കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ഇരട്ട പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യൻ ടീമുകൾ ശനിയാഴ്ച കളത്തിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരകൾ സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യയുടെ പുരുഷ, വനിത ടീമുകൾ ശനിയാഴ്ച ഇറങ്ങുന്നത്. മൂന്ന് മത്സര പരമ്പരയിൽ 1-1ന് തുല്യതയിൽ നിൽക്കെ നിർണായക അങ്കത്തിൽ പുരുഷ ടീം കേപ്ടൗണിൽ ആതിഥേയരെ എതിരിടുേമ്പാൾ അഞ്ച് കളികളടങ്ങിയ പരമ്പര തോൽക്കില്ലെന്ന ഉറപ്പിൽ 2-1 ലീഡുമായി വനിതകൾ ശനിയാഴ്ച അതേ മൈതാനത്ത് അവസാന മത്സരത്തിനിറങ്ങും.
വിജയ പര്യവസാനത്തിന് മെൻ ഇൻ ബ്ലൂ
രണ്ട് മാസത്തിലേറെ നീണ്ട പര്യടനം ടീം ഇന്ത്യക്ക് സമ്മിശ്ര ഫലങ്ങളാണ് സമ്മാനിച്ചത്. മികച്ച പോരാട്ടത്തിനുശേഷം ടെസ്റ്റ് പരമ്പര 1-2ന് അടിയറവെച്ച വിരാട് കോഹ്ലിയും സംഘവും ഗംഭീര പ്രകടനത്തിലൂടെ ഏകദിന പരമ്പര 5-1ന് സ്വന്തമാക്കിയിരുന്നു. ട്വൻറി20 പരമ്പര കൂടി നേടാനായാൽ വിജയത്തോടെ പര്യടനത്തിന് പര്യവസാനം കുറിക്കാൻ ടീം ഇന്ത്യക്കാവും. ജൊഹാനസ്ബർഗിൽ നടന്ന ആദ്യ കളി ഇന്ത്യ 28 റൺസിന് ജയിച്ചപ്പോൾ, സെഞ്ചൂറിയനിലെ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചിരുന്നു.
കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ഇന്ത്യ ഇതുവരെ ട്വൻറി20 കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കും ഇൗ മൈതാനത്ത് നല്ല ഒാർമകളല്ല കൂടുതൽ. കളിച്ച എട്ട് ട്വൻറി20കളിൽ അഞ്ചിലും ആതിഥേയർക്ക് പരാജയമായിരുന്നു ഫലം. വയറിന് പരിക്കേറ്റ ജസ്പ്രീത് ബുംറ പൂർണ ഫിറ്റല്ലെങ്കിലും ശനിയാഴ്ച കളിേച്ചക്കും. കഴിഞ്ഞ കളിയിൽ സ്റ്റാർ ലെഗ്സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ എതിരാളികൾ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചതോടെ ബുംറ കൂടിയില്ലാതിരുന്ന ഇന്ത്യൻ ബൗളിങ്ങിെൻറ പിടിവിടുകയായിരുന്നു.
വിജയമധുരം തേടി ഇന്ത്യൻ വനിതകളും
ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യൻ വനിതകൾ ട്വൻറി20 പരമ്പരയും നേടാനുറച്ചാണ് ഹർമൻപ്രീത് കൗറിെൻറ നേതൃത്വത്തിൽ ഇറങ്ങുന്നത്. വിജയിക്കാനായാൽ അടുത്തിടെ ആസ്ട്രേലിയക്കെതിരെ ട്വൻറി20 പരമ്പര നേടിയിരുന്ന ഇന്ത്യക്കത് മികച്ച നേട്ടമാവും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികൾ ഏഴ്, ഒമ്പത് വിക്കറ്റുകൾക്ക് ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. നാലാം മത്സരം മഴ മുടക്കുകയും ചെയ്തു. ബാറ്റിങ്ങിൽ നായിക ഹർമൻപ്രീത്, വെറ്ററൻ താരം മിതാലി രാജ്, ഒാപണർ സ്മൃതി മന്ദാന എന്നിവരിലാണ് ഇന്ത്യൻ പ്രതീക്ഷ. ബൗളിങ്ങിൽ സ്പിന്നർമാരായ അനൂജ പാട്ടീലും പൂനം യാദവും പുതുമുഖ പേസർ പൂജ വസ്ത്രാകറുമാണ് തിളങ്ങിനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.