വാന്‍ഗാൽ രക്ഷപ്പെട്ടു ; ആഴ്സനല്‍ നമ്പര്‍വണ്‍

ലണ്ടന്‍: ലൂയി വാന്‍ഗാല്‍ എന്ന മിടുക്കനായ ഫുട്ബാള്‍ പരിശീലകന്‍െറ ജീവിതത്തില്‍ ഇതുപോലൊരു 90 മിനിറ്റ് മുമ്പെങ്ങും കടന്നുപോയി കാണില്ല. അന്തരീക്ഷത്തില്‍ അദൃശ്യ സാന്നിധ്യമായി ഹൊസെ മൗറീന്യോയെന്ന പോര്‍ചുഗീസുകാരന്‍. കിക്കോഫിനു മുമ്പുതന്നെ ഓള്‍ഡ്ട്രാഫോഡിനു പുറത്ത് മൗറീന്യോയുടെ ചിത്രം പതിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ തൂവാലകളുടെ വില്‍പന പൊടിപൊടിക്കുന്നു. മൈതാനത്ത് എതിരാളിയായി മൗറീന്യോയില്ലാത്ത ചെല്‍സിയും.
വാന്‍ഗാലിന്‍െറ ഭാവി തീരുമാനിക്കുന്ന മത്സരമെന്ന് മാധ്യമങ്ങളും ആരാധകരും പ്രഖ്യാപിച്ച പോരാട്ടം. കളിതുടങ്ങിയാല്‍ എപ്പോഴും ശാന്തനായ കാണിയാവുന്ന ഡച്ച് പരിശീലകന്‍ തിങ്കളാഴ്ച കിക്കോഫ് നിമിഷം മുതല്‍ കുമ്മായവരക്കുപുറത്ത് അസ്വസ്ഥനായിരുന്നു. ഒടുവില്‍, ‘ദൈര്‍ഘ്യമേറിയ’ ഒന്നരമണിക്കൂര്‍ ജയവും തോല്‍വിയുമില്ലാതെ കടന്നുപോയപ്പോള്‍ ശരിക്കും ജയിച്ചുകയറിയത് വാന്‍ഗാല്‍ തന്നെ. 

നിലനില്‍പ്പിനായി പൊരുതുന്ന ചെല്‍സിയോടേറ്റ ഗോള്‍രഹിത സമനില യുനൈറ്റഡില്‍ വാന്‍ഗാലിന്‍െറ സീറ്റുറപ്പിക്കാന്‍ കരുത്തുള്ളതാണ്. ജയമില്ലാത്ത എട്ടാം മത്സരമായിരുന്ന ഓള്‍ഡ് ട്രാഫോഡില്‍ അവസാനിച്ചത്. 1990ന് ശേഷം ആദ്യ സംഭവം. എന്നാല്‍, തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കൊടുവില്‍ പിറന്ന ഒരു പോയന്‍റ് എന്ന ആശ്വാസമുണ്ട്. ജയിച്ചില്ളെങ്കിലും കളിക്കാര്‍ക്ക് ഫുള്‍മാര്‍ക്ക് നല്‍കുകയാണ് വാന്‍ഗാല്‍. 



ആഴ്സനല്‍ നമ്പര്‍വണ്‍
എ.എഫ്.സി ബേണ്‍മൗത്തിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ആഴ്സനല്‍ ഒന്നാമന്മാരായി.  27ാം മിനിറ്റില്‍ ഗബ്രിയേല്‍ പൗലിസ്റ്റയും 63ാം മിനിറ്റില്‍ മെസ്യൂത് ഓസിലും ഗണ്ണേഴ്സിനുവേണ്ടി വലകുലുക്കി. 19 കളിയില്‍ 39 പോയന്‍റുമായി ആഴ്സനല്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.  ഏഴ് ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടത്തില്‍ സ്റ്റോക് സിറ്റി 4-3ന് എവര്‍ട്ടനെ വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.