ബിർമിങ്ഹാം: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ് ബിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് വിജയിക്കാൻ 220 റൺസ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ ഉജ്ജ്വല ബൗളിങ്ങിലൂടെ പാകിസ്താൻ 50 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 219 റൺസിലൊതുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് പിഴുത ഹസൻ അലി, രണ്ടു വിക്കറ്റ് വീതമെടുത്ത ജുനൈദ് ഖാൻ, ഇമാദ് വസീം, ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ഹഫീസ് എന്നിവരാണ് പാക് ബൗളർമാരിൽ തിളങ്ങിയത്.
75 റൺസുമായി പുറത്താവാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടത്തിയത്. 104 പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും പായിച്ച മില്ലർക്ക് മികച്ച കൂട്ടുനൽകാൻ ആർക്കുമായില്ല. ഹാഷിം അംല (16), ക്വിൻറൺ ഡികോക് (33), ക്യാപ്റ്റൻ അബ്രഹാം ഡിവില്ലിയേഴ്സ് (പൂജ്യം), ഫാഫ് ഡ്യൂപ്ലെസി (26), ജെ.പി. ഡ്യൂമിനി (എട്ട്), വെയ്ൻ പാർനൽ (പൂജ്യം), ക്രിസ് മോറിസ് (28), കാഗിസോ റബാദ (26) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ആറിന് 118 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ മോറിസിനെയും റബാദയെയും കൂട്ടുപിടിച്ച് മില്ലർ കരകയറ്റുകയായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലുള്ള അംലയും ഡികോക്കും സൂക്ഷ്മതയോടെയാണ് തുടങ്ങിയത്. പാക് ഇടങ്കയ്യൻ ന്യൂബാൾ ബൗളർമാരായ ആമിറും ജുനൈദും കൃത്യതയോടെ പന്തെറിഞ്ഞതോടെ ഇരുവർക്കും വേഗത്തിൽ സ്കോർ ചെയ്യാനായില്ല. ഒമ്പതാം ഒാവറിൽ സ്കോർ 40ലെത്തിയപ്പോൾ അംലയും 14ാം ഒാവറിൽ 60ലെത്തിനിൽക്കെ ഡികോക്കും പുറത്തായി. പേസർമാർ വരിഞ്ഞുമുറുക്കിയശേഷം സ്പിന്നർമാരാണ് രണ്ടു പേരെയും പുറത്താക്കിയത്.
20 പന്തിൽ രണ്ടു ബൗണ്ടറി പായിച്ച അംലയെ ഇമാദ് വസീമും 49 പന്തിൽ രണ്ടു ഫോറടിച്ച ഡികോക്കിനെ ഹഫീസും വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ നായകൻ ഡിവില്ലിയേഴ്സ് മടങ്ങിയതാണ് ദക്ഷിണാഫ്രിക്കയെ തളർത്തിയത്. വസീമിെൻറ പന്തിൽ ഹഫീസിന് പിടികൊടുത്തായിരുന്നു മടക്കം. ആദ്യ മൂന്നു വിക്കറ്റും സ്പിന്നർമാർ നേടിയപ്പോൾ പിന്നീട് രംഗം പേസർ ഹസൻ അലി ഏറ്റെടുത്തു.
സ്കോർ 90ൽ എത്തിയപ്പോൾ ഡുപ്ലെസി, അലിയുടെ പന്ത് വിക്കറ്റിലേക്ക് വലിച്ചിടുകയായിരുന്നു. സ്കോർ 118ൽ എത്തിയപ്പോൾ അലി എതിരാളികൾക്ക് ഇരട്ട പ്രഹരമേൽപിച്ചു. ജെ.പി. ഡ്യൂമിനിയും വെയ്ൻ പാർനലും അടുത്തടുത്ത പന്തുകളിൽ പുറത്ത്. ഡ്യൂമിനിയെ ബാബർ അസാമിെൻറ കൈകളിലെത്തിച്ച അലി പാർനലിെൻറ കുറ്റി പിഴുതു. ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന മില്ലറും മോറിസുമാണ് ദക്ഷിണാഫ്രിക്കയെ തരക്കേടില്ലാത്ത സ്കോറിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.