ന്യൂഡൽഹി: ബി.സി.സി.ഐയിൽ തനിക്ക് വേണ്ടത്ര സ്വാധീനമില്ലാത്തതാണ് പരിശീലകനായി തെരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള കാരണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വീരേന്ദ്ര സെവാഗ്. പരിശീലകനാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ബി.സി.സി.ഐയിലെ തന്നെ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയതാണ് അപേക്ഷിച്ചതെന്നും വ്യക്തമാക്കിയ സെവാഗ് ഇനിയൊരിക്കലും താന്‍ ഇത്തരമൊരു അപേക്ഷകനായി വേഷം കെട്ടില്ലെന്നും അറിയിച്ചു. ഒരു ടെലിവിഷന്‍ ചാറ്റ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു സെവാഗ്.
പരിശീലക സ്ഥാനം ഞാന്‍ ഒരിക്കലും ആലോചിച്ചിരുന്ന ഒന്നല്ല. പരിശീലകനാകാനുള്ള ഓഫര്‍ എനിക്ക് മുന്നില്‍ വെക്കപ്പെടുകയായിരുന്നു. ബി.സി.സി.ഐ ആക്റ്റിംഗ് സെക്രട്ടറി അമിതാഭ് ചൌധരിയും ജനറല്‍ മാനേജര്‍ എം.വി ശ്രീധറുമാണ് ഇത്തരമൊരു പദവി സംബന്ധിപ്പിച്ച് സൂചിപ്പിച്ച് എന്നോട് ഇതേക്കുറിച്ച് ആലോചിക്കാന്‍ പറഞ്ഞത്. ഏറെ ആലോചിച്ച ശേഷമാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്, അവര്‍ അഭ്യര്‍ഥിച്ചപ്പോള്‍ അത് പരിഗണിച്ചെന്ന് മാത്രം. സ്വന്തം നിലയില്‍ ഇത്തരമൊരു ചിന്ത എനിക്കുണ്ടായിരുന്നില്ല. ഇനിയുണ്ടാകാന്‍ പോകുന്നുമില്ല - സെവാഗ് വ്യക്തമാക്കി.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് നായകന്‍ വിരാട് കൊഹ്‍ലിയുമായി സംസാരിച്ചിരുന്നെന്നും അപേക്ഷിക്കാനാണ് കൊഹ്‍ലിയും പറഞ്ഞതെന്നും സേവാഗ് വ്യക്തമാക്കി. രവി ശാസ്ത്രി പരിശീലക സ്ഥാനക്കേത്ത് അപേക്ഷിക്കുന്നുണ്ട് എന്നറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അപേക്ഷിക്കില്ലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കിടെ രവിശാസ്ത്രിയോട് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നത് സംബന്ധിച്ച് ചോദിച്ചിരുന്നു. ഒരിക്കല്‍ പറ്റിയ അബദ്ധം ആവര്‍ത്തിക്കാനില്ലെന്നായിരുന്നു അന്ന് ലഭിച്ച മറുപടിയെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.