ഐ.എസ്.എല്‍: മഹാരാഷ്ട്ര ഡെര്‍ബിയില്‍ മുംബൈ-പുണെ ഗോള്‍രഹിത സമനില

മുംബൈ: മറാത്ത ടീമുകളുടെ പോരാട്ടമായി മാറിയ മഹാരാഷ്ട്ര ഡെര്‍ബിയില്‍ ഗോള്‍രഹിത സമനില. മുംബൈ സിറ്റി എഫ്.സിയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരം ഒപ്പത്തിനൊപ്പം പിരിഞ്ഞപ്പോള്‍ ഒരു പോയന്‍റുമായി പുണെ സിറ്റി എഫ്.സി രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഒമ്പതു കളിയില്‍ 15 പോയന്‍റുള്ള ഗോവക്ക് പിന്നിലായി ഒമ്പതു കളിയില്‍ അതേ പോയന്‍റുമായാണ് പുണെ നോക്കൗട്ടിലേക്കുള്ള ദൂരം എളുപ്പമാക്കിയത്.
ഇന്ത്യന്‍ ക്യാമ്പ് ഡ്യൂട്ടിയും കഴിഞ്ഞത്തെിയ സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തിയായിരുന്നു മുംബൈയുടെ ഹോം ഗ്രൗണ്ടിലെ തുടക്കം. കോച്ച് നികളസ് അനല്‍ക കളിക്കാരനായി പ്ളെയിങ് ഇലവനിലത്തെി. 4-3-3 ശൈലിയില്‍ ക്രമീകരിച്ച ഫോര്‍മേഷനില്‍ ഫ്രെഡറിക് പിക്വിയോണും സുഭാഷ് സിങ്ങും ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസുമടങ്ങിയ മൂന്നംഗ സംഘത്തിലായിരുന്നു ആക്രമണ തന്ത്രങ്ങള്‍. മധ്യനിരയിലായി അനല്‍കയും നിര്‍ണായക നീക്കങ്ങള്‍ മെനഞ്ഞു.
ഇരു വിങ്ങും ശക്തമാക്കി ചലിപ്പിച്ച മുംബൈയെ കെട്ടുറപ്പുള്ള പ്രതിരോധവുമായാണ് പുണെ നേരിട്ടത്. 4-4-1-1 ഫോര്‍മേഷനില്‍ പ്രതിരോധം ജാഗരൂകരായി. അതേസമയം, അഡ്രിയാന്‍ മുട്ടുവും തുന്‍ചാന്‍ സാന്‍ലിയും നയിച്ച ആക്രമണ നിര സുബ്രതാ പാലിന്‍െറ മുംബൈ ഗോള്‍മുഖത്തും ഇടവേളകളില്‍ റെയ്ഡ് തീര്‍ത്തു.
കളിയുടെ ആദ്യ മിനിറ്റില്‍ സുഭാഷ് സിങിന്‍െറ ക്ളോസ് റേഞ്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ തൊട്ടുരുമ്മി പറന്നപ്പോള്‍ ഗാലറി ഗോള്‍ മോഹത്തില്‍ ഒരു തവണ ഇരിപ്പിടം വിട്ടെഴുന്നേറ്റു. സുഭാഷ് സിങ് വീണ്ടും ഭീഷണി ഉയര്‍ത്തിയപ്പോള്‍ പുണെ നായകന്‍ ദിദിയര്‍ സകോറ പ്രതിരോധക്കാരന്‍െറ റോളെടുത്തു. ഇതിനിടയില്‍ അഡ്രിയാന്‍ മുട്ടു പറത്തിവിട്ട ക്ളോസ് റേഞ്ച് ഷോട്ട് ബാറില്‍ തട്ടി അകന്നതോടെ പുണെയും ഏതുനിമിഷവും ഗോള്‍ നേടുമെന്ന പ്രതീക്ഷ നല്‍കി. അവസാന അഞ്ചു മിനിറ്റിനുള്ളില്‍ പുണെ പെനാല്‍റ്റി ഏരിയക്കു പുറത്ത് ലഭിച്ച ഫ്രീകിക്കില്‍ നികളസ് അനല്‍കയുടെ ഷോട്ട് ഉയരക്കാരന്‍ റോജര്‍ ജോണ്‍സണിന്‍െറ തലയില്‍ തട്ടി വഴിമാറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.