ലണ്ടൻ: കോവിഡ് മഹാമാരി ലോകത്തെ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നതിനിടെ ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയതിനെ ന്യായീകരിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജാസൺ ഹോൾഡർ. പണം മാത്രം ലക്ഷ്യമിട്ടോ സാഹസിക പ്രവൃത്തിയോടുള്ള താൽപര്യം കൊണ്ടോ അല്ല ഇംഗ്ലണ്ട് പരമ്പരക്ക് എത്തിയത്. കോവിഡ് മഹാമാരി ബാധിച്ച ലോകത്തെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള യഥാർഥ ശ്രമമാണ് തങ്ങളുടേതെന്ന് ഹോൾഡർ പറഞ്ഞു. ‘നിരവധി പേർ ക്രിക്കറ്റ് മത്സരം നടക്കുന്നതിന് ആഗ്രഹിച്ചിരുന്നു. എന്നാലും ഗിനിപ്പന്നികളെപ്പോലെ പരീക്ഷണത്തിനല്ല ഞങ്ങൾ എത്തിയത്. ഈ വേനൽക്കാലത്ത് ഇംഗ്ലണ്ട് പരമ്പര തീരുമാനിച്ചിരുന്നു. ഇതിനുള്ള സാധ്യത അന്വേഷിച്ച് ഉറപ്പാക്കിയതിനു ശേഷമാണ് എത്തിയത്.
പണം ആഗ്രഹിച്ചല്ല ഞങ്ങളുടെ വരവ്. സുരക്ഷതന്നെയാണ് പ്രധാനം’ വിൻഡീസ് നായകൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരോ മഹാമാരിക്കെതിരായ മുൻനിര പ്രവർത്തകരോ ആയിരുന്നുവെങ്കിൽ ഇതുപോലെ വീട്ടിൽ ഇരിക്കാൻ കഴിയുമായിരുന്നില്ല. ബ്രിട്ടനിൽ എത്തിയ ശേഷം മൂന്നാഴ്ച ക്വാറൻറീനിലാണ് വിൻഡീസ് താരങ്ങൾ. മാർച്ച് മധ്യത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ച ശേഷം നടക്കുന്ന ആദ്യ പരമ്പരയിലെ പ്രഥമ ടെസ്റ്റ് ജൂലൈ എട്ടിന് സതാംപ്ടണിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.