തിരുവനന്തപുരം: ഇരമ്പിയാർത്ത നീലക്കടലിന് ടീം ഇന്ത്യയുടെ കേരളപ്പിറവി സമ്മാനം. കാര്യവട്ടം സ്പോർട്സ് ഹബിലെ നിറഗാലറിയെ സാക്ഷിനിർത്തി ഇന്ത്യയുടെ യുവനിര ഏകദിന ക്രിക്കറ്റ് പരമ്പര (3-1) തീറെഴുതിയെടുത്തു. സെറ്റ് സാരിയും വെള്ളമുണ്ടും മാറിനിന്ന കേരളപ്പിറവി ദിനത്തിൽ മലയാള നാടിെൻറ െഎക്യം വിളിച്ചോതി നീലക്കുപ്പായമണിഞ്ഞ 40,000 പേർക്ക് മുന്നിൽ വിരാട് കോഹ്ലിയുടെ വീരൻമാർ കരീബിയൻ കരുത്തിനെ ഒമ്പതു വിക്കറ്റിന് തകർത്തുകളഞ്ഞു. ഏകദിന ക്രിക്കറ്റിെൻറ സുന്ദരമുഹൂർത്തങ്ങൾ അധികമൊന്നും പിറവിയെടുക്കാതിരുന്ന മത്സരമായിട്ടും ഒാരോ പന്തും ആഘോഷമാക്കിയ അനന്തപുരിയിലെ കാണികളാണ് കളിയിലെ താരം. സ്കോർ: വെസ്റ്റിൻഡീസ്: 104/10 (31.5). ഇന്ത്യ: 105/1 (14.5).
34 റൺസ് വഴങ്ങി നാല് വിൻഡീസുകാരെ തിരിച്ചയച്ച രവീന്ദ്ര ജദേജയും സമചിത്തതയോടെ പടനയിച്ച ഉപനായകൻ രോഹിത് ശർമയും (56 പന്തിൽ 63) നായകൻ വിരാട് കോഹ്ലിയും (9 പന്തിൽ 33) തലസ്ഥാന നഗരിക്ക് ക്രിക്കറ്റ് വിരുന്നൊരുക്കി. മൂന്ന് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും നാല് വർഷം മുമ്പ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ഇന്ത്യയെ നാണംകെടുത്തിയ കരീബിയൻസിനോടുള്ള പകവീട്ടൽ കൂടിയായി അഞ്ചാം ഏകദിനം. ഇതോടെ, ഇൗ വർഷത്തെ ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ അവസാനിച്ചു. രവീന്ദ്ര ജദേജയാണ് മാൻ ഒാഫ് ദ മാച്ച്. കോഹ്ലി മാൻ ഒാഫ് ദ സീരീസായി.
പന്തുകൊണ്ടൊരു നേർച്ച
കാര്യവട്ടം കാത്തിരുന്നത് ഇങ്ങനൊരു മത്സരത്തിനായിരുന്നില്ല. കോഹ്ലിയുടെ ബാറ്റിൽനിന്ന് ഗാലറിയിലേക്ക് പറന്നെത്തുന്ന സിക്സറുകൾ സ്വപ്നം കണ്ടെത്തിയവരാണ് ഏറെയും. എങ്കിലും, ഉള്ളതുകൊണ്ട് ഒാണമാഘോഷിക്കുന്ന മലയാളികൾ വിക്കറ്റുകൊണ്ട് കേരളപ്പിറവിയാഘോഷിച്ചു. പന്തെടുത്തവരെല്ലാം വിക്കറ്റു കൊയ്തപ്പോൾ രണ്ടേകാൽ മണിക്കൂറിൽ വിൻഡീസിെൻറ നടുവൊടിഞ്ഞു. ഗ്രീൻഫീൽഡിന് മുകളിലെ ഫ്ലഡ്ലൈറ്റുകൾ വെളിച്ചം പരത്തുന്നതിനു മുേമ്പ മത്സരം അവസാനിച്ചു.
ടൂർണമെൻറിൽ ആദ്യമായി വിരാട് കോഹ്ലിക്ക് ടോസ് നഷ്ടമായപ്പോൾ ഗാലറിയിലും നിരാശ പടർന്നു. എന്നാൽ, തീതുപ്പുന്ന പന്തുമായി ജസ്പ്രീത് ബൂംറയും ഭുവനേശ്വർ കുമാറും എറിഞ്ഞുതുടങ്ങിയതോടെ നീലക്കടലിളകി. നാലാം പന്തിൽ കീറൺ പവലിനെ (പൂജ്യം) പവിലിയനിലേക്ക് മടക്കി ഭുവനേശ്വർ കുമാർ ആദ്യവെടി പൊട്ടിച്ചു. ധോണിയുടെ 10,000 റൺസിന് കാതോർത്തിരുന്ന ഗാലറിക്ക് കുളിരേകിയ കാച്ചിലൂടെ ക്യാപ്റ്റൻ കൂളാണ് പവലിനെ മടക്കിയത്. ഗാലറിയിൽ ഏറ്റവുമധികം ആർപ്പുവിളികൾ മുഴങ്ങിയത് കോഹ്ലിക്കും ധോണിക്കും വേണ്ടിയായിരുന്നു.
