കാണ്‍പൂര്‍: കാര്യങ്ങളെല്ലാം ഇന്ത്യ വിചാരിച്ചപോലെ ഭംഗിയായി മുന്നേറുന്നുണ്ട്. സ്പിന്നിന് അനുകൂലമായി തയാറാക്കിയ പിച്ചില്‍ പതിവുപോലെ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ രണ്ടാം ഇന്നിങ്സിലും കറങ്ങിവീഴുന്നു. 500ാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രവിജയം കുറിക്കാന്‍ വീഴ്ത്തേണ്ടത് ആറ് വിക്കറ്റ്. ഒരു ദിവസത്തെ കളി ശേഷിക്കെ അതിശയം തീര്‍ത്ത് വിജയം സ്വന്തമാക്കണമെങ്കില്‍ ന്യൂസിലന്‍ഡുകാര്‍ കണ്ടെത്തേണ്ടത് 341 റണ്‍സ്. ഇന്ത്യ 318,അഞ്ചിന് 377 ഡിക്ളയേഡ്. ന്യൂസിലന്‍ഡ് 262, നാലിന് 93.
നാലാം ദിവസം ചായക്കുശേഷം ഡിക്ളയര്‍ ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിന് വെച്ചുനീട്ടിയത് 434 എന്ന ഏറക്കുറെ അപ്രാപ്യമായ ലക്ഷ്യം. ആദ്യ ഓവര്‍ മുഹമ്മദ് ഷമിയെ ഏല്‍പിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലി രണ്ടാം ഓവറില്‍ അശ്വിനെ ഇറക്കി ഉദ്ദേശ്യം വ്യക്തമാക്കി. അശ്വിന്‍െറ രണ്ടാം ഓവര്‍ സംഭവബഹുലമായിരുന്നു. ആദ്യ പന്ത് ആഞ്ഞടിച്ച മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍െറ ബാറ്റില്‍നിന്ന് പാഡില്‍ തട്ടി ഉയര്‍ന്ന പന്ത് ഷോര്‍ട്ട് ലെഗില്‍ മുരളി വിജയിന്‍െറ കൈയിലൊതുങ്ങി. റണ്ണെടുക്കാതെ ഗുപ്റ്റില്‍ പുറത്ത്. അതേ ഓവറിലെ അഞ്ചാം പന്തില്‍ അശ്വിന്‍ മറ്റൊരു ഓപണറായ ടോം ലാഥമിനെ വീഴ്ത്തി. മനോഹരമായി കറങ്ങിത്തിരിഞ്ഞ അശ്വിന്‍െറ പന്തില്‍ ഗതിയറിയാതെ ലാഥം കുടുങ്ങിയപ്പോള്‍ അമ്പയര്‍ക്ക് വിരലുയര്‍ത്താന്‍ അമാന്തിക്കേണ്ടിവന്നില്ല.
ഇന്നിങ്സ് രക്ഷിക്കാനുള്ള ഉത്തരവാദിത്തവുമായി ക്രീസിലത്തെിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തലവേദന സൃഷ്ടിക്കുമെന്നു തോന്നിച്ചപ്പോള്‍ വീണ്ടും അശ്വിന്‍ അക്രമാസക്തനായി സ്പിന്നിന് അനുകൂലമായ ഇന്ത്യന്‍ പിച്ചില്‍ എങ്ങനെ ബാറ്റ് വീശണമെന്നറിയാതെ ക്യാപ്റ്റനും ലാഥമിനെ അനുകരിച്ച് വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. 25 റണ്‍സായിരുന്നു കെയ്ന്‍ വില്യംസന്‍െറ സംഭാവന. അശ്വിന്‍ തന്‍െറ ടെസ്റ്റ് കരിയറിലെ 200ാം വിക്കറ്റും സ്വന്തമാക്കി.
സ്കോര്‍ 56ല്‍ എത്തിയപ്പോള്‍ റോസ് ടെയ്ലര്‍ റണ്ണൗട്ടായത് കിവികള്‍ക്ക് കനത്ത തിരിച്ചടിയായി. അപ്രതീക്ഷിതമായിരുന്നു ടെയ്ലറുടെ പുറത്താകല്‍. അശ്വിന്‍െറ പന്തില്‍ ലുക് റോഞ്ചി ഒരു റണ്‍ പൂര്‍ത്തിയാക്കി രണ്ടാം റണ്ണിന് ഓടിയതാണ് വിനയായത്. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ സുരക്ഷിതമായി ക്രീസില്‍ കയറി എന്ന് ഉറപ്പിച്ചതാണ്. പക്ഷേ, മിഡ്വിക്കറ്റില്‍നിന്ന് ഉമേഷ് യാദവ് നേരിട്ടെറിഞ്ഞ പന്ത് സ്റ്റംപിളക്കുമ്പോള്‍ ടെയ്ലറുടെ ബാറ്റ് ക്രീസിന്‍െറ ലൈന്‍ കടന്നിരുന്നെങ്കിലും നിലത്തു മുട്ടിയിരുന്നില്ല. ഏറെ നേരത്തെ പരിശോധനക്കുശേഷം മൂന്നാം അമ്പയര്‍ ഒൗട്ട് വിധിച്ചു.
