പുണെ: പോയൻറ് പട്ടികയിലെ മുമ്പന്മാരുടെ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർകിങ്സ് തകർപ്പൻ വിജയം. ഒാപണർ അമ്പാട്ടി റായുഡു കന്നി സെഞ്ച്വറി നേടിയ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സെടുത്തു. റായുഡുവിെൻറയും ഷെയ്ൻ വാട്സെൻറയും (57) മികവിൽ ചെന്നൈ 19 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
മികച്ച ബൗളിങ് നിരയെന്ന് പേരുകേട്ട ഹൈദരാബാദിനെതിരെ ഓപണര്‍മാരായ വാട്‌സനും റായുഡുവും തുടക്കംമുതല്‍ കത്തിക്കയറി. ആക്രമിച്ച് കളിച്ച ഇരുവരും അതിവേഗം സ്കോർ ചലിപ്പിച്ചു. 31 പന്തില്‍ വാട്‌സനും 32 പന്തില്‍ റായുഡുവും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 57 റണ്‍സെടുത്ത വാട്‌സണ്‍ റണ്ണൗട്ടായി മടങ്ങി. തൊട്ടുപിന്നാലെ രണ്ട് റണ്‍സെടുത്ത സുരേഷ് റെയ്‌ന സന്ദീപ് ശർമക്ക് വിക്കറ്റ് നൽകി മടങ്ങി. എന്നാല്‍, അർധസെഞ്ച്വറിക്കുശേഷം ഗിയർ മാറ്റിയ റായുഡു 62 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏഴ് ബൗണ്ടറികളും ഏഴ് സിക്‌സുകളും അടക്കം 100 റണ്‍സെടുത്ത് റായുഡു ക്യാപ്റ്റൻ എം.എസ്. ധോണിയെ (20) സാക്ഷിനിർത്തി ചെന്നൈയെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപണര്‍ അലക്‌സ് ഹെയ്ല്‍സ് (2) എളുപ്പം മടങ്ങി. ആദ്യ 10 ഒാവറിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട ഹൈദരാബാദിെൻറ സ്കോർ 62-1 എന്ന നിലയിലായിരുന്നു. എന്നാല്‍, നിലയുറപ്പിച്ചശേഷം അടിച്ചുകളിച്ച ശിഖർ ധവാനും (49 പന്തിൽ 79) കെയ്ൻ വില്യംസണുമാണ് (39 പന്തിൽ 51) മാന്യമായ സ്കോർ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.