മുംബൈ: ശ്രീലങ്കക്കു പിന്നാലെ ഐ.പി.എൽ 13ാം സീസണിനു വേദിയൊരുക്കാൻ സന്നദ്ധതയറിയിച്ച് യു.എ.ഇയും. കോവിഡിൽ മുടങ്ങിയ മത്സരങ്ങൾ നിഷ്പക്ഷവേദിയിൽ നടത്താൻ ബി.സി.സി.ഐ തിരക്കിട്ട് ശ്രമംതുടരുന്നതിനിടെയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് താൽപര്യം അറിയിച്ചത്. 2014ൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ 20ഓളം മത്സരങ്ങൾ യു.എ.ഇയിൽ നടത്തിയിരുന്നു. ശ്രീലങ്ക ക്രിക്കറ്റ് (എസ്.എൽ.സി) നേരത്തേ സന്നദ്ധത അറിയിച്ചതാണ്.
ഐ.പി.എൽ മത്സരങ്ങൾ ഇന്ത്യയിൽ കോവിഡ് മുക്തമായ വേദികളിൽ തന്നെ നടത്താനാണ് ദേശീയ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ ശ്രമം. പക്ഷേ, നിലവിലെ സാഹചര്യത്തിൽ രോഗനിരക്ക് അപകടകരമായി കുതിക്കുകയാണ്. 60,000ത്തിലേറെ പേർ വൈറസ് ബാധിതരാകുകയും 2000ത്തിലേറെ പേർ മരിക്കുകയും ചെയ്തു. മിക്ക വേദികളും സ്ഥിതിചെയ്യുന്ന പട്ടണങ്ങൾ കോവിഡ് ഹോട്സ്പോട്ടുകളാണ്. ഇന്ത്യയിൽ കായിക വേദികൾക്ക് വിലക്ക് തുടരുന്നപക്ഷം മറ്റ് പോംവഴികൾ തേടുകയാണെങ്കിൽ മാത്രമാകും വിദേശ മൈതാനങ്ങൾ പരിഗണനയിലെത്തുക. യു.എ.ഇ ക്രിക്കറ്റ് അധികൃതർക്ക് സമ്മതമാണെങ്കിലും വിദേശയാത്ര ലോകംമുഴുക്കെ സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ പുറത്തെ വേദികളെ കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ലെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടുന്നതിെൻറ മുന്നോടിയായാണ് ഐ.പി.എൽ അധികൃതർ വിവിധ കേന്ദ്രങ്ങളുമായി ചർച്ച നടത്തുന്നത്. ഇന്ത്യയിൽ നടന്നാൽപോലും അടച്ചിട്ട മൈതാനങ്ങളിലാകും നടത്തുക. ഇതോടെ, കാണികളുടെ ടിക്കറ്റ് നിരക്ക് മാത്രമല്ല, സ്പോൺസർമാർ നൽകുന്ന തുകയിലെ ഒരു വിഹിതവും സംഘാടകർക്ക് നഷ്ടമാകും. ഒരു ഐ.പി.എൽ സീസൺ വഴി ബി.സി.സി.ഐക്ക് 2500 കോടി രൂപയാണ് വരുമാനം. താരങ്ങൾക്ക് ശമ്പളയിനത്തിൽ 600 കോടി നൽകുേമ്പാൾ നടത്തിപ്പുകാർക്ക് 150 കോടിയോളം ലാഭമുണ്ടാകും.
2009ൽ ദക്ഷിണാഫ്രിക്കയിൽ ഐ.പി.എൽ നടത്തിയപ്പോൾ 11.4 ദശലക്ഷം ഡോളർ (86 കോടി രൂപ) ആയിരുന്നു ക്രിക്കറ്റ് സൗത്ത് ആഫ്രിക്കക്ക് വരുമാനം. യു.എ.ഇ ബോർഡ് പക്ഷേ, അത്രയും തുക ഈടാക്കിയിരുന്നില്ലെങ്കിലും കളി നടത്തിയത് കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകാൻ സഹായകമായി. ഇത്തവണയും കളി കടൽ കടന്നാൽ, മൂന്നാം തവണയാകും െഎ.പി.എൽ പുറംവേദിയിൽ അരങ്ങേറുന്നത്. നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ്. ഐ.പി.എൽ സീസൺ അവിടെ നടത്താനായാൽ സാമ്പത്തികമായി രക്ഷപ്പെടാനാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.