മാഞ്ചസ്റ്റർ: 133 കോടി ഇന്ത്യക്കാരുടെ ലോക കപ്പ് മോഹങ്ങൾ കടപുഴക്കി ലോഡ്സിലെ സ്വപ്ന ഫൈനൽ കാണാതെ ഇന്ത ്യ സെമിയിൽ 18 റൺസിന് തോറ്റ് പുറത്തായി. ന്യൂസിലൻഡ് ഉയർത്തിയ 240 റൺസിൻെറ വിജയലക്ഷ്യത്തിനു മുന്നിൽ അവസാനം വരെ പെ ാരുതിയാണ് ഇന്ത്യ കീഴടങ്ങിയ്. 1983 ൽ കരീബിയൻ കരുത്തിനെ അട്ടിമറിച്ച് കപിൽ ദേവും കൂട്ടരും മുത്തമിട്ട ലോകകപ്പ് ചരിത്രം ആവർത്തിക്കാമെന്ന വിരാട് കോഹ്ലിയുടെ ആഗ്രഹം സഫലമായില്ല. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ് റിന് 239. ഇന്ത്യ 49.3 ഓവറിൽ 221ന് ആൾ ഔട്ട്. കളി തീരുമ്പോൾ മൂന്ന് പന്ത് പിന്നെയും ബാക്കിയുണ്ടായിരുന്നു.
മ ുൻനിര അതിശയകരമായി തകർന്നടിഞ്ഞപ്പോൾ വാലറ്റത്ത് രവീന്ദ്ര ജദേജ മഹേന്ദ്ര സിങ് ധോണിക്കൊപ്പം നടത്തിയ പോരാട ്ടത്തിനും ഇന്ത്യയെ വിജയതീരമെത്തിക്കാനായില്ല. 59 പന്തിൽ 77 റൺസെടുത്ത് ഉജ്ജ്വലമായ ചെറുത്തു നിൽപ്പാണ് ജദേജ കാഴ് ചവെച്ചത്. 59 പന്ത്. നാല് വീതം സിക്സറുകളും ഫോറും. വീരോചിതമായിരുന്നു ജദേജയുടെ പോരാട്ടം. മറുവശത്ത് നങ്കൂര മിട്ട് കളിച്ച ധോണി 72 പന്തിൽ 50 റൺസെടുത്തു. ജദേജയും ധോണിയും അടുത്തടുത്ത് പുറത്തായതാണ് കളി ഇന്ത്യയുടെ വരുതിയ ിൽ നിന്ന് ന്യൂസിലൻഡുകാർ തട്ടിയെടുത്തത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ പടുത്തുയർത്തിയത് സ്വപ്നസമാനമാ യ 116 റൺസിൻെറ കൂട്ടുകെട്ട്.
ധോണി മാജിക് ആവർത്തിച്ചില്ല
ഏഴാമനായി ജദേജ പുറത്താകുമ്പോൾ പ ിന്നെയുമുണ്ടായിരുന്നു 13 പന്തുകൾ. ജയിക്കാൻ വേണ്ടത് 32 റൺസ്. മറുവശത്ത് നിൽക്കുന്നത് ഇത്തരം പ്രതിസന്ധികളിൽ അന ായാസം വിജയമെത്തിച്ച് പരിചയമുള്ള സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. ഇതിനെക്കാൾ കടുത്ത ലക്ഷ്യങ്ങൾ എത്രയോ അനായാസം താണ്ടി ഇന്ത്യയെ വിജയത്തിലേറ്റിയിട്ടുണ്ട് ധോണി മാജിക്. ലക്ഷ്യം രണ്ടോവറിൽ 31 റൺസ്. ഓഫ് സ്റ്റംപിന് പുറത്ത് അൽപം വൈഡായി കുത്തി പൊങ്ങി വന്ന ലോക്കീ ഫെർഗൂസൻെറ ആദ്യ പന്ത് കവർ ബാക്വേഡ് പോയൻറിന് മുകളിലൂടെ മനോഹരമായ സിക്സർ. അതിലൊരു ഹെലിക്കോപ്റ്റർ ഷോട്ടിൻെറ ഛായയുണ്ടായിരുന്നു. സ്വന്തം സ്കോർ 49ൽ എത്തിച്ച ധോണി പണി തുടങ്ങിയെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷം. അടുത്ത പന്തിൽ റണ്ണൊന്നുമില്ല. അടുത്ത പന്തിൽ സിംഗിൾ പൂർത്തിയാക്കി അർധ സെഞ്ച്വറി തികച്ച ധോണി രണ്ടാം റണ്ണിന് ഓടിയതാണ്. പക്ഷേ, മാർട്ടിൻ ഗപ്റ്റിലിൻെറ നേരിട്ടുള്ള ഏറ് സ്റ്റംപിളക്കുമ്പോൾ നേരിയ വ്യത്യാസത്തിന് ധോണിയുടെ ബാറ്റ് ക്രീസിന് പുറത്തായിരുന്നു. പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു. ഭുവനേശ്വർ കുമാറിൻെറ കുറ്റി ഫെർഗൂസൻ തെറിപ്പിച്ചപ്പോൾ യുസ്വേന്ദ്ര ചഹലിനെ വിക്കറ്റ് കീപ്പർ റോഡ് ലാതമിനെ ഏൽപ്പിച്ച് ജെയിംസ് നീഷാം ന്യൂസിലാൻഡിൻെറ വിജയം പൂർത്തിയാക്കി.
