മുംബൈ: കൊറോണ ഭീഷണി മൂലം കായിക മേഖല പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ക്രിക്കറ്റിെൻറ എക്കാലത്തെയും ക്ല ാസിക് ഫോം ആയ ടെസ്റ്റിൽ നിന്നും വൈറസ് പ്രതിരോധത്തിന് പാഠങ്ങളുൾക്കൊള്ളാമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കർ. കോവിഡ് ഭീഷണി നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ പ്രതിരോധത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് സചിൻ കണ്ടെത്തിയ പ്രായോഗിക പാഠങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കളിക്കളങ്ങൾ നിർജീവമായതുപോലൊരു പ്രതിസന്ധി തെൻറ കരിയറിലൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും സചിൻ വ്യക്തമാക്കുന്നു. െകാറോണയെ ‘ബൗണ്ടറി’ കടത്താനുള്ള സചിൻ ടിപ്സ് ഇതൊക്കെയാണ്.
ക്ഷമയുടെ വലിയ പാഠം
ക്ഷമയുടെ വലിയ പാഠമാണ് ടെസ്റ്റ് ക്രിക്കറ്റ് പഠിപ്പിക്കുന്നത്. പിച്ചിെൻറ അവസ്ഥയോ പന്തുകളുടെ മാറുന്ന ഗതിയോ മനസ്സിലാകാതെ വരുേമ്പാൾ ടെസ്റ്റിലെ ഏറ്റവും വലിയ ആക്രമണമായി പ്രതിരോധം മാറുന്നു. നിങ്ങൾക്കു മനസ്സിലാകാത്ത കാര്യങ്ങളെ ക്ഷമയോടെ പ്രതിരോധിക്കാനുള്ള പാഠമാണ് ടെസ്റ്റ് ക്രിക്കറ്റ് പകരുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമുക്കേറ്റവും അത്യാവശ്യം ഇതേ ക്ഷമയാണ്.
ടീം വർക്ക് പ്രധാനം
നിശ്ചിത ഓവർ മത്സരങ്ങൾ, ഏകദിനമായാലും ട്വൻറി20 ആയാലും വ്യക്തിഗത പ്രകടനങ്ങൾക്ക് ടീമിനെ ജയിപ്പിക്കാം. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിൽ അങ്ങിനെയല്ല. അവിടെ ടീം വർക്കിനാണ് പ്രാധാന്യം.
ഒരു ബാറ്റ്സ്മാൻ എളുപ്പമുള്ള പന്തുകൾ മാത്രം നേരിടുകയും ബുദ്ധിമുട്ടുള്ള ബോളർ എത്തുേമ്പാൾ കൂടെ നിൽക്കുന്ന താരത്തിന് സ്ട്രൈക്ക് കൊടുക്കുകയും ചെയ്യുന്നെന്ന് കരുതുക. ആദ്യം പറഞ്ഞയാൾക്ക് കൂടുതൽ റൺസ് നേടാനായേക്കും. എന്നാൽ, ടീമിന് അത് ഗുണകരമാകില്ല. കൊറോണയെ നേരിടാനും ടീം വർക്ക് ആവശ്യമാണ്.
ഈ പ്രശ്നം ഇപ്പോഴും ലോക രാജ്യങ്ങൾക്ക് പൂർണമായും മനസ്സിലാക്കാനായിട്ടില്ല. കൃത്യമായ സമയത്ത് പ്രതിരോധത്തിന് നടപടിയെടുക്കാത്ത രാജ്യങ്ങളിൽ വൈറസ് ക്രമാതീതമായി പടരുന്നുമുണ്ട്. നമ്മുടെ സാമാന്യയുക്തിക്ക് നിരക്കാത്ത രീതിയിലാണ് കൊറോണയുടെ വ്യാപനമെന്നത് അംഗീകരിച്ച് അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. ഇക്കാര്യത്തിൽ നാം നമ്മെ മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. ചുറ്റുമുള്ളവരെക്കൂടി പരിഗണിക്കണം.
തിരിച്ചുവരവ് സാധ്യം
തിരിച്ചുവരവുകളുടെ സാധ്യത ഏറെയുള്ള കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ടെസ്റ്റിൽ ഒരു രണ്ടാം ഇന്നിങ്സ് എപ്പോഴും നമ്മളെ കാത്തിരിക്കും. ഒന്നാം ഇന്നിങ്സിലെ പ്രകടനം മോശമായാലും അത് മറികടക്കാനുള്ള അവസരം രണ്ടാം ഇന്നിങ്സിൽ ലഭിക്കും. കൊറോണക്കെതിരായ പോരാട്ടം വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ഘട്ടങ്ങളിലാണ്. പക്ഷേ, ക്രിയാത്മകമായി സമീപിച്ചാൽ സ്വതസിദ്ധമായ ശൈലിയിൽ ഈ വൈറസിനെ വിജയകരമായി പ്രതിരോധിക്കാം. ഈ പോരാട്ടത്തിൽ ‘ഒരേ ടീമിെൻറ ഭാഗമാണ് എല്ലാ രാജ്യങ്ങളു’മെന്ന മനോഭാവമാണ് വേണ്ടത്. ഇതിനായി പരസ്പരം സംസാരിക്കാനും പ്രചോദിപ്പിക്കാനും പിന്തുണക്കാനും നമ്മൾ തയാറാകണം. ഇന്ന് അൽപം മോശം ആണെങ്കിലും കൂടുതൽ കരുത്തോടെ കൂട്ടുകെട്ടു തുടർന്ന് അടുത്ത ദിവസം തിരിച്ചെത്തണം.
അനാവശ്യ ഷോട്ടുകൾ ഒഴിവാക്കണം
അനാവശ്യ ഷോട്ടുകളും റണ്ണും എടുക്കാനുള്ള ശ്രമങ്ങൾ കളിയെ ദോഷമായി ബാധിക്കും. അതുപോലെ ഈ സമയത്ത് അനാവശ്യ യാത്രകളും ഒത്തുചേരലുകളും നമ്മൾ ഒഴിവാക്കണം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജോലിഭാരം ലഘൂകരിക്കാനുള്ള ബാധ്യത നമുക്കുണ്ട്. അനാവശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കിയാൽ പരിശോധിക്കേണ്ട ആളുകളുടെ എണ്ണം കുത്തനെ കുറയ്ക്കാൻ കഴിയും. ഒരാൾ മാത്രമല്ല, എല്ലാവരും ശുചിത്വം പാലിച്ചാലേ വൈറസ് വ്യാപനത്തിന് തടയിടാനാകൂ.
ആരോഗ്യരംഗത്തെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കാൻ തയാറാകണം. ടെസ്റ്റ് ക്രിക്കറ്റിലേതുപോലെ, ഓരോ ഇന്നിങ്സുകളിലായി ഈ വൈറസിനെ നമുക്ക് നേരിടാം. ഒടുവിൽ വിജയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.