ഹൈദരാബാദ്: 18 വര്‍ഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി മാസത്തിലെ ഏഴാം നാള്‍. ഡല്‍ഹി ഫിറോസ് ഷാ കോട്ല മൈതാനിയിലെ സ്കോര്‍ ബോര്‍ഡില്‍ പത്ത് പാകിസ്താന്‍ ബാറ്റ്സ്മാന്മാരുടെ പേരിനു നേരെയും ഒരേയൊരു പേരേ ഉണ്ടായിരുന്നുള്ളൂ -അനില്‍ കുംബ്ളെ. 37 റണ്‍സെടുത്ത വസീം അക്രമിനെ വി.വി.എസ്. ലക്ഷ്മണിന്‍െറ കൈയിലത്തെിച്ചപ്പോള്‍ ഫിറോസ് ഷായില്‍ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു. ഒരിന്നിങ്സിലെ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കുന്ന ലോകത്തെ രണ്ടാമത്തെ താരമായി അനില്‍ കുംബ്ളെയുടെ പേര് എഴുതപ്പെട്ട ചരിത്ര നിമിഷം.
18 വര്‍ഷം മുമ്പാണ് ‘പെര്‍ഫെക്ട് ടെന്‍’ സംഭവിച്ചതെങ്കിലും ഇന്നലെയാണോ അത് സംഭവിച്ചത് എന്നുപോലും തോന്നിപ്പോകുന്നതായി ഇന്ത്യന്‍ ടീമിന്‍െറ കോച്ചു കൂടിയായ അനില്‍ കുംബ്ളെ പറഞ്ഞു. ഇംഗ്ളണ്ടിന്‍െറ ജിം ലേക്കറിനു പിന്നാലെ അനില്‍ കുംബ്ളെയുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ട ശേഷം ക്രിക്കറ്റില്‍ മറ്റൊരാള്‍ ഇക്കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ പെര്‍ഫെക്ട് ടെന്നിന് ഉടമയായിട്ടില്ല. ‘പതിവുപോലെ അന്നും ബൗള്‍ ചെയ്യാനിറങ്ങി. പെര്‍ഫെക്ട് ടെന്‍ സംഭവിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഒടുവില്‍ അത് നേടുന്നതുവരെ അവിശ്വസനീയമായിരുന്നു’ -കുംബ്ളെ ആ ദിനങ്ങള്‍ ഓര്‍ക്കുന്നു.
74 റണ്‍സിനാണ് പാകിസ്താന്‍െറ രണ്ടാമിന്നിങ്സിലെ മുഴുവന്‍ വിക്കറ്റുകളും കുംബ്ളെ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ 75 റണ്‍സിന് നാല് വിക്കറ്റുകളും കുംബ്ളെ വീഴ്ത്തിയിരുന്നു.
ക്രിക്കറ്റില്‍ വീണ്ടും ‘പെര്‍ഫെക്ട് ടെന്‍’ ആവര്‍ത്തിക്കപ്പെടുമോ എന്ന ചോദ്യത്തിന് അനില്‍ കുംബ്ളെ സരസമായി മറുപടി പറഞ്ഞു. ‘അതു വേണമെങ്കില്‍ നാളെ സംഭവിച്ചേക്കാം. ചിലപ്പോള്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടാവാം. ചിലപ്പോള്‍ അങ്ങനെയൊന്ന് ഇനിയുണ്ടായില്ല എന്നും വരാം. ആരും എനിക്കായി 10 വിക്കറ്റും വെച്ചുനീട്ടിയതല്ല. അതങ്ങനെ സംഭവിച്ചതാണ്’.മൈതാനത്തെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഓര്‍മിക്കപ്പെടുന്നത് സന്തോഷമാണെന്നും കുംബ്ളെ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.