2011ൽ ഇന്ത്യക്ക് ലോക കിരീടം നേടിക്കൊടുത്ത നായകനായിരുന്ന ധോണിയുടെ കരിയറിലെ ഒടുവിലത്തെ ഇന്നിങ്സായേക്കാവുന്ന മത്സരത്തിൽ അവസാനം വരെ പൊരുതിയാണ് കളം വിട്ടത് എന്നാശ്വസിക്കാം.
ഞെട്ടറ്റു വീണ മുൻനിര
ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്തിന് മുന്നിൽ 240 റൺസെന്ന ലക്ഷ്യം തീർത്തും അനായാസമായിരുന്നു. പക്ഷേ, ഓൾഡ് ട്രാഫോഡിലെ പിച്ചിലെ ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ല. തുടക്കം മുതലേ ഇന്ത്യക്ക് താളം തെറ്റുകയായിരുന്നു.
ടൂർണമെൻറിൽ ഉടനീളം അത്യുജ്ജല ഫോമിൽ കളിക്കുന്ന, റൺവേട്ടക്കാരിൽ മുമ്പനായ രോഹിത് ശർമയുടെ വിക്കറ്റ് രണ്ടാമത്തെ ഓവറിൽ തന്നെ വീഴുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് മഴയിൽ കുതിർന്ന ശേഷം ഉണർന്ന ഓൾഡ് ട്രാഫോഡ് കണ്ടത്. ഇന്ത്യൻ വിജയത്തിനായി അലമുറയിട്ട് തള്ളിക്കയറിയ ആരാധകർ നിശബ്ദരായിപ്പോയ നിമിഷം. മാറ്റ് ഹെൻട്രിയുടെ അതിവേഗത്തെ പ്രതിരോധിക്കാനുള്ള രോഹിതിൻെറ ശ്രമത്തിനിടയിൽ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ടോം ലാതമിൻെറ ഗ്ലൗസിൽ ഒതുങ്ങുകയായിരുന്നു. നാല് പന്തിൽ നിന്ന് വെറും ഒരു റൺസ് മാത്രമായിരുന്നു ഹിറ്റ്മാൻെറ അക്കൗണ്ടിൽ. ഈ ടൂർണമെൻറിൽ രോഹിതിൻെറ ഏറ്റവും കുറഞ്ഞ സ്കോർ.
രോഹിത് വീണ ആഘാതത്തിൽ നിന്ന് കരകയറുന്നതിനു മുമ്പായിരുന്നു ഏറ്റവും വിശ്വസ്തനായ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പുറത്താകൽ. ട്രെൻഡ് ബോൾട്ടിൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ദൗർഭാഗ്യകരമായിരുന്നു കോഹ്ലിയുടെ പുറത്താകൽ. പാഡിൽ പന്ത് തട്ടിയ നിമിഷം അമ്പയർ ഔട്ട് വിളിച്ചെങ്കിലും കോഹ്ലി റിവ്യു ആവശ്യപ്പെട്ടു. ഫുൾ സ്ട്രെചിൽ പാഡിൻെറ മുകളറ്റത്തു പതിച്ച പന്തിൻെറ സഞ്ചാരം ബെയിൽസിനു മുകളിലൂടെയാണെന്ന് ടി.വി റീപ്ലേയിൽ വ്യക്തമായിട്ടും വിരലുയർത്താൻ തന്നെയായിരുന്നു അമ്പയറുടെ തീരുമാനം..
ഇന്ത്യ രണ്ട് വിക്കറ്റിന് അഞ്ച്.
അതേ സ്കോറിൽ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ലോകേഷ് രാഹുലും പുറത്തായപ്പോൾ തന്നെ ഇന്ത്യൻ തോൽവി ഉറപ്പായി. മാറ്റ് ഹെൻട്രിയുടെ അതിവേഗമാണ് രാഹുലിനെ ചതിച്ചത്. പ്രതിരോധിക്കണോ വേണ്ടയോ എന്ന ആശങ്കക്കൊടുവിൽ ബാറ്റ് വലിച്ച നിമിഷം എഡ്ജിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ റോഡ് ലാതമിൻെറ കൈയിൽ ഭദ്രമായി.
