ഇ​ന്ത്യ ആ​റി​ന്​ 248; ലി​യോ​ണി​ന്​ നാ​ല്​ വി​ക്ക​റ്റ്​

ധർമശാല: രണ്ടാം ദിനംതന്നെ പന്ത് തോളിനും മുകളിലേക്ക് ബൗൺസ് ചെയ്യുന്ന പിച്ചിൽ നാലാം ദിനത്തിൽ ബാറ്റ്സ്മാെൻറ കാര്യമെന്താവും. ഇൗ ആലോചനയിലായിരുന്നു നിർണായക ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ക്രീസിലിറങ്ങിയത്. ആസ്ട്രേലിയ കുറിച്ച സ്കോർ മറികടക്കുക മാത്രമല്ല, മികച്ച ലീഡോടെ രണ്ടാം ഇന്നിങ്സിലെ ജോലി ഭാരം കുറക്കുകയും മനസ്സിൽ കണ്ടിരുന്നു. പക്ഷേ, ധർമശാലയിലെ പിച്ചിൽ പണിപാളി. ഒാസീസിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായി 300ന് മറുപടിയാരംഭിച്ച ഇന്ത്യ ഞായറാഴ്ച സ്റ്റംെപടുക്കുേമ്പാൾ ആറിന് 248 റൺസെന്ന നിലയിൽ. സന്ദർശകരുടെ േടാട്ടലിനേക്കാൾ 52 റൺസ് പിന്നിൽ. ഇനി ലീഡ് നേടിയാൽ മഹാഭാഗ്യം. ഒാപണർ ലോകേഷ് രാഹുലിെൻറയും (60), വന്മതിൽ ചേതേശ്വർ പുജാരയുടെയും (57) അർധ സെഞ്ച്വറികൾക്ക് കൂട്ടായി ക്യാപ്റ്റൻ അജിൻക്യ രഹാനെയും (46) ചെറുത്തുനിന്നെങ്കിലും സ്കോർ ബോർഡിൽ കുതിച്ചുപായാൻ ഇന്ത്യക്കായില്ല.  ക്രീസിലുള്ള രവീന്ദ്ര ജദേജയിലും (16), റാഞ്ചിയിലെ സെഞ്ച്വറിക്കാരൻ വൃദ്ധിമാൻ സാഹയിലുമാണ് (10) ഇനി പ്രതീക്ഷകൾ. കുത്തിയുയരുന്ന പന്തുകൾക്കുമുന്നിൽ അമിതാവേശമില്ലാതെ കളിച്ചാൽമാത്രം ആതിഥേയർക്ക് ലീഡ് സ്വപ്നം കാണാം. ഇല്ലെങ്കിൽ നഷ്ടപ്പെടുന്നത് പരമ്പര തന്നെ. 
പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ബൗൺസുകളുമായി ഭയപ്പെടുത്തിയപ്പോൾ നാലു വിക്കറ്റ് വീഴ്ത്തിയ നതാൻ ലിയോണാണ് ഇന്ത്യൻ മധ്യനിരയുടെ അന്തകനായത്.

