തിരുവനന്തപുരം: ‘‘എെൻറ പൊന്നു കേദാറേ, ക്യാച്ച് എടുക്കല്ലേടാ, അവനെങ്കിലും ഒന്ന് അടിച്ചോെട്ട...’’ -വ്യാഴാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജാസൺ ഹോൾഡർ തേഡ്മാനിലേക്ക് ഉയർത്തിയടിച്ച പന്തുകണ്ട് ഗാലറിയിൽ നിന്നുയർന്ന രോദനങ്ങളിലൊന്നായിരുന്നു ഇത്. ഭുവനേശ്വർ കുമാറിെൻറയും ബുംറയുടെയും ആദ്യ രണ്ടു വിക്കറ്റുകൾ കൈയടിയോടെ സ്വീകരിച്ചവർ, പിന്നീട് നീലക്കുപ്പായത്തെ നെഞ്ചോടു ചേർത്ത് വിൻഡീസിെൻറ ആയുസ്സിനായി പ്രാർഥിക്കുന്നതിനും കാര്യവട്ടം സാക്ഷിയായി.
വെടിക്കെട്ടുവീരൻ ഹേറ്റ്മെയറിനെതിരെ ഇന്ത്യ റിവ്യൂവിലേക്ക് തിരിയുമ്പോഴും ആരാധകർ തലയിൽ കൈവച്ച് പറഞ്ഞു: ‘‘കടുംകൈ കാണിക്കല്ലേ, ധോണിക്ക് 10,000 തികക്കാനെങ്കിലും അവൻ അവിടെ നിൽക്കട്ടെ.’ അത്രത്തോളമായിരുന്നു കാര്യവട്ടത്തെ ജനസാഗരം എതിരാളികളുെട റണ്ണിനായി ദാഹിച്ചത്. കരീബിയൻസിെൻറ ഓരോ സിംഗിളുകളെയും കൈയടിയോടെ പ്രോത്സാഹിപ്പിച്ചവർ, പന്ത് ബൗണ്ടറിയിലെത്തുമ്പോൾ നീലപ്പടയുടെ കൈയൊന്ന് ചോർന്നിരുന്നെങ്കിലെന്നും ആശിച്ചു. അവസാനം കളമറിയാതെ കളിച്ച്, ഇയ്യാംപാറ്റകളെപ്പോലെ പിച്ചിൽ എരിഞ്ഞൊടുങ്ങിയ വിൻഡീസ് നിരയെ ശപിച്ചുകൊണ്ടാണ് ഓരോ ക്രിക്കറ്റ് പ്രേമിയും ഇരുട്ട് വീഴുംമുമ്പ് വീടണഞ്ഞത്.
പിച്ചിലൊളിപ്പിച്ച ‘മാജിക്’ കഴിഞ്ഞ നാല് ഏകദിനങ്ങളെപ്പോലെ തന്നെ റണ്ണൊഴുകുന്ന പിച്ചായിരുന്നു ഗ്രീൻഫീൽഡിലേതും. എന്നാൽ, ക്യൂറേറ്റർ എ.എം. ബിജു അതിലൊരു മാജിക് ഒളിപ്പിച്ചിരുന്നു. ആദ്യ 10 ഓവർ ഇരുടീമുകൾക്കും ബാറ്റിങ് ദുഷ്കരമാകും. ആ 60 പന്തുകൾ അതിജീവിച്ചാൽ പിന്നീട് പന്ത് ബാറ്റിലേക്ക് ഒഴുകിയെത്തും. എന്നാൽ, ഇതു മനസ്സിലാക്കാൻ ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശിയ ഹോൾഡറിനും സംഘത്തിനും കഴിഞ്ഞില്ല. ഗ്രൗണ്ടിെൻറ ഒരു വശത്ത് 80 മീറ്ററും മറുവശത്ത് 75 മീറ്ററുമായിരുന്നു അതിർത്തിയിലേക്കുള്ള ദൂരം. വിൻഡീസിെൻറ കൂടുതൽ പേരും കൂറ്റനടിക്ക് ശ്രമിച്ചത് മൈതാനത്തിെൻറ ദൂരംകൂടിയ ഭാഗത്തായിരുന്നു. ഇതുപോലും തിരിച്ചറിയാൻ കരീബിയൻ സംഘത്തിനായില്ല. റൺസടിക്കാൻ വിൻഡീസ് മറന്നതോടെ മലയാളിക്ക് നഷ്ടമായത് ഒരുപിടി സുവർണ കാഴ്ചകളായിരുന്നു.
‘ട്രോൾ’ വധം കൂറ്റൻ തോൽവിക്കിരയായ വിൻഡീസ് നിരയെയും മത്സരം കാണാനെത്തിയ ആരാധകരെയും ട്രോളി കൊല്ലുകയാണ് ട്വിറ്ററും ഫേസ്ബുക്കുമടങ്ങിയ സോഷ്യൽ മീഡിയ. സൂര്യാസ്തമയത്തിനുമുമ്പ് മത്സരം അവസാനിച്ചതു തന്നെയാണ് പ്രധാന വിഷയം.
കാറ്റുപോയ ബിരിയാണി കളി തുടങ്ങും മുമ്പ് സ്റ്റേഡിയത്തിൽ ഒരു ബിരിയാണിയുടെ വില 150 വരെയായിരുന്നു. എന്നാൽ, വിക്കറ്റുകൾ തുരുതുരാ വീണതോടെ ബിരിയാണിയുടെ വിലയും കുറഞ്ഞുതുടങ്ങി. വിൻഡീസ് 104ന് പത്തിമടക്കുമ്പോൾ എങ്ങനെയെങ്കിലും ബാക്കിയുള്ള ഭക്ഷണം വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായി കച്ചവടക്കാർ. അവസാനം അഞ്ചു ബിരിയാണി 100 രൂപക്കാണ് വിറ്റഴിച്ചത്. രോഹിത് ശർമയും വിരാട് കോഹ് ലിയും രണ്ടാം വിക്കറ്റിൽ അടിച്ചുതകർത്തതോടെ ലക്ഷങ്ങൾ മുടക്കി സ്റ്റേഡിയത്തിലെ ഭക്ഷണ ടെൻഡർ പിടിച്ചവർ അറിയാത പറഞ്ഞുപോയി, ‘ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു.’
ഗുഡ്ബൈ കേരളം... പ്രളയക്കെടുതിയുടെ ദുരിതത്തിലും ആവേശകരമായ സ്വീകരണം നൽകിയ മലയാള നാടിനോട് നന്ദിപറഞ്ഞ് ഇന്ത്യ-വെസ്റ്റിൻഡീസ് ടീമുകൾ തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതിനുള്ള പ്രത്യേക വിമാനത്തിലാണ് ആദ്യ ട്വൻറി20 മത്സരത്തിനായി ടീമുകൾ കൊൽക്കത്തയിലേക്ക് തിരിച്ചത്. വ്യാഴാഴ്ച കളി കഴിഞ്ഞയുടൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഡൽഹിയിലേക്ക് പറന്നിരുന്നു. ഇൗ മാസം നാലിന് ഈഡൻ ഗാർഡനിലാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.