ജൊഹനസ്ബർഗ്: ദീർഘകാലത്തേക്ക് ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലിയെ കാണുമെന്ന് ഉറപ്പില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്. ദക്ഷിണാഫ്രിക്കൻ ടെലിവിഷനായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കറിനൊടൊപ്പം സംസാരിക്കവേയായിരുന്നു സ്മിത്തിൻെറ അഭിപ്രായ പ്രകടനം. മുൻ സിംബാബ്വെ ബൗളറായ പൊമീ എംബങ്ക്വയും ഇവർക്കൊപ്പമുണ്ടായിരുന്നു.
കോഹ്ലി തന്നോടൊപ്പം സഹകളിക്കാരുടെ കാര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സ്മിത്ത് പറഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും, നിങ്ങൾ ആ തീവ്രതയെ സ്നേഹിക്കുന്നു, എന്നാൽ നിങ്ങളുടെ ടീമിലെ പങ്കാളികളുടെ കാര്യത്തെക്കുറിച്ച് പലപ്പോഴും ചിന്തിക്കില്ല- സ്മിത്ത് വ്യക്തമാക്കി.
കോഹ്ലിയുടെ അഭിപ്രായങ്ങൾക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ എതിർ ശബ്ദം ഉയരുന്നില്ലെന്നും അത്തരത്തിലൊരാൽ ടീമിൽ ഉണ്ടാകണമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. തൻെറ ആശയങ്ങൾ വെല്ലുവിളിക്കാൻ കഴിയുന്ന ഒരാളെ കോഹ്ലിക്ക് ആവശ്യമുണ്ട്. അദ്ദേഹത്തിന് കോഹ്ലിയെ ഉയർത്താനാകും- സ്മിത്ത് വ്യക്തമാക്കി.
ക്രിയാത്മക ചിന്തകളുള്ള ഒരു വ്യക്തി കോഹ്ലിക്ക് കൂട്ടായി ഉണ്ടെങ്കിൽ, അയാൾക്ക് തുറന്ന് വിമർശിക്കാനും അഭിനന്ദിക്കാനും കഴിയുന്നെങ്കിൽ കോഹ്ലിക്ക് അദ്ദേഹത്തിൻെറ ക്യാപ്റ്റൻസിയിൽ വളർച്ച പ്രാപിക്കാം- സ്മിത്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടെസ്റ്റ് നാളെ ജൊഹനസ്ബർഗിൽ തുടങ്ങാനിരിക്കെയാണ് സ്മിത്തിൻെറ പരാമർശം.
ബി.സി.സി.ഐ ഭരണ സമിതി മുൻ അംഗമായ രാമചന്ദ്ര ഗുഹ അടുത്തിടെ ഒരു ലേഖനത്തിൽ കോഹ്ലിയെ നിശിതമായി വിമർശിവച്ചിരുന്നു. രവി ശാസ്ത്രിയെ ഇന്ത്യൻ കോച്ചായി നിയമിക്കുന്നത് തന്നെ കോഹ്ലിയുടെ തീരുമാനമായിരുന്നെന്നും പ്രതിസന്ധികളില്ലാതെ ടീമിനെ നയിക്കാൻ തനിക്കനുകൂലനായ ഒരാളെ കോഹ്ലി തെരഞ്ഞെടുക്കുകയായിരുന്നെന്നുമായിരുന്നു ഗുഹയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.