വിശാഖപട്ടണം: ബാറ്റിങ് പ്രമോഷനിൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിയടിച്ച് ആഘോഷിച്ച് രോഹിത് ശർമ (127) . ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിെൻറ നാലാം ദിനം സന്ദർശകർക്ക് 495 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം വെച്ചുനീട്ടുകയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിവീരനായ ഡീൻ എൽഗാറിനെ (രണ്ട്) പുറത്താക്കുകയും ചെയ്ത ഇന്ത്യ മത്സരത്തിെൻറ കടിഞ്ഞാൺ പിടിച്ചു. രോഹിത്തിനെക്കൂടാതെ ചേതേശ്വർ പുജാര (81), രവീന്ദ്ര ജദേജ (40), വിരാട് കോഹ്ലി (25 പന്തിൽ 31), അജിൻക്യ രഹാനെ (17 പന്തിൽ 27) എന്നിവരും രണ്ടാം ഇന്നിങ്സിൽ മിന്നി.
71 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ നാലിന് 323 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. നാലാം ദിനം കളിയവസാനിപ്പിക്കുേമ്പാൾ ഒന്നിന് 11 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഒമ്പത് വിക്കറ്റും ഒരുദിവസവും കൈയിലിരിക്കേ പ്രോട്ടിയേസിന് ജയിക്കാൻ 384 റൺസ് കൂടി വേണം. എയ്ഡൻ മർക്രമും (മൂന്ന്) ത്യൂനിസ് ഡിബ്രൂയിനുമാണ് (അഞ്ച്) ക്രീസിൽ.
രോഹിത് ദിനം
ആദ്യ ഇന്നിങ്സിലെ ഇരട്ട സെഞ്ച്വറിക്കാരൻ മായങ്ക് അഗർവാൾ (7) എളുപ്പം മടങ്ങി. രണ്ടാം വിക്കറ്റിൽ പൂജാരയോടൊപ്പം ചേർന്ന് രോഹിത് ഇന്നിങ്സിെൻറ നട്ടെല്ലായ കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 169 റൺസാണ് ചേർത്തത്. സ്ട്രോക്ക്പ്ലേകളുമായി മുന്നേറി. സെഞ്ച്വറിയിലേക്ക് നടന്നടുക്കുകയായിരുന്ന പൂജാരയെ ഫിലാൻഡർ വിക്കറ്റിനുമുന്നിൽ കുടുക്കി.
സ്കോറിങ്ങിന് വേഗം കൂട്ടാൻ ജദേജ കോഹ്ലിയെ മറികടന്ന് നാലാമനായെത്തി. മൂന്ന് സിക്സറുകൾ പറത്തി ജദേജ പ്രതീക്ഷ പുലർത്തി. ഇതിനിടെ രോഹിത് മത്സരത്തിലെ രണ്ടാം സെഞ്ച്വറി തികച്ചു. രോഹിതിന് പിന്നാലെ ജദേജയും റബാദയുടെ പന്തിൽ ബൗൾഡായി. കോഹ്ലിയും (25 പന്തിൽ 31) രഹാനെയും (17 പന്തിൽ 27) സ്കോർ ചെയ്ത് 394 റൺസ് ലീഡിൽ എത്തിനിൽക്കേ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
രോഹിത് റെക്കോഡ്സ്
1. ടെസ്റ്റ് ചരിത്രത്തിൽ ഓപണിങ് അരങ്ങേറ്റത്തിൽ ഇരു ഇന്നിങ്സുകളിലും സെഞ്ച്വറി നേടുന്ന ആദ്യ താരം.
2. സുനിൽ ഗവാസ്കറിന് ശേഷം ഇരു ഇന്നിങ്സുകളിലും സെഞ്ച്വറി തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപണർ.
6. രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ. വിജയ് ഹസാരെ, സുനിൽ ഗവാസ്കർ (മൂന്നു തവണ), രാഹുൽ ദ്രാവിഡ് (രണ്ടു തവണ), വിരാട് കോഹ്ലി, അജിൻക്യ രഹാനെ എന്നവരാണ് മുൻഗാമികൾ.
7. ഇന്ത്യൻ മണ്ണിൽ തുടർച്ചയായി ഏഴാം തവണ 50 റൺസിന് മുകളിൽ സ്കോർ. ആറുതവണ വീതം ഫിഫ്റ്റിയടിച്ച എവർട്ടൻ വീക്സ്, രാഹുൽ ദ്രാവിഡ്, ആൻഡി ഫ്ലവർ എന്നിവരുടെ റെക്കോഡ് പഴങ്കഥ.
13. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സർ. വസീം അക്രമിെൻറ (12-സിംബാബ്വെ-1996) റെക്കോഡ് മറികടന്നു.
100. മത്സരത്തിലെ സ്കോറിങ് മികവിൽ സ്വന്തം മണ്ണിലെ ബാറ്റിങ് ആവറേജ് 100 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.