മുംബൈ: ഒന്നര മാസം, 56 മത്സരങ്ങൾ, എട്ടു നഗരങ്ങളിലെ വേദികൾ. വിശ്രമവും ഇടവേളയുമില്ലാത്ത പോരാട്ടദിനങ്ങൾക്കൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസൺ കൊട്ടിക്കലാശത്തിലേക്ക്. പ്രാഥമിക റൗണ്ടിനൊടുവിൽ കിരീടനിർണയത്തിെൻറ നോക്കൗട്ട് അങ്കങ്ങൾക്ക് ഇന്ന് തുടക്കം. പോയൻറ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർകിങ്സും ആദ്യ ക്വാളിഫയറിൽ ഇന്ന് മുഖാമുഖം. ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലേക്ക് ബർത്തുറപ്പിക്കാം. പരാജിതർക്ക് ക്വാളിഫയർ രണ്ടിലൂടെ മുന്നേറാനും അവസരമുണ്ട്. മൂന്നും നാലും സ്ഥാനക്കാരായ കൊൽക്കത്തയും രാജസ്ഥാനും തമ്മിൽ ബുധനാഴ്ച നടക്കുന്ന എലിമിനേറ്റർ മത്സരത്തിലെ വിജയികളാവും ക്വാളിഫയറിലെ രണ്ടാം ടീം. 27ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ഹൈദരാബാദ് x ചെന്നൈ കളിച്ച എല്ലാ സീസണിലും പ്ലേഒാഫിൽ ഇടംനേടിയ ടീമാണ് ചെന്നൈ സൂപ്പർകിങ്സ്. വിലക്കുകാലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും പതിവുതെറ്റിച്ചില്ല. പട്ടികയിൽ ഹൈദരാബാദും ചെന്നൈയും 18 പോയൻറുമായി ഒപ്പത്തിനൊപ്പമാണെങ്കിലും റൺറേറ്റിലെ നേരിയ മുൻതൂക്കം ഹൈദരാബാദിനെ ഒന്നാമതാക്കി. തുടക്കം മുതൽ ഒന്നാം സ്ഥാനത്ത് തുടർന്ന ഹൈദരാബാദ് മേയ് 10ന് ഡൽഹിയെ തോൽപിച്ച് ആദ്യം പ്ലേഒാഫ് ബെർത്ത് ഉറപ്പിച്ചിരുന്നുവെങ്കിലും അവസാന മൂന്ന് മത്സരങ്ങളിലും പരാജയം അറിഞ്ഞ് അങ്കലാപ്പിലാണ്. തുടർച്ചയായി ആറു മത്സരം ജയിച്ച അവരുടെ ൈജത്രയാത്രക്ക് കടിഞ്ഞാണിട്ടതും ചെന്നൈയായിരുന്നു. പുണെയിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു മഞ്ഞപ്പടയുടെ ജയം. ലീഗ് റൗണ്ടിലെ ആദ്യപാദത്തിൽ നേരിട്ടപ്പോഴും നേരിയ മാർജിനിൽ ജയം ചെന്നൈക്കൊപ്പമായിരുന്നു.
ടൂർണമെൻറിൽ ഹൈദരാബാദിെൻറ കുതിപ്പിന് നിർണായക പങ്കുവഹിച്ചിരുന്ന ബൗളർമാർ അവസാന സമയത്ത് നിരാശപ്പെടുത്തിയത് നോക്കൗട്ടിൽ ആശങ്കയാകുന്നു. ബാറ്റിങ്ങിൽ അപാര ഫോമിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്യംസണെ അമിതമായി ആശ്രയിക്കുന്നതും ടീമിന് വിനയാകുന്നുണ്ട്. റൺേവട്ടക്കാരിൽ രണ്ടാമതുള്ള വില്യംസണിെൻറ (661) ചിറകിലേറിയാണ് ഹൈദരാബാദിെൻറ പ്രയാണം. ഒാപണർ ശിഖർ ധവാനൊഴികെ വിശ്വസിക്കാൻ പറ്റുന്ന മറ്റ് ബാറ്റ്സ്മാന്മാർ ഇല്ല. പൊന്നുംവിലക്ക് ടീമിലെത്തിച്ച മനീഷ് പാണ്ഡെ അടക്കമുള്ള മധ്യനിര നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്നാൽ എളുപ്പമാവും. ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, സന്ദീപ് ശർമ, റാശിദ് ഖാൻ, ശാകിബ് ഹസൻ എന്നിവരടങ്ങിയ ബൗളിങ് നിര ഏതു ചെറിയ സ്കോറും തങ്ങൾ പ്രതിരോധിച്ച് ജയിക്കുമെന്ന് നേരേത്ത തെളിയിച്ചവരാണ്.
വയസ്സൻപടയെന്ന പേരുദോഷത്തെ ക്രീസിൽ മാറ്റിയെഴുതിയാണ് ധോണിപ്പടയോട്ടം. മികച്ച ഫോമിലുള്ള വെറ്ററൻ ബാറ്റ്സ്മാന്മാരായ ഷെയ്ൻ വാട്സൻ (438), ധോണി, സുരേഷ് റെയ്ന എന്നിവരുടെ വെടിക്കെട്ട് മികവാണ് ചെന്നൈയുടെ കരുത്ത്. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ ലുൻഗി എൻഗിഡിയും മികച്ച ഫോമിലാണ്. അഞ്ചു കളിയിൽ ഒമ്പതു വിക്കറ്റാണ് താരത്തിെൻറ സംഭാവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.