ബംഗളൂരു: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആറാം മത്സരത്തില്‍ ഗുവാമിനെതിരെ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് വിജയം എന്നതു മാത്രമാണ് മുന്നിലുള്ളത്. ലോകകപ്പിലേക്കുള്ള വഴി അടഞ്ഞെങ്കിലും ഇന്ത്യക്ക് നാണക്കേട് ഒഴിവാക്കുന്നതിനും ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിലേക്കുള്ള സാധ്യത നിലനിര്‍ത്താനും ഈ വിജയം നിര്‍ണായകമാണ്. അവരുടെ നാട്ടില്‍ നടന്ന മത്സരത്തില്‍ ദ്വീപ് രാഷ്ട്രത്തോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. സ്വന്തം തട്ടകത്തില്‍ വ്യാഴാഴ്ച പോരിനിറങ്ങുമ്പോള്‍ ഈ തോല്‍വിക്ക് പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് ലഭിക്കുന്നത്. എന്നാല്‍, അങ്ങനെയങ്ങ് തള്ളിക്കളയാവുന്ന രാജ്യമല്ല ഇന്ന് ഗുവാം. ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം.
നിലവില്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ‘ഡി’ ഗ്രൂപ്പില്‍ അഞ്ചു തോല്‍വികളുമായി ഏറ്റവും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി ആറുപേരെ പുതുതായി 25 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്യമായ മുന്നൊരുക്കമില്ലാതെ നിര്‍ണായക മത്സരങ്ങള്‍ക്കിറങ്ങുന്നതിനെതിരെ ടീമിനകത്ത് കടുത്ത അമര്‍ഷമുണ്ട്. അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ പ്രതിരോധ താരം അര്‍ണബ് മൊണ്ഡാല്‍ ഇത് തുറന്നുപറയുകയും ചെയ്തു. ഇറാന്‍ മത്സരത്തിന് മുന്നോടിയായി 10 ദിവസത്തെ പരിശീലന ക്യാമ്പ് ടീമിന് ഒരുപാട് ഗുണം ചെയ്തു. ഒമാന്‍, തുര്‍ക്മെനിസ്താന്‍ രാജ്യങ്ങളുമായുള്ള മത്സരത്തിന് മുന്നോടിയായി ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സമയം ലഭിക്കാത്തതാണ് പ്രകടനം മോശമാകുന്നതിനിടയാക്കിയത്. ഐ.എസ്.എല്ലിലെ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കാരെ തളര്‍ത്തുന്നതായും അഭിപ്രായമുണ്ട്. തിങ്കളാഴ്ചയാണ് ടീം പരിശീലനത്തിനിറങ്ങിയത്. എന്നാല്‍, ഇന്ത്യക്കെതിരെയുള്ള എവേ മത്സരവും സ്വന്തമാക്കി അടുത്ത റൗണ്ടിലേക്കുള്ള സാധ്യത ശക്തമാക്കാനാണ് അമേരിക്കന്‍ പ്രവിശ്യയായ ഗുവാം ലക്ഷ്യമിടുന്നത്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലെ ലോസ് ആഞ്ജലസ് ഗാലക്സി താരം എ.ജെ. ഡെലാഗര്‍സയാണ് ഗുവാമിന്‍െറ പ്രതീക്ഷ. ഏഴിന് ബംഗളൂരുവിലത്തെിയ ടീം കടുത്ത പരിശീലനത്തിലാണ്.
ഗ്രൂപ്പില്‍ രണ്ടു ജയവുമായി നാലാം സ്ഥാനത്താണ് ഗുവാം. ഫിഫ റാങ്കിങ്ങില്‍ അവര്‍ 155ാം സ്ഥാനത്തും ഇന്ത്യ 172ലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.