മധ്യനിര കടപുഴകി
ഒാസീസിനെ ചെറിയ സ്കോറിൽ തളച്ചതിെൻറ ആത്മവിശ്വാസത്തിലായിരുന്നു ഞായറാഴ്ച ഇന്ത്യ ക്രീസിലെത്തിയത്. മുരളി വിജയ്യും ലോകേഷ് രാഹുലും ചേർന്ന് രക്ഷാപ്രവർത്തനത്തിന് തുടക്കമിടുംമുേമ്പ ആദ്യ തിരിച്ചടിയേറ്റു. 36 പന്തിൽ 11 റൺസെടുത്ത വിജയ്െയ ഹേസൽവുഡ് കീപ്പർ വെയ്ഡിെൻറ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ലോകേഷിനൊപ്പം പുജാരയെത്തിയതോടെ തുടക്കത്തിലെ ഇടർച്ച അടിത്തറയാക്കി ഇന്ത്യ സ്കോർ ബോർഡ് ചലിപ്പിച്ചുതുടങ്ങി. പുജാര പതിവുപോലെ തട്ടിയും മുട്ടിയും നീങ്ങിയപ്പോൾ ലോകേഷ് പതിവ് ഫോമിൽ. പ്രതിരോധിച്ചും ഇടവേളയിൽ ബൗണ്ടറിയും ഒരു സിക്സറുമായി അർധസെഞ്ച്വറി കടന്ന് കളംനിറഞ്ഞ ഇന്നിങ്സിൽ ഒരുതവണ മാത്രമേ പിഴച്ചുള്ളൂ. പക്ഷേ, അത് ദുരന്തമായി. ഒാഫ് സ്റ്റംപിന് പുറത്തായി പറന്ന കമ്മിൻസിെൻറ റെഡ് ഹോട് ബൗൺസറിനുനേരെ കണ്ണടച്ചുവീശിയ രാഹുൽ തേഡ്മാനിൽ വാർനറുടെ കൈകളിൽ ഭദ്രം. ഒന്നിന് 100 കടന്ന ഇന്ത്യയുടെ അടിവേരിളക്കിയ പിഴവ്. മൂന്നാം വിക്കറ്റിൽ പുജാരയും രഹാനെയും ചേർന്നായി രക്ഷാപ്രവർത്തനം. കമ്മിൻസിനെ ഒരു ബൗണ്ടറിയും സിക്സറും പറത്തിയായിരുന്നു ക്യാപ്റ്റെൻറ തുടക്കം. അമിതാവേശം അബദ്ധമാവുമെന്ന് തിരിച്ചറിഞ്ഞ രഹാനെ നിയന്ത്രിച്ചു കളിച്ചു. മറുതലക്കൽ പുജാര റാഞ്ചിയുടെ രണ്ടാംഭാഗം തുടങ്ങിയിരുന്നു. മാറിമാറിയെറിഞ്ഞ ബൗളർമാരെയെല്ലാം മുട്ടി തോൽപിച്ച പുജാര ഇടക്കിടെ ബൗണ്ടറിയും പറത്തി അർധസെഞ്ച്വറി കടന്നു. മൂന്നാം സെഷൻ തുടങ്ങിയ ഉടൻ പുജാര മടങ്ങി. 151 പന്തിൽ 57 റൺസുമായി നിൽക്കെ ലിയോണിനെ പ്രതിരോധിച്ചപ്പോൾ പാഡിലും ഗ്ലൗവിലും തട്ടിയുയർന്ന പന്ത് ഷോർട്ട്ലെഗിൽ ഹാൻഡ്സ്കോമ്പ് കൈക്കലാക്കി. ഇന്ത്യയെ ഞെട്ടിച്ച വീഴ്ച. പിന്നാലെ ക്രീസിലെത്തിയ മലയാളിതാരം കരുൺ നായർ വന്നപാടെ മടങ്ങി (5). നാലിന് 167ലേക്ക് തകർന്നതോടെ രഹാനെയും അശ്വിനും ചേർന്ന് പ്രതിരോധം ശക്തമാക്കി. പക്ഷേ, ലിയോൺ അടങ്ങിയിരുന്നില്ല. സ്കോർ 200 കടന്നതിനുപിന്നാലെ രഹാനെ സ്മിത്തിെൻറ കൈയിലൊതുങ്ങി. അധികം വൈകുംമുമ്പ് അശ്വിൻ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. ഇതോടെ ആറിന് 221 എന്ന തകർച്ചയിലായി ആതിഥേയർ. നാലാം സെഷനിൽ 95 റൺെസടുക്കുന്നതിനിടെ നഷ്ടമായത് നാലു വിക്കറ്റുകൾ. 
ഏഴാം വിക്കറ്റിൽ അടിച്ചു കളിച്ച ജദേജയും ഭാഗ്യം അനുഗ്രഹിച്ച സാഹയിലുമാണ് പ്രതീക്ഷ. സാഹയെ മാറ്റ്റെൻഷോ രണ്ടുവട്ടം കൈവിട്ടത്കൊണ്ട് മാത്രം രണ്ടാംദിനം ഇന്ത്യൻ തകർച്ച ആറിലൊതുങ്ങി.
കഴിഞ്ഞ ടെസ്റ്റുകളിലെല്ലാം ഇന്ത്യയെ ഭയപ്പെടുത്തിയ സ്റ്റീവ് ഒകീഫെക്കായിരുന്നു ധർമശാലയിൽ കൂടുതൽ അടിവാങ്ങൽ യോഗം. ഒകീഫെയെ കവർഡ്രൈവ് ഷോട്ടിലൂടെ പുജാര ബൗണ്ടറി കടത്തിയപ്പോൾ, രാഹുൽ അൽപംകൂടി ബലത്തിൽ സിക്സർ പറത്തി. ഒകീഫെ എറിഞ്ഞ 24 ഒാവറിൽ 69 റൺസാണ് അടിച്ചെടുത്തത്. കമ്മിൻസിെൻറ ഉയർന്നുപൊങ്ങിയ ബൗൺസറുകൾക്കുമേൽ സാേങ്കതിക തികവാർന്ന ഷോട്ടുകളിലൂടെ രാഹുൽ മറുപടിനൽകിയതും രണ്ടാം ദിനത്തിലെ സുന്ദര കാഴ്ചയായി.

Tags:    
News Summary - ind-v-aus-4th-test-dharamsala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.