തിരുവനന്തപുരം: സൗരാഷ്ട്രയെ തകർത്ത് തരിപ്പണമാക്കിയ ശേഷം ഡ്രസിങ് റൂമിലെത്തിയ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരാവാഹികളോട് തെൻറ മീശപിരിച്ച് കോച്ച് ഡേവ് വാട്ട്മോർ പറഞ്ഞു ‘കേരളം പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനാണ്. കിട്ടിയ അടി തിരിച്ചുകൊടുക്കാൻ പിള്ളേർക്ക് ഇപ്പോൾ അറിയാം. എെൻറ ആൺകുട്ടികൾ ജയിക്കാൻ പഠിച്ചിരിക്കുന്നു.’ അതെ ഡേവ്, സമ്മർദങ്ങളിലും പ്രതിസന്ധികളിലും കേരളം ജയിക്കാൻ പഠിച്ചിരിക്കുന്നു. കഴിഞ്ഞ സീസൺ വരെ സമനിലക്കായി കളിച്ച ടീം, എതിർ ടീമിനെതിരെ ലീഡ് നേടിയാൽ കിട്ടുന്ന മൂന്ന് പോയൻറുകൊണ്ട് എല്ലാം തികഞ്ഞെന്ന് വിശ്വസിക്കുന്ന പരിശീലകർ, മൈതാനത്തിനകത്തും പുറത്തുമുള്ള നെറികെട്ട ഗ്രൂപ്പിസം, ഇതിനെല്ലാമിടയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട താരനിര. ഇന്നലെവരെ ഇതായിരുന്നു കേരള ക്രിക്കറ്റ്. എന്നാൽ, ഇന്ന് ഡേവ് വാട്ട്മോർ എന്ന വിഖ്യാത പരിശീലകനുമുന്നിൽ ക്രിക്കറ്റ് എന്തെന്ന് യുവനിര അറിഞ്ഞു തുടങ്ങിയിരിക്കുന്നു. കളിച്ച അഞ്ചുകളിൽ നാലിലും മികച്ച വിജയം. പരാജയപ്പെട്ടത് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിനോട് മാത്രം. ക്വാർട്ടറിലേക്ക് കടക്കാൻ ഇനി വെല്ലുവിളിയായി മുന്നിലുള്ളത് ഹരിയാന മാത്രം.
ഡേവ് സിമ്പിളാണ്, പവർഫുളും കഴിഞ്ഞ സീസണിൽ മറുനാടൻ താരങ്ങളെ കൊണ്ടുവന്നതിൽ ടീമിനുള്ളിൽതന്നെ മുറുമുറുപ്പ് ഉണ്ടായിരുന്നു. രണ്ടു ചേരിയിലായി ടീം നിലകൊണ്ടു. ഫലമോ ജയിക്കാമായിരുന്ന കളികൾപോലും സമനില പിടിച്ചുവാങ്ങി. ജലജ് സക്സേനയുടെയും ഇഖ്ബാൽ അബ്ദുല്ലയുടെയും ഒറ്റയാൾ പ്രകടനങ്ങൾ എങ്ങും എത്താതെ പോയി. പക്ഷേ, പിണക്കങ്ങളെ ഇണക്കങ്ങളാക്കി മാറ്റാൻ ഡേവിന് വേണ്ടി വന്നത് ഒരു മാസം മാത്രം. ചെന്നൈയിലെ ക്യാമ്പോടുകൂടി കേരളം ‘ടീം കേരള’യായി മാറുകയായിരുന്നു. ക്യാപ്റ്റൻ സചിൻ ബേബിയുടെ വാക്കുകൾ ഇങ്ങനെ ‘ഡേവ് വളരെ ശാന്തനാണ്. ടീമിലെ ഒരോ അംഗത്തിനും അദ്ദേഹത്തോട് എന്തും പറയാം. തോളിൽ കൈയിട്ടുകൊണ്ട് തലക്കനമില്ലാതെ ജാടകളില്ലാതെ അദ്ദേഹമത് കേൾക്കും. നല്ലതാണെങ്കിൽ അംഗീകരിക്കും. പലപ്പോഴും ജയിക്കാവുന്ന മത്സരങ്ങളിൽപോലും നമ്മൾ കളിച്ചിട്ടുള്ളത് സമനിലക്ക് വേണ്ടിയാണ്. റിസ്ക് എടുക്കാൻ കോച്ച് തയാറാകില്ല. ഇതോടെ ഫീൽഡിൽ തീരുമാനമെടുക്കാനുള്ള ക്യാപ്റ്റെൻറ ചങ്കുറപ്പും പോകും. എന്നാൽ, ഡേവ് കളിക്കാർക്കൊപ്പമാണ്. സ്വന്തം കഴിവിൽ വിശ്വസിച്ച് കളിക്കാൻ അദ്ദേഹം പറഞ്ഞു. ആ വിശ്വാസമാണ് ഞങ്ങളുടെ ഈ വിജയങ്ങൾ.’
പിള്ളേര് കലക്കി കഴിഞ്ഞ സീസണിൽ മോശം ഫോമിനെ തുടർന്ന് ഡ്രസിങ് റൂമിലെത്തി ബാറ്റ് തല്ലിയൊടിച്ചതിന് ഏറെ പഴിക്കേണ്ട സഞ്ജു സാംസണിനെയും കേരളത്തിനു വേണ്ടി കളിക്കാനെത്തിയ ജലജ് സക്സേനയെയും രാകി മിനുക്കിയാണ് ഡേവ് ഇത്തവണ ഇറക്കിയത്. ഫലമോ കഴിഞ്ഞ സീസണിൽ 334 റൺ നേടിയ സഞ്ജു ഇതിനോടകം നേടിയത് 561 റൺ. ഇതിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും. സീസണിൽ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ തിരുവനന്തപുരത്തുകാരൻ. എന്നാൽ, ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സഞ്ജു. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ജലജ് (34).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.