മൊഹാലി: തുടരന്‍ വിജയങ്ങള്‍ക്കിടെ തോല്‍വി പിണഞ്ഞതിന് വിമര്‍ശിച്ചവര്‍ക്കു മുന്നില്‍ ബാറ്റില്‍നിന്ന് പ്രഹരശേഷി പുറത്തെടുത്ത് എം.എസ്. ധോണിയുടെയും സംഘത്തിന്‍െറയും മറുപടി. മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 285 റണ്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയുടെ (154) സെഞ്ച്വറി മികവും ഏകദിന നായകന്‍ എം.എസ്. ധോണിയുടെ (80) വിരോചിത പ്രകടനവുമാണ് വിജയത്തിന് കാതോര്‍ത്ത കിവികളുടെ ചിറകരിഞ്ഞ് പരമ്പരയില്‍ 2-1ന് ഇന്ത്യക്ക് മുന്‍തൂക്കം ഉറപ്പാക്കിയത്.
മധ്യനിര കൂപ്പുകുത്തിയിട്ടും മികച്ച സ്കോര്‍ കണ്ടത്തെിയ ന്യൂസിലന്‍ഡിനെതിരെ ഇരുവരും അഴിച്ചുവിട്ട ആക്രമണങ്ങളാണ് ത്രസിപ്പിക്കുന്ന വിജയത്തിന് കളമൊരുക്കിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോഹ്ലി-ധോണി സഖ്യം പടുത്തുയര്‍ത്തിയ 151 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചടുലമാക്കിയത്. 26ാം ഏകദിന സെഞ്ച്വറി അടിച്ചെടുത്ത കോഹ്ലിയാണ് കളിയിലെ കേമന്‍. നാലാം ഏകദിനം ഈ മാസം 26ന് റാഞ്ചിയില്‍ നടക്കും.
പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി 134 പന്തില്‍നിന്ന് 154 റണ്‍സ് കണ്ടത്തെിയത്. മൊഹാലിയിലെ മൈതാനത്ത് എന്നും മാജിക് കാട്ടിയ ധോണി എണ്ണംപറഞ്ഞ മൂന്നു സിക്സറുകളും ആറു ബൗണ്ടറികളും പറത്തി 91 പന്തുകളില്‍നിന്നാണ് 80 റണ്‍സ് നേടിയത്. 9000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനെന്ന നേട്ടവും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
ഇന്നിങ്സ് ഓപണ്‍ ചെയ്യാന്‍ താന്‍ യോഗ്യനല്ളെന്ന് ഓരോ കളിയിലും തെളിയിക്കുന്ന അജിന്‍ക്യ രഹാനെയുടെ പ്രകടനത്തിന് ഇത്തവണയും മാറ്റം കണ്ടില്ല. ഹെന്‍ട്രിയുടെ പന്തില്‍ സാന്‍റ്നറിനു പിടികൊടുത്ത് രഹാനെ (അഞ്ച്) മടങ്ങുമ്പോള്‍ 13 മാത്രമായിരുന്നു ഇന്ത്യന്‍ സ്കോര്‍. തുടക്കത്തിലെ തകര്‍ച്ചക്ക് പരിഹാരം കാണാന്‍ രോഹിത് ശര്‍മക്കൊപ്പം കോഹ്ലി ശ്രമംതുടര്‍ന്നു. എന്നാല്‍ ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റുകള്‍ക്കിടയില്‍ കുരുങ്ങി രോഹിതും (13) മടങ്ങി. പിന്നീടാണ് ആരാധകര്‍ കാണാന്‍ കാത്തിരുന്ന കളിക്ക് തുടക്കമായത്. പേരിനുപോലും പ്രതിരോധം തീര്‍ക്കാതെ ധോണിയും കോഹ്ലിയും തുടരന്‍ ആക്രമണങ്ങള്‍ക്കു മുതിര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ വേഗത്തിന്‍െറ ട്രാക്കിലായി. പന്തെറിയാനത്തെിയവര്‍ക്കെല്ലാം കണക്കറ്റു കൊടുത്താണ് ‘നായകന്മാര്‍’ മൊഹാലിയില്‍ നിറഞ്ഞാടിയത്. ധോണി നേരത്തേ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.
ഒരുവേള കോഹ്ലിയുടെ സ്കോറിനെപ്പോലും മറികടന്നു ബാറ്റുവീശി റണ്‍സ് വാരിക്കൂട്ടിയ ധോണി ഹെന്‍ട്രിയുടെ പന്തില്‍ ടെയ്ലര്‍ക്ക് പിടികൊടുത്താണ് മടങ്ങിയത്. പകരമത്തെിയ മനീഷ് പാണ്ഡെക്ക് (28 നോട്ടൗട്ട്) കോഹ്ലിക്ക് ക്രിയാത്മക പിന്തുണ നല്‍കുക മാത്രമായിരുന്നു ചുമതല.
സെഞ്ച്വറിയും കടന്ന അപരാചിത ഇന്നിങ്സ് കാഴ്ചവെച്ച കോഹ്ലി 48.2 ഓവറില്‍ മനീഷ് പാണ്ഡെക്ക് ബൗണ്ടറിയടിക്കാന്‍ അവസരം നല്‍കിയാണ് മൊഹാലിയില്‍ മോഹിപ്പിച്ച വിജയം ടീം ഇന്ത്യയുടെ പേരിലാക്കിയത്.
കിവീസിനുവേണ്ടി ടോം ലതാം 61ഉം ജെയിംസ് നീഷാം 57ഉം റോസ് ടെയ്ലര്‍ 44ഉം റണ്‍സെടുത്തു. ഇന്നിങ്സ് തുടങ്ങിയ മാര്‍ട്ടിന്‍ ഗുപ്റ്റിലും (27) ടോം ലതാമും കരുതലോടെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്. 153ന് മൂന്ന് എന്നനിലയില്‍ ഭദ്രമായി കളി പുരോഗമിക്കുന്നതിനിടെ ധോണി പന്ത് സ്പിന്നര്‍മാര്‍ക്ക് കൈമാറിയതോടെയാണ് കളിയും മാറിയത്. നായകന്‍െറ തീരുമാനം ശരിവെക്കുന്ന രീതിയില്‍ 46 റണ്‍സ് നേടുന്നതിനിടെ കിവീസ് നിരയില്‍ തുടരെ കൊഴിഞ്ഞുവീണത് ആറു വിക്കറ്റുകള്‍. അമിത് മിശ്രയുടെ പന്ത് അടിക്കാനുള്ള ശ്രമത്തിനിടെ റോസ് ടെയ്ലറെ (44) സ്റ്റംപ് ചെയ്ത് ഇന്ത്യന്‍ നായകന്‍ തന്നെയാണ് കിവീസ് ബാറ്റ്സ്മാന്മാര്‍ക്ക് പുറത്തേക്കുള്ള വഴി ആദ്യമായി ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.