ജയ്പൂർ: രാജസ്ഥാൻ റോയൽസിനെതിരായ തുടർച്ചയായ രണ്ടാം മത്സരത്തിലും ലോകേഷ് രാഹുൽ ഒറ്റയാനായി കളംനിറഞ്ഞെങ്കിലും ഇത്തവണ ടീമിനെ വിജയിപ്പിക്കാനായില്ല. മറ്റാരും കാര്യമായ പിന്തുണ നൽകാതിരുന്നപ്പോൾ രാഹുൽ ഒരറ്റത്ത് പൊരുതിയിട്ടും ലക്ഷ്യത്തിന് 15 റൺസകലെ കിങ്സ് ഇലൻ പഞ്ചാബ് ഇടറിവീണപ്പോൾ നിർണായക മത്സരത്തിൽ ജയം നേടി രാജസ്ഥാൻ റോയൽസ് പ്ലേഒാഫ് സാധ്യത നിലനിർത്തി.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലർ (58 പന്തിൽ 82) നൽകിയ തകർപ്പൻ തുടക്കത്തിെൻറ കരുത്തിൽ രാജസ്ഥാൻ 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ 70 പന്തിൽ 95 റൺസുമായി പുറത്താവാതെ നിന്ന രാഹുലിന് ടീമിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് വരെയെത്തിക്കാനേ കഴിഞ്ഞുള്ളൂ.
ക്രിസ് ഗെയ്ൽ (ഒന്ന്), രവിചന്ദ്ര അശ്വിൻ (പൂജ്യം), കരുൺ നായർ (മൂന്ന്), അക്ഷദീപ് നാഥ് (ഒമ്പത്), മനോജ് തിവാരി (ഏഴ്), അക്സർ പേട്ടൽ (ഒമ്പത്), മാർകസ് സ്റ്റോയ്നിസ് (11) എന്നിവർക്കൊന്നും രാഹുലിന് പിന്തുണ നൽകാനായില്ല. രണ്ട് സിക്സും 11 ഫോറുമടക്കമാണ് രാഹുൽ 95ലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ തന്നെ രാഹുൽ പുറത്താവാതെ 84 റൺസെടുത്തിരുന്നു.
നേരത്തേ ഒാപണർ റോളിലെത്തിയ ബട്ലർ അപാര ഫോമിലായിരുന്നു. ഒരു സിക്സും ഒമ്പത് ബൗണ്ടറിയുമടക്കമാണ് ഇംഗ്ലീഷ് താരം 82 റൺസിലെത്തിയത്. എന്നാൽ മറ്റാർക്കും ബട്ലർക്ക് കാര്യമായ പിന്തുണ നൽകാനായില്ല. ക്യാപ്റ്റൻ അജിൻക്യ രഹാനെ (ഒമ്പത്), വൺഡൗണായി പ്രമോഷൻ ലഭിച്ച കൃഷ്ണപ്പ ഗൗതം (എട്ട്), സഞ്ജു സാംസൺ (22), ബെൻ സ്റ്റോക്സ് (14), സ്റ്റുവാർട്ട് ബിന്നി (11), മഹിപാൽ ലോംറോർ (ഒമ്പത് നോട്ടൗട്ട്), ജോഫ്ര ആർച്ചർ (പൂജ്യം), ജയ്ദേവ് ഉനദ്കട് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. 34 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുത ആൻഡ്രൂ ടൈയും 21 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ മുജീബുർറഹ് മാനും ഒരു വിക്കറ്റെടുത്ത സ്റ്റോയ്നിസുമാണ് രാജസ്ഥാൻ ബാറ്റിങ്ങിനെ തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.