തുടരെ തുടരെ വിക്കറ്റ് വീണപ്പോൾ ചെറുത്തുനിൽക്കുമെന്നു കരുതിയ ദിനേഷ് കാർത്തിക്കും വീണു. 25 പന്ത് മുട്ടി ആറ് റൺസെടുത്ത ദിനേഷ് കാർത്തികിനെ മാറ്റ് ഹെൻട്രിയുടെ പന്തിൽ പറന്നുവീണെടുത്ത ക്യാച്ചിലൂടെ ജിമ്മി നീഷാമാണ് പുറത്തേക്ക് വഴി കാട്ടിയത്.
പന്തിൻെറയും പാണ്ഡ്യയുടെയും അശ്രദ്ധ
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ഋഷഭ് പന്ത് - ഹർദിക് പാണ്ഡ്യ സഖ്യത്തിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ. കരകയറുന്നതിൻെറ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതുമാണ്. സീനിയർ താരങ്ങൾ വാലുചുരുട്ടിയ പിച്ചിൽ അനായാസം ബാറ്റ് ചെയ്യുന്നതെങ്ങനെയെന്ന് ഋഷഭ് പന്ത് കാണിച്ചു തുടങ്ങിയതുമാണ്. പതിവ് പോലെ ധൃതി കയറിയ പന്ത് അനാവശ്യ ഷോട്ടിൽ പുറത്തായി. സ്പിന്നർ മിച്ചൽ സാൻഡ്നറെ ഉയർത്തിയടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിന് ഏറെ മുന്നിലായി ഡി ഗ്രാൻഡ്ഹോമിൻെറ കൈയിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യ: അഞ്ചിന് 71. അഞ്ചാം വിക്കറ്റിൽ 47 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയിലായി പിന്നെ പ്രതീക്ഷ. പാണ്ഡ്യയും ധോണിയും ചേർന്ന് വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയതാണ്. പതിവിന് വിപരീതമായി പാണ്ഡ്യ നങ്കൂരമിട്ട് കളിച്ചു. പക്ഷേ, പന്തിനെ അനുകരിച്ച് പുറത്താകാനായിരുന്നു പാണ്ഡ്യയുടെ വിധി. സ്പിന്നർ മിച്ചൽ സാൻഡ്നറെ ഉയർത്തിയടിക്കാനുള്ള ശ്രമം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ കൈകളിൽ അവസാനിച്ചു. 62 പന്തിൽ 32 റൺസായിരുന്നു പാണ്ഡ്യയുടെ സംഭാവന.
പിന്നീടായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. ‘അല്ലറ ചില്ലറ കളിക്കാരൻ’ എന്ന മുൻ താരവും കമൻറേറ്ററുമായ സഞ്ജയ് മഞ്ജ്രേക്കറുടെ അധിക്ഷേപത്തിനിരയായ രവീന്ദ്ര ജദേജയുടെ ഊഴമായിരുന്നു. ഓരോ പന്തും ബൗണ്ടറിക്ക് പുറത്തേക്ക് പായിക്കുമ്പോൾ ജദേജയുടെ മനസ്സിൽ മഞ്ജരേക്കറുടെ മുഖമായിരുന്നിരിക്കണം.
37 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻട്രിയാണ് ഇന്ത്യൻ ബാറ്റിങ്ങിൻെറ നടുവൊടിച്ചത്.
ഏകദിനമല്ല, ദ്വിദിനം
സംഗതി ഏകദിന ലോക കപ്പാണെങ്കിലും ഓൾഡ് ട്രാഫോഡിലെ സെമി ഫൈനൽ നടന്നത് ദ്വിദിന മത്സരമായിരുന്നു. ചൊവ്വാഴ്ച ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് സകോർ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലായപ്പോഴാണ് മഴ കളി മുടക്കിയത്. പിന്നീട് ഒരു പന്ത് പോലും എറിയാനാവാതെ വന്നപ്പോൾ റിസർവ് ദിനമായ ബുധനാഴ്ച തലേ ദിവസം നിർത്തിയിടത്തു നിന്ന് തുടങ്ങുകയായിരുന്നു. 67 റൺസുമായി റോസ് ടെയ്ലറും മൂന്ന് റൺസുമായി റോഡ് ലാതമും റിസർവ് ദിനത്തിൽ മറ്റൊരു ‘ഓപ്പണിങ്’ ബാറ്റിങ്ങിന് തുടക്കമിടുകയായിരുന്നു.
സ്കേർ 225ൽ എത്തിയപ്പോൾ 74 റൺസെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജദേജ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. 10 റൺസെടുത്ത ലാതമിനെ ബൗണ്ടറിക്കരികിൽ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ജദേജ തന്നെ മനോഹരമായി പിടികൂടി. എട്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ 239 റൺസിൽ ഒതുക്കി നിർത്തി.
കിവീസിൻെറ ഇന്നിങ്സിന് കരുത്ത് പകർന്നത് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻെറ ക്ഷമാപൂർവമായ 67 റൺസിൻെറ ഇന്നിങ്സായിരുന്നു. 43 റൺസിന് ഭുവനേശ്വർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.