വിശാഖപട്ടണം: ടെസ്റ്റായാലും ഏകദിനമായാലും തനിക്കിഷ്ടം ഓപണിങ് ആണെന്ന് തെളിയിച്ച് രോഹിത് ശർമയുടെ സെഞ്ച്വറി ഓപണിങ് അരങ്ങേറ്റം. ആറു വർഷം മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും ആദ്യമായി ഇന്നിങ്സ് ഓപൺ ചെയ്യാൻ അവസരം ലഭിച്ച ബിഗ് ഹിറ്റർ സെഞ്ച്വറി പ്രകടനത്തോടെ തുടക്കം ഗംഭീരമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഇന്നിങ്സിെൻറ ആദ്യദിനം രോഹിതും (115 നോട്ടൗട്ട്), മായങ്ക് അഗർവാളും (84) ക്രീസിൽ നിലയുറപ്പിച്ചതോടെ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 202 റൺസെടുത്തു. പൊടുന്നനെ ഇടിയോടെയെത്തിയ മഴകാരണം ആദ്യ ദിനത്തിലെ കളി 59 ഓവറിൽ അവസാനിപ്പിക്കുകയായിരുന്നു.
തുടക്കം മനോഹരം
അമ്മയുടെ നാടായ വിശാഖപട്ടണത്തുനിന്ന് ടെസ്റ്റ് കരിയറിന് മറ്റൊരു ദിശ നൽകിയിരിക്കുകയാണ് രോഹിത്. ടോസ് നഷ്ടമായ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് അഞ്ച് ബൗളർമാരെ ഉപയോഗിച്ച് ന്യൂബോളിൽതന്നെ ഇന്ത്യൻ ഓപണർമാരെ വലിഞ്ഞ് മുറുക്കാൻ ശ്രമം നടത്തി. വരണ്ട പിച്ചിലെ പന്ത് കുത്തിത്തിരിയുമെന്ന് കണക്കാക്കി കേശവ് മഹാരാജ്, ഡെയ്ൻ പീഡിറ്റ്, സെനുറാം മുത്തുസാമി സ്പിൻ ത്രയത്തെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറക്കിയത്. എന്നാൽ ആദ്യ ഓവറുകളിൽ ശ്രദ്ധയോടെ ബാറ്റുവീശിയ രോഹിതും അഗർവാളും പിടിച്ചുനിന്നു. പേസർമാർ മാറി സ്പിന്നർമാർ വന്നതോടെ വേഗത കുറഞ്ഞ വരണ്ട പിച്ചിൽ ഇരുവരും ഗിയർ മാറ്റി ആക്രമണം തുടങ്ങി. ഏഴു സിക്സറുകളാണ് രണ്ടുപേരും ആദ്യദിനം അടിച്ചുകൂട്ടിയത്. ഉച്ചഭക്ഷണത്തിനു മുമ്പ് അർധസെഞ്ച്വറി തികച്ച രോഹിത് ശേഷം ആക്രമണ രൂപംപൂണ്ടു. സ്പിന്നർമാരെയാണ് താരം പ്രധാനമായും ആക്രമിച്ചത്. സ്പിന്നർ ഡാനി പീഡ്റ്റ്നെ ഡീപ് മിഡ്വിക്കറ്റിൽ തുടർച്ചയായി സിക്സറിന് പറത്തിയാണ് രോഹിത് 90ലെത്തിയത്. അരങ്ങേറ്റക്കാരനായ സ്പിന്നർ സെനുറാൻ മുത്തുസാമിക്കെതിരെ സിംഗിളെടുത്താണ് രോഹിത് നാലാം ടെസ്റ്റ് െസഞ്ച്വറി പൂർത്തിയാക്കിയത്. 174 പന്തിൽ 12 ബൗണ്ടറികളും അഞ്ച് സിക്സറുകളും അടക്കമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്.
മറുവശത്ത് കന്നി ടെസ്റ്റ് സെഞ്ച്വറിയിലേക്ക് നടന്നടുക്കുന്ന അഗർവാളും മികച്ച ഷോട്ടുകളുമായി രോഹിത്തിന് പിന്തുണയേകി. കേശവ് മഹാരാജിനെ എക്സ്ട്രാ കവറിൽ സികസറിന് പറത്തി അഗർവാൾ അർധശതകം പൂർത്തിയാക്കി. 11 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കമാണ് താരം ടെസ്റ്റിലെ ഉയർന്ന സ്കോറിലെത്തിയത്. 60ാം ഓവറിെൻറ ആദ്യ പന്തെറിഞ്ഞതിന് തൊട്ടുപിന്നാലെ ഇടിയോടുകൂടിയ മഴയെത്തി. ഉച്ചക്ക് തുടങ്ങിയ മഴ വൈകീട്ട് ചായക്കുശേഷവും അവസാനിക്കാത്തിനാൽ 3.31ന് ആദ്യദിനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സന്ദർശക നിരയിൽ അരങ്ങേറിയ ഓൾറൗണ്ടർ മുത്തുസാമി തമിഴ് വംശജനാണ്.
റെക്കോഡ് പങ്കിട്ട് ബ്രാഡ്മാനും ഹിറ്റ്മാനും
ഇന്ത്യയിൽ കളിച്ച അവസാന ആറ് ടെസ്റ്റുകളിലും ഫിഫ്റ്റി സ്വന്തമാക്കിയ രോഹിത് ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാെൻറ െറക്കോഡിനൊപ്പമെത്തി. ഹോം ആവറേജിെൻറ കാര്യത്തിലാണ് ഇരുവരും സമാസമമായത് (98.22). 50 ഇന്നിങ്സിൽ നിന്നും ബ്രാഡ്മാൻ 4322 റൺസെടുത്തപ്പോൾ 15 ഇന്നിങ്സിൽ നിന്നും രോഹിത് 884 റൺസെടുത്തു. തുടർച്ചയായ ആറാം അർധശതകത്തിലൂടെ ‘വൻമതിൽ’ രാഹുൽ ദ്രാവിഡിെൻറ റെക്കോഡിനൊപ്പവും രോഹിത് നിലയുറപ്പിച്ചു.
ടെസ്റ്റ് ഓപണിങ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ശിഖർ ധവാൻ (187- ആസ്ട്രേലിയ, 2013), ലോകേഷ് രാഹുൽ (110-ആസ്ട്രേലിയ, 2015), പൃഥ്വി ഷാ (134- വെസ്റ്റിൻഡീസ്- 2018) എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.