ഡർബൻ: വാണ്ടറേഴ്സിലെ പേപിടിച്ച പിച്ചിൽനിന്ന് വീണ്ടെടുത്ത ആത്മവിശ്വാസവുമായി ഇന്ത്യ ഏകദിന പോരാട്ടത്തിന്. ടെസ്റ്റ് പരമ്പരയിലെ തോൽവിയുടെ നിരാശ മാറ്റി ആറ് ഏകദിനങ്ങളടങ്ങിയ രണ്ടാം ഘട്ട അങ്കത്തിന് വ്യാഴാഴ്ച ഡർബനിലെ കിങ്സ്മെഡിൽ തുടക്കം. രാത്രിയും പകലുമായാണ് കളി. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ഏകദിന പരമ്പരയെന്ന സ്വപ്നത്തിലേക്ക് ഇന്ത്യ ബാറ്റേന്തുേമ്പാൾ ലക്ഷ്യം 14 മാസത്തിനപ്പുറമുള്ള ലോകകപ്പ്. ഇംഗ്ലണ്ടും വെയ്ൽസും വേദിയാവുന്ന 2019 ലോകകപ്പിനു മുമ്പായി വിദേശ മണ്ണിലെ തയാറെടുപ്പ് പോരാട്ടങ്ങൾക്ക് ദക്ഷിണാഫ്രിക്കയിൽ തുടക്കമാവുകയാണ്. ഇതു കഴിഞ്ഞാൽ മൂന്നു മാസത്തിനുള്ളിൽ ശ്രീലങ്ക, ഇംഗ്ലണ്ട്, അയർലൻഡ് പര്യടനവും പിന്നാലെ െഎ.പി.എല്ലും. ഫെബ്രുവരി നാല് (സെഞ്ചൂറിയൻ), ഏഴ് (കേപ്ടൗൺ), 10 (ജൊഹാനസ് ബർഗ്), 13 (പോർട്ട് എലിസബത്ത്), 16 (സെഞ്ചൂറിയൻ) എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മത്സരങ്ങൾ.
മെരുങ്ങാത്ത ദക്ഷിണാഫ്രിക്ക
ടെസ്റ്റിലെന്നപോലെ ഏകദിനത്തിലും ദക്ഷിണാഫ്രിക്കൻ പിച്ചുകൾ ഇന്ത്യക്ക് ഭീതിയുടേതാണ്. 1992-93 സീസൺ മുതൽ 28 ഏകദിനങ്ങൾ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിച്ചിട്ടുണ്ട്. 21ലും ജയം ആതിഥേയർക്ക്. അഞ്ച് കളിയിൽ ഇന്ത്യയും. രണ്ടു മത്സരങ്ങൾ ഫലമില്ലാതെ പിരിഞ്ഞു. എന്നാൽ, 50 ഒാവർ ക്രിക്കറ്റിൽ പഴയ ഇന്ത്യയല്ല ഇത്. നാട്ടിലും മറുനാട്ടിലുമായി രണ്ടു വർഷത്തിനിടെ ഒരു പരമ്പരപോലും കൈവിടാതെയാണ് കോഹ്ലിപ്പടയുടെ യാത്ര. 2016 ജനുവരിയിൽ ആസ്ട്രേലിയയിൽ 4-1ന് തോറ്റ ശേഷം വിജയപരമ്പരകളുടെ നാളുകളായിരുന്നു. സിംബാബ്വെ, ന്യൂസിലൻഡ് (രണ്ട് പരമ്പര), ഇംഗ്ലണ്ട്, വിൻഡീസ്, ശ്രീലങ്ക (2), ആസ്ട്രേലിയ എന്നിവർക്കെതിരെ പരമ്പരകൾ നേടി. 32 കളിയിൽ 24 ജയം. പക്ഷേ, ഇതെല്ലാം കണക്കിലെ കളികൾ മാത്രം.
കളത്തിലിറങ്ങിയാൽ ഇന്ത്യയുടെ വീര്യം ടെസ്റ്റിലേതു പോലെയാവുമോയെന്ന് കാത്തിരുന്നു കാണാം.ഏകദിന റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്ക ഒന്നും ഇന്ത്യ രണ്ടും സ്ഥാനത്താണ്. പരമ്പര 4-2ന് ജയിച്ചാൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. പേസ് ബൗളിങ്ങാണ് ഇരു ടീമിെൻറയും വജ്രായുധം. ഒരു സ്പിന്നർക്കും ഇടം ലഭിച്ചേക്കും. ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അക്സർ പേട്ടൽ എന്നിവരിലൊരാൾ ഇടംപിടിക്കും. ഒാൾറൗണ്ടിനാണ് പരിഗണനയെങ്കിൽ കേദാർ ജാദവിനാവും അവസരം. ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ കോഹ്ലിക്ക് പകരം മധ്യനിരയിൽ കളിച്ച ശ്രേയസ് അയ്യർ മികച്ച പ്രകടനത്തിെൻറ പിന്തുണയിലും വഴിമാറേണ്ടിവരും. ഇന്ത്യൻ മണ്ണിൽ മൂന്ന് ഏകദിനത്തിൽ രണ്ട് അർധസെഞ്ച്വറിയോടെ ശ്രേയസ് മിന്നുന്ന ഫോമിലായിരുന്നു. ടെസ്റ്റിൽ ഏറെ പഴികേട്ട രോഹിത് ശർമക്ക് പക്ഷേ, ഏകദിനത്തിൽ വെല്ലുവിളിയില്ല. നാലാമനായി അജിൻക്യ രഹാനെയോ മനീഷ് പാണ്ഡെയോ ഇടംപിടിക്കും.
ദക്ഷിണാഫ്രിക്കൻ നിരയിൽ എബി ഡിവില്ലിയേഴ്സിനു പകരം എയ്ഡൻ മർക്രം ഇറങ്ങും. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്ന ജെ.പി. ഡുമിനിയും തിരിച്ചുവരും. ബൗളിങ് നിരയിൽ പേസർമാർക്ക് പുറമെ, സ്പിന്നർ ഇംറാൻ താഹിറും തിരിച്ചെത്തും.
സാധ്യത ടീം
ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, അജിൻക്യ രഹാനെ/മനീഷ് പാണ്ഡെ, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്/ ചഹൽ, മുഹമ്മദ് ഷമി/ഷർദുൽ ഠാകുർ.
ദക്ഷിണാഫ്രിക്ക: ഹാഷിം ആംല, ക്വിൻറൺ ഡികോക്ക്, ഫാഫ് ഡുെപ്ലസിസ്, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, അൻഡിലെ പെഹ്ലുകായോ, കഗിസോ റബാദ, മോർനെ മോർകൽ, ഇംറാൻ താഹിർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.