രണ്ടാം ഒാവറിൽ വിൻഡീസിെൻറ ഹോപ്പുകൾ അസ്ഥാനത്താക്കി ഷേ ഹോപ്പിെൻറ (പൂജ്യം) കുറ്റി ജസ്പ്രീത് ബൂംറ പിഴുതെറിഞ്ഞു. ഇടംകൈയൻ പേസർ ഖലീൽ അഹ്മദിനെ സിക്സറടിച്ച് സ്വാഗതം ചെയ്ത മർലോൺ സാമുവൽസ് (24) കളിയുടെ ഗതിമാറ്റുമെന്ന് കരുതിയെങ്കിലും രവീന്ദ്ര ജദേജയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം വിക്കറ്റിലേക്ക് വഴി തുറന്നു. സന്ദർശകരുടെ പ്രതീക്ഷയത്രയും വെടിക്കെട്ടുതാരം ഷിമോൺ ഹെയ്റ്റ്മെയറിലായിരുന്നു. പതിവിന് വിപരീതമായി പ്രതിരോധിച്ചുതുടങ്ങിയ ഹെയ്റ്റ്മെയർ (ഒമ്പത്) രവീന്ദ്ര ജദേജയുടെ തന്ത്രത്തിനു മുന്നിൽ വീണു. അമ്പയർ ഒൗട്ട് വിളിച്ചില്ലെങ്കിലും ഡി.ആർ.എസിന് പോകാനുള്ള നായകെൻറ തീരുമാനം മൂന്നാം അമ്പയർ ശരിവെച്ചു.
ക്യാപ്റ്റെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ജേസൺ ഹോൾഡർ (25) പൊരുതി നോക്കിയെങ്കിലും വാലറ്റ നിരയിലെ ഒരാൾപോലും രണ്ടക്കത്തിലെത്താൻ കാത്തുനിൽക്കാതെ മടങ്ങിയതോടെ വിൻഡീസ് ഇന്നിങ്സ് കഷ്ടിച്ച് മൂന്നക്കം കടന്ന് ഒാൾ ഒൗട്ടായി. ബൂംറയും ഖലീലും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ഭുവനേശ്വറും കുൽദീപും ഒാരോ വിക്കറ്റ് സ്വന്തമാക്കി. പന്തെറിഞ്ഞ താരങ്ങളെല്ലാം ഒരോവറെങ്കിലും മെയ്ഡനാക്കിയതും കാര്യവട്ടം കണ്ടു.
സൂപ്പർ ഹിറ്റ്
കാര്യവട്ടത്തെ കോരിത്തരിപ്പിച്ച വെടിക്കെട്ട് പിറന്നത് പിന്നീടാണ്. വിൻഡീസ് ഇന്നിങ്സ് നേരത്തേ അവസാനിച്ചതോടെ ഇടവേളയില്ലാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഗ്രീൻഫീൽഡിനെ കുളിരണിയിച്ചു. റൺസിന് ദാഹിച്ച ഗാലറിക്കു നേരെ എണ്ണം പറഞ്ഞ നാല് സിക്സറുകൾ തൊടുത്ത ഹിറ്റ്മാൻ രോഹിത് ശർമയായിരുന്നു താരങ്ങളിൽ താരം. രോഹിത്തിെൻറ കരിയറിലെ 200ാം സിക്സർ ഏറ്റുവാങ്ങാനുള്ള ഭാഗ്യം കരുവട്ടത്തെ ഗാലറിക്കായിരുന്നു. സ്കോർ 18ൽ നിൽക്കെ തോമസിെൻറ പന്തിൽ രോഹിത്ത് പുറത്തായെങ്കിലും നോബോളിെൻറ രൂപത്തിൽ ഭാഗ്യം തുണക്കെത്തി.
സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ഫോറടിച്ചു തുടങ്ങിയ നായകൻ വിരാട് കോഹ്ലി ഉപനായകന് മികച്ച കൂട്ടുകാരനായി. നേരിട്ട രണ്ടാം പന്തിൽ കോഹ്ലിയെ പിടികൂടാൻ കിട്ടിയ അവസരം വിൻഡീസ് നായകൻ ജേസൺ ഹോൾഡർ പാഴാക്കി. ജീവൻ വീണുകിട്ടിയ കോഹ്ലിയും ധോണിയും ഗാലറിയെ ഇളക്കിമറിച്ച് 14.5 ഓവറിൽ ഇരുട്ടുവീഴും മുേമ്പ വീടണഞ്ഞു. ശിഖർ ധവാൻ (ആറ്) മാത്രമാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.