പുണെ: സ്വന്തം മണ്ണിൽ അപരാജിതരായി കോഹ്ലിപ്പടയുടെ ജൈത്രയാത്ര. മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ ഫ്രീഡം പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കെയ ഇന്നിങ്സിനും 137 റൺസിനും പരാജയപ്പെടുത്തി ഇന്ത്യ സ്വന്തം മണ്ണിൽ തുടർച്ചയായി 11 െടസ്റ്റ് ജയം കുറിക്കുന്ന ആദ്യ ടീമെന്ന റെക്കോഡ് സ്വന്തമാക്കി. 1994-2001, 2004-2008 എന്നീ സുവർണ കാലഘട്ടങ്ങളിലെ ആസ്ട്രേലിയൻ ടീം നേടിയ 10 തുടരൻ ജയങ്ങളുടെ റെക്കോഡാണ് വഴിമാറിയത്. ഒരു ദിവസം ബാക്കിനിൽക്കേ നേടിയ വമ്പൻ ജയത്തിലൂടെ ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യ (200 പോയൻറ്) രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡുമായി (60) 140 പോയൻറിെൻറ വ്യക്തമായ ലീഡുമായി ബഹുദൂരം മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ 326 റൺസ് കടവുമായി ഫോളോഓൺ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ 67.2 ഓവറിൽ 189 റൺസിന് ചുരുട്ടിക്കെട്ടി. രവീന്ദ്ര ജദേജ മൂന്നും ആർ. അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുമെടുത്തു. സ്കോർ: ഇന്ത്യ 601/5 ഡിക്ല, ദക്ഷിണാഫ്രിക്ക 275, 189.
ക്യാപ്റ്റൻസിയിൽ എ പ്ലസ്
തൂവലുകൾ ഏറെയുള്ള തെൻറ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി തുന്നിച്ചേർത്തിരിക്കുകയാണ് വിരാട് കോഹ്ലി. ക്യാപ്റ്റൻ സ്ഥാനത്ത് 50ാം മത്സരത്തിനിറങ്ങി 30ാം ജയം സ്വന്തമാക്കിയ കോഹ്ലി ഇത്രയും മത്സരങ്ങളിൽ ഏറ്റവും കുടുതൽ ജയം സ്വന്തമാക്കിയ മൂന്നാമത്തെ ക്യാപ്റ്റനായി മാറി. 37 ജയങ്ങളുമായി ആസ്ട്രേലിയയുടെ സ്റ്റീവ് വോയും 35 ജയവുമായി റിക്കി പോണ്ടിങ്ങുമാണ് ആദ്യ സ്ഥാനങ്ങളിൽ. 50ൽ കൂടുതൽ ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ഏക നായകനായ എം.എസ്. ധോണി 50ൽ 26 മത്സരങ്ങളിൽ ടീമിനെ ജയിപ്പിച്ച് അഞ്ചാമതാണ്.
കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ നേടുന്ന എട്ടാം ഇന്നിങ്സ് ജയമാണിത്. ഏഴ് ജയങ്ങൾ വീതം നേടിയ മുഹമ്മദ് അസ്ഹറുദ്ദീനെയും സൗരവ് ഗാംഗുലിയെയും മറികടന്ന കോഹ്ലി എം.എസ്. ധോണിയുടെ (8) റെക്കോഡിനൊപ്പമെത്തി. ആദ്യ ഇന്നിങ്സിൽ 254 റൺസുമായി പുറത്താകാതെ നിന്ന് നിരവധി റെക്കോഡുകൾ കടപുഴക്കിയ കോഹ്ലിയാണ് കളിയിലെ താരം.
