കേപ്ടൗൺ: ക്രിക്കറ്റിനെ ജൻറിൽമാൻ ഗെയിം എന്ന് സായിപ്പ് വിളിച്ചത് ഹാഷിം അംലയെന്ന ദ ക്ഷിണാഫ്രിക്കൻ താരത്തിെൻറ പിറവി മുന്നേ കണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്നവരാണ ് അദ്ദേഹത്തിെൻറ ആരാധകക്കൂട്ടം. ക്രീസിലും കരിയറിലും ക്രിക്കറ്റിന് പുറത്തെ ജീവിതത ്തിലും മാന്യതയുടെ ആൾരൂപം. ഗുജറാത്തിലെ സൂറത്തിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്കു കു ടിയേറിയ മുസ്ലിം കുടുബത്തിൽ പിറന്ന് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററും മനുഷ്യ നുമെന്ന മേൽവിലാസം കുറിച്ചാണ് പ്രോട്ടിയാസ് വന്മതിൽ ക്രീസ് വിടുന്നത്.
ക്രീസിലെ സൗമ്യസാന്നിധ്യം പോലെ, ബഹളങ്ങളില്ലാതെ ഒാരോ റെക്കോഡുകളും വെട്ടിപ്പിടിച്ചാണ് അതേ നിശ്ശബ്ദതയോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോടും വിട ചൊല്ലുന്നത്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെയും ഏകദിനത്തിലെ മൂന്നാമത്തെയും റൺവേട്ടക്കാരനായാണ് പാഡയിച്ചത്. ജീവിതത്തിെല ക്ഷമാശീലൻ പക്ഷേ, ഗ്രൗണ്ടിൽ അത്ര ക്ഷമിക്കുന്നവനായിരുന്നില്ല. വേഗത്തിൽ 2000, 3000, 4000, 5000, 6000, 7000 ഏകദിന റൺസ് തികച്ച താരമെന്ന റെക്കോഡ് അംലയുടെ പേരിലാണ്. ഏകദിനത്തിലും ടെസ്റ്റിലും 25ഒാ അതിലധികമോ സെഞ്ച്വറികൾ സ്വന്തമായുള്ള അഞ്ചുതാരങ്ങളിൽ ഒരാളാണ് അംല.
സുവർണ കാലഘട്ടം
ടെസ്റ്റ്
കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളിൽ അൽപം നിറം മങ്ങിയെങ്കിലും അംല സ്ഥാപിച്ച പല റെക്കോഡുകൾക്കും ഇന്നും ഇളക്കം സംഭവിച്ചിട്ടില്ല. ഇൗ ദശകത്തിെൻറ തുടക്കകാലങ്ങൾ അംലയുടേതായിരുന്നു എന്ന് പറയുന്നതാണ് ശരി. 2010-14 കാലയളവിൽ 70 ഇന്നിങ്സിൽ ശരാശരി 66 റൺസായിരുന്നു. ഒരോ 4.4 ഇന്നിങ്സിലും അംല സെഞ്ച്വറിയടിച്ച് കൊണ്ടിരുന്നു. അതേ കാലയളവിൽ വിദേശമണ്ണിലെ റെക്കോഡാണ് ഞെട്ടിക്കുന്നത്. 20 ടെസ്റ്റുകളിൽ നിന്നായി 10 സെഞ്ച്വറികൾ സഹിതം 2253 റൺസ്. ശരാശരിയോ 75.10. അക്കാലയളവിൽ കളിച്ച 15ൽ 10 പരമ്പരയിലും ദക്ഷിണാഫ്രിക്ക വെന്നിക്കൊടി നാട്ടി. ഒരു ദശകക്കാലം മൂന്നാം നമ്പറിലെ പ്രോട്ടിയേസിെൻറ വിശ്വസ്തനായിരുന്നു അംല.
ഏകദിനം
ടെസ്റ്റ് സ്പെഷ്യലിസ്റ്റായി ആദ്യകാലത്ത് തളച്ചിടപ്പെട്ടിരുന്ന അംലക്ക് മൂന്നു വർഷങ്ങൾക്കു ശേഷമാണ് ഏകദിന ടീമിലേക്ക് വാതിൽ തുറന്നത്. ശേഷം ഏകദിനത്തിലെ ഒാരോരോ റെക്കോഡുകൾ താരം തകർക്കുന്ന കാഴ്ചയാണ് കണ്ടത്. 2010-17 കാലയളവിൽ അംല ഏകദിനത്തിൽ അടിച്ചുകൂട്ടിയത് 6533 റൺസ്. വിരാട് കോഹ്ലി (8546) മാത്രമാണ് ഇക്കാര്യത്തിൽ മുന്നിൽ. എന്നാൽ 51 മത്സരങ്ങൾ കൂടുതൽ കളിച്ചാണ് കോഹ്ലി ഇത്രയും സ്കോർ ചെയ്തത്. ടെസ്റ്റിൽ മൂന്നാമനായിറങ്ങുന്ന അംല ഏകദിനത്തിൽ ഏറ്റവും അപകടകാരിയായ ഒാപണറായി മാറും. 178 ഏകദിനങ്ങളിൽ മൂന്നു തവണ മാത്രമാണ് അംല ഒാപണറായല്ലാതെ കളത്തിലിറങ്ങിയത്. ഒാപണറായി ഇറങ്ങി 27 സെഞ്ച്വറികൾ കുറിച്ച അംല, സചിൻ ടെണ്ടുൽകറിനും (45) സനത് ജയസൂര്യക്കും (28) ശേഷം ഇൗ പൊസിഷനിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ കുറിച്ച ബാറ്റ്സ്മാനാണ്.
അചഞ്ചലമായ വിശ്വാസ മാതൃക
കളിക്കളത്തിലെ മികവിനോടൊപ്പംതന്നെ തെൻറ അചഞ്ചലമായ വിശ്വാസവും ഹാഷിം അംലയെ ക്രിക്കറ്റ് ലോകത്ത് വ്യത്യസ്തനാക്കുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിെൻറ സ്പോൺസർമാരായ കാസിൽ ലാങ്ങർ മദ്യക്കമ്പനിയുടെ ലോഗോ ആലേഖനം ചെയ്ത ജഴ്സി അണിയാതെ കളത്തിലിറങ്ങുന്ന അംല വിശ്വാസത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും ഉത്തമ ഉദാഹരണമായി മാറി. ഇക്കാരണംകൊണ്ട് എല്ലാ മത്സരത്തിലും നിശ്ചിത സംഖ്യ പിഴയായി നൽകുന്നു. ആഡംബരവും പണവും അരങ്ങുവാഴുന്ന ക്രിക്കറ്റ് ലോകത്ത് മത്സരശേഷം താരങ്ങൾ നിശാപാർട്ടിക്കും മറ്റുമായി പോകുേമ്പാൾ നേരെ മുറിയിലേക്കു പോകുന്ന അംല പ്രാർഥനാനിരതനായിരിക്കുന്നത് ടീം അംഗങ്ങളിൽ പലരും അത്ഭുതത്തോടെ വിവരിച്ചിട്ടുണ്ട്.
ഒരിക്കൽ ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞതിങ്ങനെ: ‘‘മാനസികമായി ആശ്വാസം വേണ്ടപ്പോൾ ഞാൻ ഇടത്തേക്കു തിരിഞ്ഞുനോക്കും. അവിടെ, ഹാഷിം അംല ഖുർആൻ വായനയിലായിരിക്കും. എെൻറ എല്ലാ സങ്കടങ്ങളും അലിഞ്ഞില്ലാതാവും. അദ്ദേഹമൊരു ഇതിഹാസമാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.