കളി കാര്യമായി; സംസ്​ഥാന സ്​കൂൾ ഫുട്ബാൾ ടീം തെരഞ്ഞെടുപ്പ് കോടതി കയറുന്നു

മലപ്പുറം: മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സംസ്​ഥാന സീനിയർ വനിതാ സ്​കൂൾ ഫുട്ബാൾ ടീം തെരഞ്ഞെടുപ്പിനെതിരെ താരങ്ങളും രക്ഷിതാക്കളും പരിശീലകരും രംഗത്ത്. ഡിസംബറിൽ നടക്കുന്ന ദേശീയ സ്​കൂൾ ഗെയിംസ്​ സംഘത്തെ ഒക്ടോബർ 19നാണ് പ്രഖ്യാപിച്ചത്. അനർഹരെ തിരുകിക്കയറ്റാൻ ദേശീയ താരങ്ങളെ ഉൾപ്പെടെ തഴഞ്ഞെന്നാണ് പരാതി. ഇതിനെതിരെ കോടതിയെയും ബാലാവകാശ കമീഷനെയും സമീപിക്കുമെന്ന് തഴയപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ വ്യക്തമാക്കി.

ദക്ഷിണ, ഉത്തരമേഖലാ ഗെയിംസ്​ മത്സരങ്ങൾ അടിസ്​ഥാനമാക്കിയാണ് ക്യാമ്പിലേക്ക് താരങ്ങളെ തെരഞ്ഞെടുത്തത്. 19ന് അന്തിമ സെലക്ഷൻ നടത്തി 18 അംഗ ടീം പ്രഖ്യാപിച്ചു. ഉത്തരമേഖലാ ചാമ്പ്യന്മാരായ മലപ്പുറത്തുനിന്ന് ആർക്കും ഇടമില്ലാതായപ്പോൾ റണ്ണറപ്പായ കോഴിക്കോട്ട് നിന്ന് ഒരു കുട്ടിക്ക് മാത്രം അവസരം ലഭിച്ചു. കഴിഞ്ഞ മാസം ഗോവയിൽ നടന്ന അണ്ടർ –18 നാഷനൽ വിമൻസ്​ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മികവ് പുലർത്തിയ താരങ്ങൾ പോലും പുറത്തായി. ടീം തെരഞ്ഞെടുപ്പിനെതിരെ അന്നുതന്നെ മലപ്പുറം, കോഴിക്കോട്, കോട്ടയം ജില്ലകൾ ശബ്ദമുയർത്തിയിരുന്നു. ഓൺലൈൻ രജിസ്​ട്രേഷൻ പോലും നടത്താത്ത ചില താരങ്ങൾക്ക് സ്​പോർട്സ്​ സ്​കൂളിൽ പഠിക്കുന്നതിെൻറ പേരിൽ മാത്രം അന്തിമ സെലക്ഷന് അവസരം നൽകി. ദേശീയ ടീമിലോ ക്യാമ്പിലോ ഉള്ളവരെ നേരിട്ട് സെലക്ഷന് പരിഗണിക്കാമെന്നുണ്ട്. എന്നാൽ, ഈ മാനദണ്ഡം പോലും ബാധകമല്ലാത്തവരെ സെലക്ഷന് വിളിക്കുകയും ടീമിൽ അംഗത്വം നൽകുകയും ചെയ്തതായി മലപ്പുറം ജില്ലാ ടീം കോച്ച് പി. ഹരികുമാർ പറയുന്നു.

വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കോഴിക്കോട്, മലപ്പുറം ടീമുകൾ പരാതി നൽകി. വിവരാവകാശ നിയമപ്രകാരം ടീം തെരഞ്ഞെടുപ്പിെൻറ വിശദവിവരങ്ങൾ തേടിയിട്ടുണ്ട് ഹരികുമാർ. എന്ത് അടിസ്​ഥാനമാക്കിയാണ് സെലക്ഷന് താരങ്ങളെ വിളിച്ചത്, മാർക്ക് നൽകിയ രീതി, റാങ്ക് ലിസ്​റ്റിെൻറ മാനദണ്ഡം, ആരായിരുന്നു സെലക്ടർമാർ തുടങ്ങിയ ചോദ്യങ്ങളാണ് അപേക്ഷയിൽ ഉന്നയിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.