏതൊരു ടീമിനെ സംബന്ധിച്ചും അവിഭാജ്യഘടകമാണ്. ഇവ ഇല്ലാതെപോയതാണ് രണ്ടാം സീസണില്‍ നമ്മളെ പുറകോട്ടടിച്ചത്. അംഗങ്ങള്‍ നല്ല മാനസിക ഐക്യത്തിലാണ്. ഓരോരുത്തരും നന്നായി പ്രാക്ടീസ് ചെയ്യുന്നു. നിര്‍ഭാഗ്യം എതിരാളികളായില്ളെങ്കില്‍ ബ്ളാസ്റ്റേഴ്സ് ചരിത്രമെഴുതും.
ഐ.എസ്.എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്ബാള്‍ വളരില്ല
ഐ.എസ്.എല്‍കൊണ്ട് ഇന്ത്യന്‍ ഫുട്ബാളിന് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇതൊരു ചെറിയ ടൂര്‍ണമെന്‍റാണ്. പുതിയ താരങ്ങള്‍ വളരണമെങ്കില്‍ ഇനിയും ടൂര്‍ണമെന്‍റുകള്‍ വേണം. ഗ്രാസ് റൂട്ട് ലെവലില്‍നിന്ന് താരങ്ങളെ കണ്ടത്തെി മികച്ച രീതിയിലുള്ള പരിശീലനം നല്‍കണം. ബ്ളാസ്റ്റേഴ്സ് അക്കാദമിയുടെ ശ്രമങ്ങള്‍ ഇത്തരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.