ലാഹോർ: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയെ പുകഴ്ത്തി പാകിസ്താൻ മുൻ ഫാസ്റ്റ് ബൗളർ ശുഹൈബ് അക്തർ. ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെട്ട് പുറത്തായ ശേഷം മുഹമ്മദ് ഷമി തന്നെ വിളിച്ച് ഉപദേശം തേടിയിരുന്നുവെന്ന് അക്തർ പറഞ്ഞു.
എന്നാൽ പാക് ബൗളിങ് താരങ്ങളാരും തന്നെ വിളിച്ച് ഉപദേശങ്ങൾ തേടാറില്ലെന്ന നിരാശയും അദ്ദേഹം പങ്കുവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ ഞായറാഴ്ച നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന് വിജയിക്കുകയും ഷമി അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അക്തർ ഷമിയെ പുകഴ്ത്തി രംഗത്തെത്തിയത്.
‘‘ഷമി എന്താണ് ചെയ്തതെന്ന് കണ്ടില്ലെ... വിശാഖപട്ടണത്തെ ഫ്ലാറ്റ് പിച്ചിലും അദ്ദേഹം വിക്കറ്റ് നേടി. ഞാൻ വളരെ സന്തോഷവാനാണ്. ദുഃഖകരമെന്ന് പറയട്ടെ, എങ്ങനെ ബൗളിങ് മെച്ചപ്പെടുത്താമെന്ന് ഞങ്ങളുടെ പാകിസ്താൻ ഫാസ്റ്റ് ബൗളർമാർ എന്നോട് ചോദിച്ചിട്ടേയില്ല. ഇന്ത്യൻ ബൗളർ ഷമി അത് ചെയ്യുന്നു. എൻെറ രാജ്യത്തിൻെറ കാര്യമെടുത്താൽ വളരെ ദുഃഖകരമായ സാഹചര്യമാണ്.’’ അക്തർ പറഞ്ഞു.
താൻ വളരെ ദുഃഖിതനാണെന്നും തനിക്ക് നന്നായി പന്തെറിയാൻ സാധിച്ചില്ലെന്നും ഷമി തന്നോട് പറഞ്ഞപ്പോൾ വിഷമിക്കരുതെന്നും ശാരീരിക ക്ഷമത നിലനിർത്തണമെന്നും താൻ ഷമിയോട് പറഞ്ഞുവെന്നും അക്തർ വ്യക്തമാക്കി. വളരെ മികച്ച ഒരു ഫാസ്റ്റ് ബൗളറായി മാറണമെന്നും റിവേഴ്സ് സ്വിങിൻെറ രാജാവായി മാറാൻ ഷമിക്ക് സാധിക്കുമെന്നും താൻ അദ്ദേഹത്തോട് പറഞ്ഞതായും അക്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.