മിന്നലാക്രമണത്തിന് ഇന്ത്യ

കൊല്‍ക്കത്ത: രണ്ടു വര്‍ഷത്തിനുശേഷം ടീമിലേക്ക് തിരിച്ചുവിളിച്ച ഗൗതം ഗംഭീര്‍ വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങുമോ...? അതോ ശിഖര്‍ ധവാനുതന്നെയായിരിക്കുമോ നറുക്കുവീഴുക? അഞ്ഞൂറാം ടെസ്റ്റെന്ന റെക്കോഡ് ജയിച്ചശേഷം സ്വന്തം മണ്ണിലെ 250ാം ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ജയപരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളെക്കാള്‍ കൗതുകം ഈ ഉത്തരമായിരിക്കും. 2014 ആഗസ്റ്റില്‍ ഇംഗ്ളണ്ടിലെ ഓവലില്‍ ടെസ്റ്റ് കളിച്ചശേഷം ഇന്ത്യന്‍ കുപ്പായമണിയാന്‍ ഭാഗ്യമില്ലാതെപോയ ഗംഭീര്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്ളൂസിനെ വിജയത്തിലേക്കത്തെിച്ച തകര്‍പ്പന്‍ പ്രകടനമായാണ് മടങ്ങിവരുന്നത്.

ഓപണര്‍ ലോകേഷ് രാഹുലിന് പരിക്കേറ്റ ഒഴിവിലേക്കാണ് ഈ മടങ്ങിവരവ്. പക്ഷേ, മറ്റൊരു ഓപണറായ ശിഖര്‍ ധവാനെ പരിഗണിക്കാന്‍ ഏറെ സാധ്യത കാണുന്നുമുണ്ട്. മാത്രവുമല്ല, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി ഐ.പി.എല്ലിനിടയില്‍ കളത്തില്‍ കൊമ്പുകോര്‍ത്ത ചരിത്രവും ഗംഭീറിന് വിനയാകാനിടയുണ്ട്. കോച്ച് അനില്‍ കുംബ്ളെയുടെ താല്‍പര്യമാണ് ഗംഭീറിന്‍െറ തെരഞ്ഞെടുപ്പിനു പിന്നില്‍. കോഹ്ലിയുടെ തീരുമാനം ആര്‍ക്കനുകൂലമാകുമെന്നത് അവസാന 11 പ്രഖ്യാപിക്കുന്നതുവരെ നീളുന്ന ആകാംക്ഷയായിരിക്കും.

കോഹ് ലി അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ അജിന്‍ക്യ രഹാനെയോ രോഹിത് ശര്‍മയോ കരക്കിരിക്കേണ്ടിവരും. രോഹിതിന്‍െറ തട്ടകമാണ് ഈഡന്‍ ഗാര്‍ഡന്‍ എന്നത് ചിലപ്പോള്‍ അനുകൂലമായേക്കാം. അഞ്ചാം ബൗളറെ ഇറക്കാന്‍ തീരുമാനിച്ചാല്‍ അമിത് ശര്‍മയുടെ സ്പിന്നിനായിരിക്കും മുന്‍തൂക്കം. ആദ്യ ടെസ്റ്റ് ജയിച്ചതിന്‍െറ ആവേശത്തില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ പാകിസ്താനെ മറികടന്ന് റാങ്കിങ്ങില്‍ ഒന്നാമതത്തൊന്‍ അവസരമൊരുങ്ങും.

കഴിഞ്ഞ ടെസ്റ്റില്‍ നിലംപൊത്തിയ 20 ന്യൂസിലന്‍ഡ് വിക്കറ്റുകളില്‍ 16ഉം പങ്കിട്ടത് അശ്വിന്‍െറയും ജദേജയുടെയും സ്പിന്‍ ആയിരുന്നു. സ്പിന്നിനു മുന്നില്‍ വട്ടംചുറ്റുന്ന ന്യൂസിലന്‍ഡ് ഈഡനിലെ പുതുക്കിപ്പണിത പിച്ചിലാണ് പ്രതീക്ഷ വെക്കുന്നത്. തുടക്കത്തില്‍ ബാറ്റിങ്ങിനെ അകമഴിഞ്ഞ് സഹായിക്കാനിടയുള്ള പിച്ചില്‍നിന്ന് സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കില്ളെന്ന നിഗമനത്തിലാണവര്‍. അതുകൊണ്ടുതന്നെ ടോസ് നിര്‍ണായകമാവുകയും നാണയഭാഗ്യം കിട്ടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കാനുമാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ സ്പിന്നര്‍മാരുടെ കശാപ്പിനിടയിലും നാല് ബാറ്റ്സ്മാന്മാര്‍ അര്‍ധശതകം പിന്നിട്ടത് ന്യൂസിലന്‍ഡിന് ആശ്വസിക്കാന്‍ ഏറെ വക നല്‍കുന്നു.

എന്നാല്‍, ഈഡന്‍ ഗാര്‍ഡന്‍െറ മനസ്സ് ഏറ്റവും കൂടുതല്‍ തവണ ഇന്ത്യക്കനുകൂലമായിരുന്നു എന്നതാണ് ചരിത്രം. 2001ല്‍ ആസ്ട്രേലിയക്കെതിരെ ഫോളോഓണ്‍ ചെയ്തശേഷം വി.വി.എസ്. ലക്ഷ്മണിന്‍െറയും രാഹുല്‍ ദ്രാവിഡിന്‍െറയും റെക്കോഡ് കൂട്ടുകെട്ടും ഹര്‍ഭജന്‍െറ ബൗളിങ് മികവുംകൊണ്ട് ത്രസിപ്പിക്കുന്ന ജയം നേടിയതിന്‍െറ ഓര്‍മയിലാണ് ഓരോ തവണയും ഇന്ത്യ ഈഡനിലിറങ്ങുന്നത്.

 

Tags:    
News Summary - India-New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.