ഫോളോഓണിലും റെക്കോഡ്
ഇന്ത്യയുെട 601 റൺസ് ടോട്ടൽ മറികടക്കാനാകാതെ മൂന്നാംദിനം ആദ്യ ഇന്നിങ്സിൽ 275 റൺസിന് പുറത്തായ ദക്ഷിണാഫ്രിക്കയെ 11 വർഷങ്ങൾക്കുശേഷം ഫോളോഓണിനയച്ച ആദ്യ ടീമെന്ന ഖ്യാതി ഇന്ത്യ നേടി. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോഓൺ ചെയ്യിക്കുന്നത്. 2008 ജൂലൈയിൽ ലോഡ്സ് മൈതാനത്തിൽ ഇംഗ്ലണ്ടാണ് പ്രോട്ടിയേസിനെ അവസാനമായി ഫോളോഓൺ ചെയ്യിച്ചത്. ക്യാപ്റ്റനായിരിക്കേ 14 തവണ ഫോളോഓൺ ചെയ്യിക്കാൻ അവസരമുണ്ടായിട്ടും വിരാട് കോഹ്ലി ഏഴുതവണ മാത്രമാണ് എതിരാളികളെ അതിനയച്ചത്.
പറക്കും വൃദ്ധി‘മാൻ’
ആദ്യ ഇന്നിങ്സിൽ വിക്കറ്റ് ലഭിക്കാതിരുന്ന നിരാശ ഇഷാന്ത് ശർമ നാലാം ദിനത്തിലെ രണ്ടാം പന്തിൽ എയ്ഡൻ മർക്രമിനെ (0) വിക്കറ്റിനുമുന്നിൽ കുരുക്കി തീർത്തു. സ്കോർ 21ൽ എത്തിനിൽക്കേ ത്യൂനിസ് ഡിബ്രൂയിനെ (8) ലെഗ്സൈഡിൽ പറക്കും ക്യാച്ചിലൂടെ വൃദ്ധിമാൻ സാഹ പുറത്താക്കി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. ടെസ്റ്റിലെ വിക്കറ്റ് കീപ്പർ സ്ഥാനം അരക്കിട്ടുറപ്പിക്കും വിധമുള്ള അസാധ്യ പ്രകടനമാണ് താരം വിക്കറ്റിന് പിന്നിൽ പ്രകടിപ്പിച്ചത്. മുൻനിര ബാറ്റ്സ്മാൻമാരിൽ ഓപണർ ഡീൻ എൽഗാറിനും (48) തെംബ ബവുമക്കുമാണ് (38) അൽപമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്. ഉച്ചഭക്ഷണത്തിന് മുമ്പായി എൽഗാറിനെ പുറത്താക്കി അശ്വിൻ ഇന്ത്യക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
ഫിലാൻഡർ-മഹാരാജ് പ്രതിരോധം
ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് (5), ക്വിൻറൺ ഡികോക്ക് (5), സെനുറാൻ മുത്തുസാമി (9) എന്നിവർ ആയുധംവെച്ച് കീഴടങ്ങിയതോടെ ഇന്ത്യയുടെ ജയം വൈകിക്കുക എന്ന ഉത്തരവാദിത്തം വീണ്ടും വെർനോൻ ഫിലാൻഡറുടെയും (37) കേശവ് മഹാരാജിെൻറയും (22) തലയിലായി. 21.2 ഓവർ ബാറ്റുചെയ്ത് 56 റൺസ് സ്കോർ ചെയ്ത ഇരുവരും ഇന്ത്യൻ ബൗളർമാരുെട വിജയാഘോഷത്തിനുമുന്നിൽ വിലങ്ങുതടിയായി നിന്നു.
ഉമേഷ് എറിഞ്ഞ 67ാം ഓവറിെൻറ ആദ്യ പന്തിൽ വീണ്ടുമൊരുഗ്രൻ ക്യാച്ചിലൂടെ സാഹ ഫിലാൻഡറെ മടക്കിയതോടെ കൂട്ടുകെട്ട് വേർപിരിഞ്ഞു. അതേ ഓവറിെൻറ അവസാന പന്തിൽ കാഗിസോ റബാദയെയും (4) ഉമേഷ് മടക്കി. ജദേജയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി മഹാരാജ് കൂടി മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനംപൂർത്തിയായി.
വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ 203 റൺസിനായിരുന്നു ജയം. മൂന്നാം ടെസ്റ്റ് 19 മുതൽ റാഞ്ചിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.