ലങ്കൻ ചെറുത്തുനിൽപ്
ഫോളോഒാൺ വഴങ്ങി ശ്രീലങ്ക; ഒന്നാം ഇന്നിങ്സിൽ 183ന് പുറത്ത്; രണ്ടാം ഇന്നിങ്സിൽ കുശാൽ മെൻഡിസിന് സെഞ്ച്വറി
കൊളംബോ: രണ്ടാം ടെസ്റ്റിൽ ഫോളോഒാൺ വഴങ്ങിയശേഷം ഉണർന്നുകളിച്ച ശ്രീലങ്ക നാണക്കേട് ഒഴിവാക്കാൻ പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 622ന് മറുപടിയിൽ ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 183 റൺസിന് പുറത്തായി ഫോളോഒാൺ ചെയ്യേണ്ടിവന്നെങ്കിലും ഡിമുത്ത് കരുണരത്നയുടെയും (92 നോട്ടൗട്ട്), കുശാൽ മെൻഡിസിെൻറയും (110) ബാറ്റിങ് മികവിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു. മൂന്നാംദിനം അവസാനിക്കുേമ്പാൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 209 എന്ന നിലയിലാണ് ആതിഥേയർ. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇനിയും 230 റൺസ്കൂടിവേണം. കരുണരത്നയും (92), മലിന്ദ പുഷ്പകുമാരയുമാണ് (2) ക്രീസിൽ. സെഞ്ച്വറി നേടിയ മെൻഡിസിെൻറയും ഒാപണർ ഉപുൽ തരങ്കയുടെയും വിക്കറ്റുകളാണ് ശ്രീലങ്കക്ക് നഷ്ടമായത്. സ്കോർ: ഇന്ത്യ-622/9 ഡിക്ല. ശ്രീലങ്ക: 183, 209/2.
ആദ്യം ദുരന്തം; പിന്നെ ഉയിർത്തെഴുന്നേൽപ്
രണ്ടിന് 50 എന്ന നിലയിൽ മൂന്നാംദിനം കളി തുടർന്ന ശ്രീലങ്ക ഒട്ടും ആത്മവിശ്വാസത്തിലായിരുന്നില്ല. രണ്ടു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ക്യാപ്റ്റൻ ചണ്ഡിമലിെൻറ (10) വിക്കറ്റ് ലങ്കക്ക് നഷ്ടമായി. ജദേജയുടെ പന്തിൽ ഹാർദിക് പാണ്ഡ്യക്ക് ക്യാച്ച് നൽകിയാണ് ചണ്ഡിമൽ പുറത്താവുന്നത്. പിന്നാലെ, കുശാൽ മെൻഡിസിനെ (24) ഉമേഷ് യാദവും പുറത്താക്കി. പിന്നീടങ്ങോട്ട് ശ്രീലങ്കൻ താരങ്ങൾ പവലിയനിലേക്ക് വളരെ വേഗത്തിൽ മടങ്ങി. എയ്ഞ്ചലോ മാത്യൂസ്(26), ധനഞ്ജയ ഡി സിൽവ (0), ദിൽറുവാൻ പെരേര (25), രംഗന ഹെരാത്ത് (2), മലിന്ദ പുഷ്പകുമാര (15), നുവാൻ പ്രദീപ് (0) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അതിനിടക്ക് അർധസെഞ്ച്വറി നേടിയ വിക്കറ് കീപ്പർ നിരോഷൻ ഡിക്വെല്ല (51) മാത്രമണ് ലങ്കക്ക് അൽപമൊന്ന് ആശ്വസിക്കാനുള്ള ഇന്നിങ്സ് കാഴ്ചവെച്ചത്.
439 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെ ക്യാപ്റ്റൻ കോഹ്ലിക്ക്, ലങ്കയെ ഫോളോഒാൺ ചെയ്യിക്കാൻ മടിയൊന്നുമുണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ ലങ്കൻ പടയെ എറിഞ്ഞൊതുക്കി ഇന്നിങ്സ് ജയം സ്വപ്നംകണ്ട കോഹ്ലിയുടെ കണക്കുകൂട്ടൽ തെറ്റിച്ചത് മെൻഡിസ്-കരുണരത്ന സഖ്യമായിരുന്നു. ഉപുൽ തരംഗ (2), ഉമേഷ് യാദവിെൻറ പന്തിൽ പുറത്തായതിനുപിന്നാലെയാണ് ഇൗ കൂട്ടുകെട്ട് പിറക്കുന്നത്. ഇന്ത്യയുടെ സ്പിൻ, പേസ് ജോടികളായ അശ്വിൻ-ജദേജ, ഷമി-ഉമേഷ് കൂട്ട് തലങ്ങുംവിലങ്ങും എറിഞ്ഞുനോക്കിയെങ്കിലും ഇവരെ പിളർത്താൻ കഴിഞ്ഞില്ല. 191 റൺസിെൻറ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത്. അതിനിടക്ക് ശിഖർ ധവാൻ ക്യാച്ച് പാഴാക്കിയപ്പോൾ കൂട്ടുകെട്ട് പൊളിക്കാനുള്ള സുവർണാവസരവും നഷ്ടമായി. പിന്നാലെ ജദേജയുടെ ഡി.ആർ.എസിൽനിന്നും രക്ഷപ്പെട്ട മെൻഡിസ് ഒടുവിൽ തെൻറ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയും നേടി. 110 റൺസുമായി നിൽക്കവെ ഹാർദിക് പാണ്ഡ്യയുടെ പന്തിലാണ് മെൻഡിസ് പുറത്താവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.