ലണ്ടൻ: നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കി െഎ.സി.സി ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. റണ്ണൊഴുകിയ കെന്നിങ്ടൺ ഒാവലിലെ മൈതാനത്ത് ബംഗ്ലാദേശിനെതിരെ എട്ടു വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് തമീം ഇഖ്ബാൽ സെഞ്ച്വറിയുടെ ബലത്തിൽ 50 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് 16 പന്ത് ബാക്കിയിരിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയംകണ്ടു.
അപരാജിത സെഞ്ച്വറിയുമായി കളംനിറഞ്ഞ ജോ റൂട്ടും (133) അഞ്ച് റൺസകലെ സെഞ്ച്വറി നഷ്ടമായ അലക്സ് ഹെയിൽസുമാണ് (95) ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങ് കാഴ്ചവെച്ചത്. ക്യാപ്റ്റൻ ഒായിൻ മോർഗൻ (75) റൂട്ടിനൊപ്പം പുറത്താവാതെ നിന്നു. ജേസൺ റോയ് (ഒന്ന്) ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ.
നേരത്തേ, ആതിഥേയ ബൗളിങ് നിരയെ അടിച്ചുപരത്തി തമീം ഇഖ്ബാലും വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീമും(79) ആണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നേടിയ ഇം ഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ ബംഗ്ലാദേശിനെ എറിഞ്ഞിടാമെന്ന് കണുക്കുകൂട്ടി ബൗളിങ് തെരെഞ്ഞടുക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റെൻറ തീരുമാനം തെറ്റുന്നതായിരുന്നു ഒാവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. കടുവകൾ തുടക്കം മുതലെ ശ്രദ്ധിച്ചുകളിച്ചു. ടീം സ്കോർ 56 എത്തിനിൽക്കെയാണ് സ്വന്തം കാണികളുെട മുന്നിൽ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നേടാനാവുന്നത്. ബെൻ സ്റ്റോക്സിെൻറ പന്തിൽ സൗമ്യ സർക്കാർ (28) സബ് ഫീൽഡർ ബെയർസ്റ്റോക്ക് ക്യാച്ച് നൽകി പുറത്തായി. പിന്നാലെ ഇംറുൽ ഖൈസിനെ പ്ലങ്കറ്റും(19) പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷ വന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഇംഗ്ലണ്ട് ബൗളർമാർക്ക് തകർക്കാൻ പറ്റാത്ത പാർട്ണർഷിപ് പിറക്കുന്നതാണ് പിന്നീട് കണ്ടത്. മുഷ്ഫിഖു റഹീമിനെ (79) കൂട്ടുപിടിച്ച് തമീം ഇഖ്ബാൽ (128) സെഞ്ച്വറി തികച്ച് ടീമിനെ നയിച്ചു.
ഇരുവരും മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത് 166 റൺസ്. തമീമിെൻറ ഒമ്പതാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. മൂന്നു സിക്സും 12 ഫോറുമടങ്ങിയതായിരുന്നു തമീമിെൻറ ഇന്നിങ്സ്. 19.2 ഒാവറിൽ 95/2 എന്നനിലയിൽ ഒരുമിച്ച ഇൗ സഖ്യം പിളരുന്നത് ടീം സ്കോർ 261ൽ എത്തിനിൽക്കവെയാണ്. പ്ലങ്കറ്റിെൻറ പന്തിൽ കീപ്പർ ബട്ട്ലർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്താവുന്നത്.
ഇതേ ഒാവറിൽ മുഷ്ഫിഖുർ റഹീമിനെയും പുറത്താക്കി പ്ലങ്കറ്റ് ഇംഗ്ലണ്ടിനെ കാത്തുരക്ഷിച്ചു. അവസാനത്തിൽ ഷാകിബുൽ ഹസൻ(10), സാബിർ റഹ്മാൻ (24) മഹ്മൂദുല്ല (ആറ് നോട്ടൗട്ട്) മുസദ്ദിഖ് ഹുസൈൻ (രണ്ട് നോട്ടൗട്ട്) എന്നിവർ ചേർന്ന് ടീം സ്കോർ 300 കടത്തുകയായിരുന്നു.
ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബെൻ സ്റ്റോക്സും ജെയ്ക് ബാളും ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.