മുംബൈ: കളിക്കാരനും നായകനുമായി ക്രിക്കറ്റ് ക്രീസ് വാണ ബംഗാൾ രാജകുമാരൻ സൗരവ് ഗാംഗുലിയുടെ കൈകളിലേക്ക് ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിെൻറ ഭരണചക്രവും. ബി.സി.സി.ഐയുടെ പുതിയ അധ്യക്ഷപദവിയിലേക്ക് എതിരില്ലാതെയാണ് ഗാംഗുലിയുടെ വരവ്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായ ഗാംഗുലി തിങ്കളാഴ്ച ബി.സി.സി.ഐയുടെ ഓഫിസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ (ഗുജറാത്ത്) സെക്രട്ടറിയും മുൻ ബി.സി.സി.ഐ പ്രസിഡൻറും കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് ഠാകുറിെൻറ സഹോദരൻ അരുൺ ധുമാൽ (ഹിമാചൽ പ്രദേശ്) പുതിയ ട്രഷററുമാകും. ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജിനും എതിരില്ല. മുൻ ക്രിക്കറ്റ് താരവും കർണാടക പ്രതിനിധിയുമായ ബ്രിജേഷ് പട്ടേലിെൻറ പേര് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നെങ്കിലും നാടകീയമായി ദാദക്ക് നറുക്കു വീഴുകയായിരുന്നു. ഈമാസം 23ന് നടക്കുന്ന ബി.സി.സി.ഐ ജനറൽ ബോഡിയിൽ ഇവരെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മഹാരാജ്കുമാർ വിജയനഗരത്തിന് (1954-1956) ശേഷം ബി.സി.സി.ഐ പ്രസിഡൻറാകുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് ഗാംഗുലി.
ആഴ്ചകൾ നീണ്ട കൂടിയാലോചനകളുടെയും ചർച്ചകളുടെയും ഒടുവിലാണ് ക്രിക്കറ്റ് ഭരണത്തിെൻറ താക്കോൽ ദാദയിലെത്തുന്നത്. മുംൈബയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഞായറാഴ്ച രാത്രി നടന്ന യോഗത്തിൽ എൻ. ശ്രീനിവാസൻ വിഭാഗവും അനുരാഗ് ഠാകുർ വിഭാഗവും പ്രസിഡൻറ് സ്ഥാനത്തിനായി കടുംപിടിത്തത്തിലായിരുന്നു. ഒടുവിൽ ഠാകുറിെൻറയും അമിത് ഷായുടെയും പിന്തുണയുള്ള ദാദയെ സമവായത്തിലൂടെ അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു. പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെൻറ താൽപര്യം അമിത് ഷായെ ഗാംഗുലി നേരേത്ത നേരിട്ടുകണ്ട് ധരിപ്പിച്ചിരുന്നു.
എൻ. ശ്രീനിവാസെൻറ പിന്തുണയുണ്ടായിട്ടും പ്രസിഡൻറ് സ്ഥാനം ലഭിക്കാതിരുന്ന പട്ടേൽ ഐ.പി.എൽ ചെയർമാനാകും. ബി.സി.സി.ഐയുടെ ഒമ്പതംഗ അപക്സ് കൗൺസിലിലേക്ക് ഇന്ത്യൻ ക്രിക്കറ്റേഴ്സ് അേസാസിയേഷെൻറ പുരുഷ പ്രതിനിധിയായി മുൻ ഇന്ത്യൻ നായകൻ അൻഷുമാൻ ഗെയ്ക്വാദ് തെരഞ്ഞെടുക്കപ്പെട്ടു. കീർത്തി ആസാദിനെയാണ് പിന്തള്ളിയത്. വനിതാ പ്രതിനിധിയായി ശാന്ത രംഗസാമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കളിക്കാർ ക്രിക്കറ്റ് ഭരണരംഗത്തേക്ക് വരുന്നതിനാൽ ഭിന്നതാൽപര്യ വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളുെട സാമ്പത്തിക ഉന്നതിക്കും ആഭ്യന്തര ക്രിക്കറ്റിെൻറ വളർച്ചക്കും ഊന്നൽകൊടുക്കുമെന്നും നിയുക്ത പ്രസിഡൻറ് ഗാംഗുലി വ്യക്തമാക്കി. ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതോടെ നിലവിൽ ജോയൻറ് സെക്രട്ടറിയായ അഭിഷേക് ഡാൽമിയ പ്രസിഡൻറാകും.
ക്യാപ്റ്റനിൽനിന്ന് പ്രസിഡൻറിലേക്ക്
പുതു സഹസ്രാബ്ദത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് ദിശാബോധം നൽകിയ നായകനായാണ് സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കുന്നത്. ഇടംകൈയൻ ഓപണറുടെ റോളിൽനിന്നും പുതുമുഖക്കാർക്കും യുവാക്കൾക്കുമായി വീറോടെ വാദിച്ച നായകനായി ഗാംഗുലി മാറി. അദ്ദേഹത്തിെൻറ ക്യാപ്റ്റൻസിക്കു കീഴിലായിരുന്നു പിന്നീടുള്ള കാലം ഇന്ത്യൻ ക്രിക്കറ്റിെൻറ നെടുംതൂണുകളായി മാറിയ യുവതാരങ്ങളുടെ വളർച്ച. ഗാംഗുലി വളർത്തിക്കൊണ്ടുവന്ന ടീമിനെ ഒന്നു പാകപ്പെടുത്തിയെടുക്കേണ്ട ജോലി മാത്രമാണ് പിൻകാലത്ത് ടീമിനെ നയിച്ച നായകന്മാർക്ക് വേണ്ടിവന്നുള്ളൂ.
1992ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ടീമിൽ സ്ഥിരസാന്നിധ്യമാകാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. 1996ൽ ടെസ്റ്റ് ടീമിൽ അരങ്ങേറി. 311 ഏകദിനങ്ങളിൽനിന്നായി 11,363 റൺസും 113 ടെസ്റ്റുകളിൽനിന്നായി 7212 റൺസും സ്കോർ ചെയ്തിട്ടുണ്ട്. 49 ടെസ്റ്റുകളിലും 146 ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചു. 2008ലായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽനിന്നുള്ള പടിയിറക്കം. 2012 വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർന്നു. പിന്നീടാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലൂടെ ഭരണതലപ്പത്തേക്ക് ഇന്നിങ്സ് ആരംഭിക്കുന്നത്.
ജയേഷ് ജോര്‍ജ് ജോയൻറ് സെക്രട്ടറി
തിരുവനന്തപുരം: എസ്.കെ. നായർക്കും ടി.സി. മാത്യുവിനുംശേഷം മറ്റൊരു മലയാളികൂടി ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗത്തേക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) പ്രസിഡൻറ് ജയേഷ് ജോർജാണ് ബി.സി.സി.ഐ ജോയൻറ് സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
2005ല്‍ എറണാകുളം ജില്ല ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയായാണ് ജയേഷ് ക്രിക്കറ്റ് ഭരണനേതൃത്വത്തിലേക്ക് എത്തിയത്. തുടര്‍ന്ന് കെ.സി.എ ജോയൻറ് സെക്രട്ടറി, ട്രഷറര്‍ പദവികള്‍ വഹിച്ചു. 2017ല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തു. മിന്ന ജയേഷാണ് ഭാര്യ. ജോര്‍ജ് എം. ജയേഷ്, മാത്യു എം. ജയേഷ് എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.