ഇന്ത്യക്ക് മിന്നല്‍ പ്രഹരം; ഏഴിന് 239

കൊല്‍ക്കത്ത: ഇതുവരെ കണ്ടതാണ് കളിയെങ്കില്‍ കാര്യങ്ങള്‍ ന്യൂസിലന്‍ഡിന്‍െറ കൈകളിലാണ്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങിനുമേല്‍ ന്യൂസിലന്‍ഡിന്‍െറ മിന്നലാക്രമണം. ആദ്യം തകര്‍ന്നും ഇടക്ക് പിടിച്ചുകയറിയും ഒടുവില്‍ വീണ്ടും വഴിയാധാരമായ ഇന്ത്യന്‍ ബാറ്റിങ്ങിനെ പേസും സ്പിന്നും സമാസമം ചേര്‍ത്ത് കശക്കി രണ്ടാം ടെസ്റ്റിന്‍െറ ആദ്യ ദിനം ന്യൂസിലന്‍ഡ് സ്വന്തമാക്കി. വിലപ്പെട്ട ഏഴ് വിക്കറ്റും വീണുടഞ്ഞ ഈഡന്‍ ഗാര്‍ഡനില്‍ 239 റണ്‍സുമായി ഇന്ത്യ പരുങ്ങലിലാണ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അതിദാരുണമായിരുന്നു. പരിക്കേറ്റ ലോകേശ് രാഹുലിന് പകരം രണ്ടു വര്‍ഷത്തിനുശേഷം ടീമിലത്തെിയെങ്കിലും കരക്കിരിക്കാനായിരുന്നു ഗൗതം ഗംഭീറിന്‍െറ വിധി. മുരളി വിജയിന് കൂട്ടായി ഫോം കിട്ടാതെ ഉഴലുന്ന ശിഖര്‍ ധവാനാണ് ഇന്നിങ്സ് തുറന്നത്. സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍ മാത്രമുള്ളപ്പോള്‍ മാറ്റ് ഹെന്‍റി തന്‍െറ നാലാമത്തെ പന്തില്‍ ശിഖര്‍ ധവാന്‍െറ കുറ്റി പിഴുതെടുത്തു. പിന്നാലെ കഴിഞ്ഞ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും അര്‍ധ സെഞ്ച്വറി നേടിയ മുരളി വിജയിനെയും  ഹെന്‍റി വീഴ്ത്തി. 29 പന്തില്‍ വെറും ഒമ്പത് റണ്‍സായിരുന്നു മുരളിയുടെ സംഭാവന. സ്കോര്‍ രണ്ടിന് 28. അധികംവൈകാതെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്രെന്‍റ് ബോള്‍ട്ടിന്‍െറ പന്തില്‍ ആയുധംവെച്ച് കീഴടങ്ങുന്ന കാഴ്ച കണ്ട് ഈഡന്‍ ഗാര്‍ഡനില്‍ തടിച്ചുകൂടിയ കാണികള്‍ ഞെട്ടിത്തരിച്ചു. വെറും ഒമ്പതു റണ്‍സിനു കോഹ്ലി മടങ്ങുമ്പോള്‍ സ്കോര്‍ 46.

പിന്നീടായിരുന്നു ചെറുത്തുനില്‍പ്. ടോപ് ഗിയറിലോടുന്ന സമീപകാല ടെസ്റ്റ് ക്രിക്കറ്റ് സൂത്രവാക്യങ്ങള്‍ മാറ്റിയെഴുതി ക്രീസില്‍ തപസ്സിരിക്കുന്ന പഴഞ്ചന്‍ ടെസ്റ്റിന്‍െറ കാലത്തേക്കുള്ള മടങ്ങിപ്പോക്കാണ് ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറിയത്. ഒരറ്റത്ത് ചേതേശ്വര്‍ പൂജാരയും മറുവശത്ത് അജിന്‍ക്യ രഹാനെയും പന്തിനുമുകളില്‍ അടയിരുന്ന് ബൗളര്‍മാരെ ബോറടിപ്പിച്ചു. ഒന്നും രണ്ടുമായി വല്ലപ്പോഴും റണ്ണും പിറന്നു. അതിനിടയില്‍ മിച്ചല്‍ സാന്‍റ്നറും ജീതന്‍ പട്ടേലും സ്പിന്‍ ആക്രമണം കടുപ്പിച്ചെങ്കിലും രണ്ടുപേരും കട്ടക്കുകട്ട നിന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും നുള്ളിപ്പെറുക്കിയെടുത്തത് 141 റണ്‍സ്.

പൂജാര ഒരിക്കല്‍കൂടി തന്‍െറ ക്ഷമയുടെ ആഴം വ്യക്തമാക്കി. 219 പന്തില്‍ 39.03 സ്ട്രൈക്റേറ്റില്‍ പൂജാര 87 റണ്‍സെടുത്ത് നീല്‍ വാഗ്നറിന്‍െറ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പിടിച്ചുപുറത്തായി. 17 ബൗണ്ടറികളും പൂജാര കണ്ടത്തെി. സ്കോര്‍ നാലിന് 187. വീണ്ടും ന്യൂസിലന്‍ഡിന്‍െറ മിന്നലാക്രമണം. എന്നും ഈഡന്‍െറ രാജകുമാരനായിരുന്ന രോഹിത് ശര്‍മ 12 പന്തില്‍ രണ്ടു റണ്ണുമായി ജീതന്‍ പട്ടേലിന്‍െറ സ്പിന്നില്‍ ടോം ലാഥമിനു പിടികൊടുത്തു പുറത്ത്. 157 പന്തില്‍ 77 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ ക്ഷമയുടെ കെട്ടുപൊട്ടിയ നിമിഷം ഇന്ത്യക്ക് വീണ്ടും തിരിച്ചടിയേറ്റു. പട്ടേലിന്‍െറ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി പുറത്തേക്ക്. ആറിന് 200 എന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യക്ക് രവിചന്ദ്ര അശ്വിനിലായിരുന്നു ശേഷിച്ച പ്രതീക്ഷയത്രയും. തകര്‍ച്ചയുടെ ഘട്ടങ്ങളില്‍ പലപ്പോഴും അപ്രതീക്ഷിത ഇന്നിങ്സുകളുമായി ഇന്ത്യയെ മറുകരയത്തെിച്ച അശ്വിന്‍െറ ബാറ്റിങ് അനായാസമായിരുന്നു.

33 പന്തില്‍ 26 റണ്‍സെടുത്ത അശ്വിന്‍ പക്ഷേ, ഹെന്‍റിയുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി. ഏഴ് വിക്കറ്റിന് 239ന് ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 14 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജദേജയുമാണ് ക്രീസില്‍.
മൂന്നു വിക്കറ്റുമായി മാറ്റ് ഹെന്‍റിയും രണ്ടു വിക്കറ്റുമായി ജീതന്‍ പട്ടേലും ഇന്ത്യയെ കുടുക്കിയപ്പോള്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി ട്രെന്‍റ് ബോള്‍ട്ടും നീല്‍ വാഗ്നറും ഒപ്പംനിന്നു. പനി കാരണം കരക്കിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം ടീമിനെ നയിച്ച റോസ് ടെയ്ലറുടെ ഫീല്‍ഡിലെ തന്ത്രങ്ങളാണ് ആദ്യ ടെസ്റ്റ് അനായാസം ജയിച്ചതിന്‍െറ അമിത ആവേശത്തിലിറങ്ങിയ ഇന്ത്യയെ തളച്ചത്.

Tags:    
News Summary - india new zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.