ബർമിങ്ഹാം: എഡ്ജ്ബാസ്റ്റണിലെ ചൂടൻ കാലാവസ്ഥയിൽ ഉച്ചവരെ പിച്ചായിരുന്നു താരം. ഇന്ത്യൻ ബൗളർമാർ എയ്തുവിടുന്ന പേസിനും സ്പിന്നിനും മുന്നിൽ മെരുങ്ങാൻ മടിച്ചുനിന്ന പരുപരുത്ത പ്രതലം, ഉച്ചഭക്ഷണത്തിനുശേഷം അനുസരണയുള്ള കുട്ടിയായി മാറി. ഫലമോ, അഞ്ചു ടെസ്റ്റുകളടങ്ങിയ സൂപ്പർ പരമ്പരയിലെ ഒന്നാം ടെസ്റ്റിെൻറ ആദ്യ ദിനം ഇന്ത്യയുടെ സന്തോഷച്ചിരി. നായകൻ ജോ റൂട്ടിെൻറയും (156 പന്തിൽ 80 റൺസ്), കൂറ്റനടിക്കാരൻ ജോണി ബെയർസ്റ്റോവിെൻറയും (88 പന്തിൽ 70) അർധസെഞ്ച്വറി പ്രകടനത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടുകാരെ ഷമിയും അശ്വിനും ചേർന്ന് മൂക്കുകയറിട്ട് പിടിച്ചുനിർത്തി.
ഒന്നാം ദിനത്തിലെ കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിലാണ്. സാം കുറാനും(24) ആൻഡേഴ്സണുമാണ്(0) ക്രീസിൽ. റൂട്ടിനും ബെയർസ്റ്റോവിനും പുറമെ, അലസ്റ്റയർ കുക്ക് (13), കീറ്റൺ ജെന്നിങ്സ് (42), ബെൻ സ്റ്റോക്സ് (7), ഡേവിഡ് മലാൻ (8), ജോസ് ബട്ട്ലർ(0), ആദിൽ റാഷിദ്(13), സ്റ്റുവർട്ട് ബ്രോഡ്(1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ പിച്ചിെൻറ പ്രവചനാതീത സ്വഭാവമായിരുന്നു മനസ്സിൽ. നാലു പേസർമാരുമായിറങ്ങിയ ഇന്ത്യയെ ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. ഉമേഷ് യാദവ്-ഇശാന്ത് ശർമ എന്നിവർ ചേർന്ന് ആരംഭിച്ച ഒാപണിങ് സ്പെല്ലിൽ ഏഴാം ഒാവറിൽതന്നെ കോഹ്ലി മാറ്റംവരുത്തി. അശ്വിനെ വിളിച്ച് പന്ത് ടേൺചെയ്യിക്കാനുള്ള ശ്രമം, അടുത്ത ഒാവറിൽതന്നെ ഫലം നൽകി. ഒമ്പതാം ഒാവറിൽ കുക്കിനെ കബളിപ്പിച്ച പന്ത് മിഡ്ൽ സ്റ്റംപ് പിഴുതെറിഞ്ഞു. 28 റൺസിന് ആതിഥേയരുടെ ആദ്യ വിക്കറ്റ്. എങ്കിലും പിച്ചിന് മെരുങ്ങാനുള്ള ഭാവമില്ലായിരുന്നു. ആക്രമണത്തിലേക്ക് ഷമികൂടി ചേർന്നെങ്കിലും ജെന്നിങ്സ്-റൂട്ട് കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിച്ച് കളിച്ചു. ചായ ഇടവേളയും ഉച്ചഭക്ഷണവും വരെ ഇതുതന്നെ കഥ.
ഒടുവിൽ, 35ാം ഒാവറിൽ ജെന്നിങ്സിനെ മടക്കിക്കൊണ്ട് ഷമിതന്നെ ഇന്ത്യക്ക് ബ്രേക്ക് സമ്മാനിച്ചു. അർധസെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയായിരുന്നു ഇൗ പുറത്താകൽ. രണ്ട് ഒാവറിനുള്ളിൽ ഡേവിഡ് മലാനെയും ഷമി മടക്കി. നാലാം വിക്കറ്റിൽ റൂട്ടും ബെയർസ്റ്റോയും ഒരുമിച്ചതോടെയാണ് ഇംഗ്ലീഷ് സ്കോറിന് വേഗമേറിയത്. ഇൗ കൂട്ടുകെട്ട് 216ലെത്തിയപ്പോൾ ദൗർഭാഗ്യം വിനയാവുകയായിരുന്നു.
സ്കോർബോർഡ്
ഇംഗ്ലണ്ട്: അലസ്റ്റയർ കുക്ക് ബി അശ്വിൻ 13, ജെന്നിങ്സ് ബി ഷമി 42, റൂട്ട് റണ്ണൗട്ട് 80, മലാൻ എൽ.ബി.ഡബ്ല്യു ബി ഷമി 8, ബെയർസ്റ്റോ ബി ഉമേഷ് യാദവ് 70, ബെൻ സ്റ്റോക്സ് 20, ജോസ് ബട്ലർ എൽ.ബി.ഡബ്ല്യു ബി അശ്വിൻ 0, സാം കുറാൻ നോട്ടൗട്ട് 24, ആദിൽ റാഷിദ് 13, സ്റ്റുവർട്ട് ബ്രോഡ് 1 ആകെ ഒമ്പതിന് 285.
വിക്കറ്റ് വീഴ്ച: 1-26, 2-98, 3-112, 4-216, 5-223, 6-224, 7-243, 8-278, 9- 283. ബൗളിങ്: അശ്വിൻ 25-7-60-4, മുഹമ്മദ് ഷമി 19-2-64-2
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.