തുടര്‍ന്ന് ക്രീസിലത്തെിയ മിച്ചല്‍ സാന്‍റ്നറെ കൂട്ടുപിടിച്ച് ലുക് റോഞ്ചി നാലാം ദിവസത്തെ കളി പൂര്‍ത്തിയാക്കുമ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ നാല് വിക്കറ്റിന് 93.
നേരത്തെ ചായ കഴിഞ്ഞ ഉടനെയാണ് വമ്പന്‍ സ്കോറിന്‍െറ ബലത്തില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തത്. അര്‍ധ സെഞ്ച്വറി നേടിയ മുരളി വിജയ്, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവരുടെ മികച്ച പ്രകടനവും രഹാനെയുടെ 40 റണ്‍സും ഇന്ത്യക്ക് തുണയായി. 159ന് ഒന്ന് എന്ന തലേദിവസത്തെ സ്കോറുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 26 റണ്‍സു കൂടി ചേര്‍ത്തപ്പോള്‍ 76 റണ്‍സെടുത്ത മുരളി വിജയിനെ നഷ്ടമായി. ഇടങ്കൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നറുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു മുരളി പുറത്തായത്. 229 പന്തില്‍ എട്ട് ഫോറും ഒരു സിക്സറുമടക്കമായിരുന്നു മുരളി 76 റണ്‍സ് കുറിച്ചത്. മറുവശത്ത് ഉറച്ചുനിന്ന ചേതേശ്വര്‍ പുജാരക്ക് കൂട്ടായി ക്രീസിലത്തെിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രണ്ടാം ഇന്നിങ്സിലും പരാജയമായി. സ്പിന്നര്‍ മാര്‍ക് ക്രെയ്ഗിനെ സ്വീപ് ചെയ്യാനുള്ള ശ്രമം പിഴച്ചപ്പോള്‍ ഉയര്‍ന്നുപൊന്തിയ പന്ത് ഇഷ് സോഥിയുടെ കൈകളില്‍ ഭദ്രമായി. 40 പന്തില്‍ 18 റണ്‍സ് മാത്രം ചേര്‍ക്കാനേ കോഹ്ലിക്കായുള്ളൂ. 14 റണ്‍സുകൂടി ചേര്‍ത്തപ്പോള്‍ ടോപ് സ്കോറര്‍ ചേതേശ്വര്‍ പുജാരയും പുറത്തായി. സോഥിയുടെ പന്തില്‍ സ്ലിപ്പില്‍ റോസ് ടെയ്ലര്‍ മനോഹരമായി പിടിച്ച് പുറത്താകുമ്പോള്‍ പുജാര 78 റണ്‍സ് ചേര്‍ത്തിരുന്നു. ഇതില്‍ 10 ബൗണ്ടറിയും അടങ്ങുന്നു.
അടുത്ത ഊഴം രഹാനെയുടേതായിരുന്നു. 40 റണ്‍സെടുത്ത രഹാനെയെ മിച്ചല്‍ സാന്‍റ്നര്‍ വീഴ്ത്തി. സ്ലിപ്പില്‍ ഇക്കുറിയും റോസ് ടെയ്ലറിനുതന്നെ ക്യാച്ച്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ രോഹിത്ശര്‍മക്ക് കൂട്ടായത്തെിയ രവീന്ദ്ര ജദേജ ആക്രമണ മൂഡിലായിരുന്നു. 93 പന്തില്‍ 68 റണ്‍സ് നേടിയ രോഹിതിന്‍െറ ഇന്നിങ്സിന് എട്ട് ബൗണ്ടറികളും അഴകുചാര്‍ത്തി. ടെസ്റ്റില്‍ 1000 റണ്‍സും രോഹിത് തികച്ചു. മറുവശത്ത് ജദേജ മൂന്നു സിക്സറുകള്‍ക്കും തീകൊടുത്തി. 58 പന്തില ജദേജ അര്‍ധ സെഞ്ച്വറി തികച്ചയുടന്‍ കോഹ്ലി ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. ആറാം വിക്കറ്റില്‍ 100 റണ്‍സാണ് അപരാജിതരായ രോഹിത്-ജദേജ സഖ്യം പടുത്തുയര്‍ത്തിയത്. സ്പിന്നര്‍മാര്‍ക്ക് വിലസാന്‍ പാകത്തില്‍ ഒരുക്കിയ ഗ്രീന്‍ പാര്‍ക്കിലെ വാരിക്കുഴിയില്‍ അവസാനദിവസം ആറ് വിക്കറ്റുമായി കിവികള്‍ എത്രകണ്ടു ചെറുത്തുനില്‍ക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.