വഡോദര: ഇന്ത്യൻ ക്രിക്കറ്റിലെ ലേഡി സൂപ്പർ സ്റ്റാർ മിതാലി രാജിനെത്തേടി മറ്റൊരു അപൂർവനേട്ടം കൂടി. രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിൽക്കുന്ന കരിയറിനുടമയായ ഏക വനിത ക്രിക്കറ്ററെന്ന റെക്കോഡാണ് ഇന്ത്യൻ ഏകദിന ടീം നായികയായ മിതാലി (20 വർഷം 105 ദിവസം) സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കക്കെതിരെ വഡോദര സ്റ്റേഡിയത്തിൽ ഒന്നാം ഏകദിന മത്സരത്തിനിറങ്ങിയാണ് മിതാലി ചരിത്രം രചിച്ചത്.
1999 ജൂൺ 26ന് അയർലൻഡിനെതിരായിരുന്നു അരങ്ങേറ്റം. ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽക്കറാണ് (22 വർഷം 91 ദിവസം) ഏറ്റവും ദൈർഘ്യമേറിയ ക്രിക്കറ്റ് കരിയറിനുടമ. ശ്രീലങ്കയുടെ സനത് ജയസൂര്യയും (21 വർഷം 184 ദിവസം) പാകിസ്താെൻറ ജാവേദ് മിയാൻദാദും (20 വർഷം 272 ദിവസം) കഴിഞ്ഞ് ഈ പട്ടികയിൽ നാലാം സ്ഥാനത്താണ് മിതാലി.
വലംകൈയൻ ബാറ്റ്സ്വുമണായ മിതാലി (204) ഏറ്റവും കൂടുതൽ ഏകദിനം കളിച്ച താരം കൂടിയാണ്. 10 ടെസ്റ്റുകളിലും 89 ട്വൻറി20കളിലും ഇന്ത്യയെ പ്രതിനിധാനംചെയ്ത് കഴിഞ്ഞ മാസം ട്വൻറി20യിൽ നിന്ന് വിരമിച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ എട്ടുവിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.
സന്ദർശകർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 50 പന്തുകൾ ശേഷിെക്ക ഇന്ത്യ മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.