കോഹ്ലി ഭീഷണി; ധോണിക്ക് ജയിച്ചേ തീരൂ

വിശാഖപട്ടണം: ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അഞ്ചാം ഏകദിനത്തിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ മഹേന്ദ്ര സിംഗ് ധോണിയിറങ്ങുന്നത് നിരവധി കാര്യങ്ങൾ മനസ്സിലുറപ്പിച്ചാണ്. തൻെറ ബാറ്റിങ് പിഴവുകൾ പരിഹരിക്കുന്നതിനൊപ്പം പരമ്പരനേട്ടത്തോടെ ധോണിക്ക് ഏകദിനക്യാപ്റ്റൻ സ്ഥാനം ഉറപ്പിക്കുകയും വേണ്ടതുണ്ട്. 

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ധോണിക്ക് ഇത്ര ടെൻഷനുണ്ടായിരുന്നില്ല. ടെസ്റ്റ് പരമ്പര തൂത്തുവാരിയ വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീം പരിമിത ഓവറിൽ ധോണിക്ക് കീഴിൽ താരതമ്യേന വിജയകരമല്ല. നിലവിലെ ഫോമിൽ ധോണിയേക്കാൾ നന്നായി കോഹ്ലി നായകസ്ഥാനം അർഹിക്കുന്നുണ്ടെന്ന് പലരും കരുതുന്നു. കോഹ്ലിക്ക് കീഴിൽ 3-0ത്തിന് പരമ്പര നേടിയ ടീം ഏകദിന പരമ്പരയിൽ ധോണിയുടെ കീഴിലും ന്യൂസിലൻഡിനെതിരെ ആധിപത്യം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. 'ദീപാവലി ധമാക്ക' ആഘോഷിക്കാനായി ഒരുക്കിയ റാഞ്ചി ഏകദിനത്തിൽ കെയ്ൻ വില്യംസണിൻെറ സംഘത്തോട് ഇന്ത്യക്ക് 19 റൺസിന് തോൽക്കേണ്ടി വന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-2ന് സമനിലയിലാണിപ്പോൾ. നായകൻെറ ബാറ്റൺ കൈമാറേണ്ടി വരാതിരിക്കാൻ വിശാഖപട്ടണത്തെ ഫൈനൽ പോരാട്ടം ധോണിക്ക് ജയിച്ചേ തീരു.

2014 ഡിസംബറിൽ  ധോണിയുടെ പെട്ടെന്നുള്ള ടെസ്റ്റ് വിരമിക്കലിന് ശേഷം ഇന്ത്യക്ക് രണ്ട് ഏകദിന പരമ്പരകളെ തൂത്തുവാരാൻ കഴിഞ്ഞിട്ടുള്ളൂ. അതും കുഞ്ഞന്മാരായ സിംബാബ്വെക്കെതിരെ, ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിൽ ധോണിക്ക് ക്യാപ്റ്റൻസിയിൽ തിളങ്ങാനായിരുന്നില്ല. ധാക്കയിൽ ബംഗ്ലാദേശിനോട് 1-2നാണ് ഇന്ത്യ തോറ്റത്. പിന്നീട് ഇന്ത്യയിൽ വെച്ച് ധോണിയുടെ ടീം ദക്ഷിണാഫ്രിക്കയോട് 2-3ന് തോൽക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻമണ്ണിലെ ആദ്യ ഏകദിനപരമ്പരയായിരുന്നു അത്. തുടർന്ന് ഏകദിന പരമ്പരക്കായി ഇന്ത്യൻ ടീം ആസ്ട്രേലിയയിലേക്ക് യാത്രയായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.

ന്യൂസിലാൻഡിനെതിരായ ആദ്യപരമ്പര ധർമശാലയിൽ വിജയിച്ച് ഇന്ത്യ തുടക്കം ഉഷാറാക്കിയിരുന്നു. എന്നാൽ ഡൽഹി ഫിറോസ് ഷ കോട്ലയിൽ ടീം പരാജിതരായി. മൊഹാലിൽ വിരാട് കോഹ്ലിയുടെ മികവിലാണ് ധോണി വിജയം നേടിയത്. റാഞ്ചിയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ അജിങ്ക്യ രഹാനെ (57), വിരാട് കോഹ്ലി (45) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. 

വർഷങ്ങളായി ഫിനിഷറുടെ റോളിൽ കളിക്കുന്ന ധോണി തന്റെ ബാറ്റിംഗ് വീണ്ടെടുക്കുന്നതിന് നാലാം നമ്പർ സ്ഥാനത്തേക്കിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കോഹ്ലിക്കൊപ്പം 80 റൺസ് ചേർത്ത മൊഹാലിയിലെ ഇന്നിങ്സാണ് ധോണിയുടെ പരമ്പരയിലെ മികച്ചത്. കിവിസിനെതിരായ ഏകദിനപരമ്പരയിൽ 21,39, 11 എന്നിവയാണ് ധോണിയുടെ സ്കോറുകൾ. അവസാന ഇന്നിങ്സിൽ 39 പന്തിൽ നിന്നാണ് ധോണി 11 റൺസ് നേടിയത്. വിക്കറ്റുകൾക്കിടയിലെ ഒാട്ടത്തിന് തനിക്ക് പഴയ പോലെ സാധിക്കുന്നില്ലെന്ന് ധോണി തന്നെ തുറന്നു സമ്മതിച്ചിരുന്നു.

തന്റെ വിസ്ഫോടനാത്മകമായ ബാറ്റിംഗ് ശക്തി തിരികെ കൊണ്ടുവരാനാണ് ധോണിയുടെ ശ്രമം. വിശാഖപട്ടണം ഇന്ത്യൻ ക്യാപ്റ്റൻെറ ഭാഗ്യഗ്രൗണ്ടുകളിലൊന്നാണ്. 2005ൽ ബദ്ധവൈരികളായ പാകിസ്താനെതിരെ 123  പന്തുകളിൽ നിന്നും 148 റൺസെടുത്ത് വരവറിയിച്ചത് ഇവിടെ വെച്ചായിരുന്നു. ക്യാപ്റ്റൻ സൗരവ് ഗാംഗുലി ധോണിയെ അന്ന് മൂന്നാം നമ്പറിലായിരുന്നു ക്രീസിലിറക്കിയത്. 15 ബൗണ്ടറിയും നാല് സിക്സുമാണ് ആ ഇന്നിംഗ്സിൽ ധോണി അടിച്ചെടുത്തത്. കിവിസിനെതിരായ അവസാന ഏകദിനത്തിൽ ആ ഇന്നിങ്സിന് സമാനമായ ബാറ്റിങ് ധോണിയിൽ നിന്നും ഉണ്ടാകുമെന്നാണ് ആരാധകലോകം പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - MS Dhoni aims to redeem batting and captaincy ahead of deciding ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.