സെഞ്ചൂറിയൻ: ആറ് കളിക്കിടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റ് മൂന്നാം സെഞ്ച്വറി തൊട്ടപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിലും ഇന്ത്യക്ക് ജയം. ആശ്വസിക്കാൻ വകതേടിയിറങ്ങിയ ആതിഥേയരുടെ നെഞ്ചിലേക്ക് എട്ടു വിക്കറ്റ് ജയവുമായി അവസാന ആണിയും അടിച്ചുകയറ്റി 5-1െൻറ ആധികാരിക ജയത്തോടെ പ്രോട്ടിയാസിെൻറ മണ്ണിൽ ഇന്ത്യയുടെ സ്വപ്നയാത്ര. ചരിത്രനേട്ടത്തോടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കീഴിൽ ടീം ഇന്ത്യ ലോകകപ്പിനൊരുങ്ങിയെന്ന് വൻകരകൾക്കപ്പുറം വിളംബരമായി.
പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ദക്ഷിണാഫ്രിക്ക 204ന് പുറത്തായപ്പോൾ ഇന്ത്യയുടെ മറുപടി 32.1 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പൂർത്തിയായി. ശിഖർധവാനും (18), രോഹിത് ശർമയും (15) 13 ഒാവറിനുള്ളിൽ മടങ്ങിയപ്പോൾ വിരാട് കോഹ്ലിയുടെ ഒറ്റയാൻ പോരാട്ടം മതിയായിരുന്നു ഇന്ത്യക്ക് ജയമൊരുക്കാൻ. 96 പന്തിൽ 129 റൺസുമായി നായകൻ വൻമതിലായി നിലയുറപ്പിച്ചു. മറുതലക്കൽ അജിൻക്യ രഹാനെ (34) ശക്തമായ പിന്തുണയും നൽകി.
ആറ് കളിക്കിടെ മൂന്നാം സെഞ്ച്വറി നേടിയ കോഹ്ലി 558 റൺസുമായി പരമ്പരയുടെ താരവുമായി. ഭുവനേശ്വർ കുമാറിനു പകരം ഇന്ത്യൻ ടീമിലെത്തിയ പേസ് ബൗളർ ഷർദുൽ ഠാകുറിെൻറ നാലു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ 204 റൺസിൽ തളക്കാൻ സഹായകമായത്.
സ്പിന്നർമാരിൽ നിന്നും ആക്രമണ ചുമതലയേറ്റെടുത്ത ഷർദുൽ ദക്ഷിണാഫ്രിക്കൻ മുൻനിരയെ എറിഞ്ഞുവീഴ്ത്തിയപ്പോൾ 46.5 ഒാവറിൽ അവർ പുറത്തായി.
പരമ്പര തോറ്റതിെൻറ നിരാശയിൽ പാഡണിഞ്ഞ ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം മാത്രമായിരുന്നു ലക്ഷ്യം. ഒാപണർമാരായ എയ്ഡൻ മർക്രവും (24), ഹാഷിം അംലയും (10) ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചാണ് തുടങ്ങിയതെങ്കിലും ഷർദുലിെൻറ പന്തുകൾക്കു മുന്നിൽ പതറി. ഏഴാം ഒാവറിൽ അംലയുടെ വിക്കറ്റ് നഷ്ടമായി. മൂന്ന് ഒാവറിനുള്ളിൽ മർക്രവും പുറത്തായി.
മുനെയാടിഞ്ഞ ആതിഥേയർക്ക് മധ്യനിരയിലെ ഡിവില്ലിയേഴ്സ് (30), ഖയ സോൺഡോ (54), ഹെയ്ൻറിച് ക്ലാസൻ (22) എന്നിവർ ചേർന്ന് നൽകിയ പ്രതിരോധമാണ് രക്ഷയായത്. മൂന്നാം വിക്കറ്റിൽ ഡിവില്ലിയേഴ്സും സോൻഡോയും 62 കൂട്ടുകെട്ടിലൂടെ ഇന്ത്യൻ സ്പിൻ മിടുക്കിനെ വെല്ലുവിളിച്ച് സ്കോർബോർഡ് ചലിപ്പിച്ചു. ചഹലിനെ രണ്ടു സിക്സർ പായിച്ച് സോൻഡോ കൂടുതൽ അപകടഭീഷണിയും ഉയർത്തി. പക്ഷേ, ഡിവില്ലിയേഴ്സ് ചഹലിെൻറ പന്തിൽ ക്ലീൻ ബൗൾഡായതോടെ കൂട്ടുകെട്ട് തകർന്നു. പിന്നാലെ ക്ലാസനെ ബുംറയും മടക്കി. പിന്നെ കണ്ടത് ബാറ്റിങ് നിരയുടെ വരവും പോക്കും.
ഫർഹാൻ ബെഹർദീൻ (1), ക്രിസ് മോറിസ് (4), ഇമ്രാൻ താഹിർ (2)എന്നിവർ ഒറ്റയക്കത്തിൽ മടങ്ങി. പെഹ്ലുകായോ (34), മോർനെ മോർകൽ എന്നിവർ പൊരുതിയതുകൊണ്ട് സ്കോർ 200കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.