സെഞ്ചൂറിയൻ: ആദ്യ പരമ്പര നഷ്ടപ്പെട്ട ശേഷം തുടർച്ചയായ രണ്ട് പരമ്പര ജയങ്ങളോടെ ദക്ഷിണാഫ്രിക്കൻ പര്യടനം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് വിരാട് കോഹ്ലിയും സംഘവും. ടെസ്റ്റ് പരമ്പര 1-2ന് തോറ്റശേഷം ഏകദിന മത്സരങ്ങളിൽ ആധികാരിക ജയവുമായി 5-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ ട്വൻറി20യിൽ 28 റൺസ് ജയവുമായി മികച്ച തുടക്കമിട്ട സന്ദർശകർക്ക് ഇന്ന് ജയിക്കാനായാൽ ഒരു കളി ശേഷിക്കെ തന്നെ ട്വൻറി20 പരമ്പര നേടാം.
നായകൻ കളിക്കുമോ?
ആദ്യ ട്വൻറി20യിൽ ഫീൽഡ് ചെയ്യുന്നതിനിടെ അരക്കെട്ടിന് പരിക്കേറ്റ കോഹ്ലി ഇന്ന് കളിക്കുന്ന കാര്യം ഉറപ്പില്ല. കോഹ്ലിയില്ലെങ്കിൽ ശ്രേയസ് അയ്യർക്ക് അവസരം ലഭിക്കും. പരിക്ക് സാരമുള്ളതല്ലാത്തതിനാൽ ഇന്ന് കോഹ്ലി ഇറങ്ങുമെന്ന് തന്നെയാണ് സൂചന. ആദ്യ ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ കാൽമുട്ടിന് പരിക്കേറ്റിട്ടും തുടർന്നുള്ള മത്സരങ്ങളിൽ കോഹ്ലി കളിച്ചിരുന്നു. ഇന്ന് കൂടി കളിച്ച് ജയത്തോടെ പരമ്പര സ്വന്തമാക്കിയാൽ അപ്രസക്തമാവുന്ന അവസാന കളിയിൽ കോഹ്ലി വിശ്രമിച്ചേക്കും.
മൂന്നാം നമ്പറിൽ മികച്ച സ്കോറുകളുമായി ടീമിനെ മുന്നിൽനിന്ന് നയിക്കുന്ന കോഹ്ലിയുണ്ടായിട്ടും ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്നയായിരുന്നു വൺഡൗൺ പൊസിഷനിൽ ബാറ്റേന്തിയത്. ഇന്നും അത് തുടരുമോ എന്ന് കണ്ടറിയേണ്ടിവരും. കോഹ്ലിക്ക് പകരം അയ്യർ ഇറങ്ങുകയാണെങ്കിൽ റെയ്ന തന്നെയാവും മൂന്നാം നമ്പറിൽ.
ബൗളിങ് കരുത്തിൽ ഇന്ത്യ
ആദ്യ കളിയിൽ അഞ്ച് വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറിെൻറയും സ്ഥിരതയോടെ പന്തെറിയുന്ന ജസ്പ്രീത് ബുംറയുടെയും ഏത് ഘട്ടത്തിലും വിക്കറ്റെടുക്കാനറിയുന്ന യുസ്വേന്ദ്ര ചഹലിെൻറയും നേതൃത്വത്തിലുള്ള ബൗളിങ് നിരയിൽ ഇന്നും കുൽദീപ് പുറത്തിരിക്കുമോ അതോ ജയ്ദേവ് ഉനദ്കടിന് പകരം ഇറങ്ങുമോ എന്നത് നിർണായകമായേക്കും. വാണ്ടറേഴ്സിനെക്കാൾ വേഗത കുറഞ്ഞ സൂപ്പർ സ്പോർട്ട് പാർക്കിലെ പിച്ചിൽ കുൽദീപ് ഇറങ്ങാനാണ് കൂടുതൽ സാധ്യത.
ഒന്നും ശരിയാവാതെ ദക്ഷിണാഫ്രിക്ക
ഫാഫ് ഡുപ്ലസിക്ക് പിന്നാലെ എ.ബി. ഡിവില്ലിയേഴ്സിനെ കൂടി പരിക്കുമൂലം നഷ്ടമായതോടെ പരീക്ഷണ ടീമുമായാണ് ആതിഥേയരുടെ പടപ്പുറപ്പാട്. നായകനായ ജെ.പി. ഡ്യൂമിനി, ഡേവിഡ് മില്ലർ തുടങ്ങിയ പരിചയസമ്പന്നർ ഒന്നും ഫോമിലല്ല. ആദ്യ കളിയിൽ അർധ സെഞ്ച്വറി നേടിയ ഒാപണർ റീസ ഹെൻഡ്രിക്സിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസനിലുമാണ് ടീമിെൻറ ബാറ്റിങ് പ്രതീക്ഷ. പരിചയസമ്പത്ത് കുറഞ്ഞ ബൗളർമാർ ആദ്യ കളിയിൽ ഏറെ അടി വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.