ന്യൂഡൽഹി: കക്ഷത്തിലുള്ളത് താഴെ പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാനുള്ള പെടാപാടിലാണ് ടീം ഇന്ത്യ. പറഞ്ഞുവരുന്നത് കരുൺ നായരെയും അജിൻക്യ രഹാനെയെയും കുറിച്ചാണ്. ഒാസീസിനെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് കാരണം ബാറ്റ്സ്മാന്മാരാണെന്ന ആരോപണം മുൻ താരങ്ങളും ഏറ്റെടുത്തതോടെയാണ് കരുണിനെ ടീമിലെടുക്കുന്നതിനെ കുറിച്ചുള്ള ആലോചന വീണ്ടും സജീവമാകുന്നത്.
എന്നാൽ, രഹാനെയെ ടീമിൽ നിന്നൊഴിവാക്കുന്നതിനോട് ക്യാപ്റ്റൻ കോഹ്ലിക്കും ചില സെലക്ടർമാർക്കും താൽപര്യമില്ല. ഇൗ സാഹചര്യത്തിൽ ടീം ഫോർമേഷൻ മാറ്റുന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ പ്രധാന ആലോചന. മാർച്ച് നാലിന് തുടങ്ങുന്ന ബംഗളൂരു ടെസ്റ്റിൽ ഏഴ് ബാറ്റ്സ്മാന്മാരെയും നാല് ബൗളർമാരെയും ഉൾപെടുത്തുന്നതിനെ കുറിച്ചാണ് ചർച്ച നടക്കുന്നത്.
അഞ്ച് ബൗളർമാരും ആറ് ബാറ്റ്സ്മാന്മാരും എന്ന തന്ത്രം ആദ്യ ടെസ്റ്റിൽ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിലാണ് മുൻതാരങ്ങൾ. അഞ്ചാം ബൗളറായി ടീമിലെത്തിയ ജയന്ത് യാദവിന് തിളങ്ങാനാവാതെ പോയത് ഇൗ വാദത്തിന് ബലം പകരുന്നു. 6^5 എന്ന ഫോർമാറ്റിൽനിന്ന് 7^4 ഫോർമാറ്റിലേക്ക് മാറുകയാണെങ്കിൽ ഗുണം ചെയ്യുന്നത് മലയാളി താരം കരുൺ നായർക്കായിരിക്കും. അവസാന മത്സരത്തിൽ ട്രിപ്ൾ സെഞ്ച്വറി അടിച്ചിട്ടും പുറത്തിരിക്കേണ്ടി വന്ന കരുൺ നായരെ ടീമിലെടുക്കണമെന്ന് നേരെത്ത ആവശ്യമുയർന്നിരുന്നു.
എന്നാൽ, രഹാനെക്ക് അവസരം നൽകാനെന്ന പേരിലാണ് കരുണിനെ പുറത്തിരുത്തിയത്. നാല് ബൗളർമാർ മതി എന്ന തീരുമാനത്തിലെത്തിയാൽ യാദവിന് പകരം കരുൺ ആദ്യ ഇലവനിൽ ഇടം നേടും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 7^4 ഫോർമാറ്റ് വിജയം കണ്ടിരുന്നു. ഏഴ് ബാറ്റ്സ്മാന്മാരെ ഉൾപെടുത്തണമെന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ താരം അജിത് വഡേക്കറുടേത്. എന്നാൽ, പിച്ചിെൻറ സ്വഭാവം അനുസരിച്ച് അന്തിമ തീരുമാനം എടുക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും 7^4 ഫോർമാറ്റിന് അനുകൂലമാണ്.
അതേസമയം ഒറ്റ ടെസ്റ്റിലെ പരാജയത്തിെൻറ പേരിൽ ടീം ഫോർമാറ്റ് മാറ്റേണ്ടതില്ലെന്നാണ് മുൻ വിക്കറ്റ് കീപ്പറും ഇന്ത്യൻ ടീമിെൻറ സെലക്ഷൻ കമ്മിറ്റി അംഗവുമായ സാബാ കരീം അഭിപ്രായപ്പെട്ടത്. കരുൺ നായരെ സൈഡ് ബെഞ്ചിൽ ഇരുത്തിയ തീരുമാനത്തിൽ െതറ്റില്ലെന്നും ക്രിക്കറ്റിൽ ഇത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ബാറ്റിങ്ങിൽ മാത്രമല്ല, ബൗളിങ്ങിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. വിക്കറ്റ് കണ്ടെത്താൻ വിയർപ്പൊഴുക്കുന്ന ഇശാന്ത് ശർമക്ക് പകരം ഭുവനേശ്വർ കുമാർ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. പരിക്കിൽ നിന്ന് മോചിതനായ മുഹമ്മദ് ഷമിയെ ടീമിൽ എടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.