മെൻഡോസക്ക് ഹാട്രിക്ക്; ബ്ലാസ്റ്റേഴ്സ് ചെന്നൈയിനോട് തോറ്റമ്പി

ചെന്നൈ: നിലാവത്തഴിച്ചുവിട്ട കോഴികളുടെ ഉപമയായിരിക്കും നിര്‍ണായകപോരില്‍ മറീന അരീനയില്‍ ചെന്നൈയിന്‍ എഫ്.സിയെ നേരിട്ട കേരള ബ്ളാസ്റ്റേഴ്സിന് ചേരുക. അതിന്‍െറ ഫലമായി ഏറ്റുവാങ്ങിയ നാലടികളില്‍ നിലംപരിശായ മഞ്ഞപ്പട 4-1ന് തോല്‍വി ഇരന്നുവാങ്ങി. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ ഇതേ സ്കോറിന് തോല്‍പിച്ച ബ്ളാസ്റ്റേഴ്സിന് അതേ നാണയത്തില്‍ ചെന്നൈയിന്‍ ‘പണി’ കൊടുക്കുകയായിരുന്നു.
ആറാം തോല്‍വിയുമായി, ചെന്നൈയിനെ മുകളിലേക്ക് പറഞ്ഞുവിട്ട് ബ്ളാസ്റ്റേഴ്സ് വീണ്ടും പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണു. ജയത്തിന്‍െറ എല്ലാ ക്രെഡിറ്റും ബ്ളാസ്റ്റേഴ്സിന്‍െറ നെഞ്ചില്‍ നൃത്തംചെയ്ത് സീസണിലെ തന്‍െറ രണ്ടാം ഹാട്രിക് സ്വന്തമാക്കിയ സ്റ്റീവന്‍ മെന്‍ഡോസ വലന്‍സിയക്കും ഒത്തൊരുമയോടെ കളിച്ച ചെന്നൈയിന്‍ ആക്രമണനിരക്കും അലംഭാവത്തിന്‍െറ ആള്‍രൂപങ്ങളായ ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിനും വീതിച്ചുനല്‍കാം. മൂന്നാം മിനിറ്റില്‍ ധനചന്ദ്ര സിങ്ങിലൂടെ ഗോള്‍വേട്ടക്ക് തുടക്കമിട്ട ആതിഥേയര്‍ക്കായി 16, 79, 81 മിനിറ്റുകളില്‍ മെന്‍ഡോസ വലകുലുക്കി. കൊളംബിയന്‍താരം ലീഗിലെ ഗോള്‍ നേട്ടം ഒമ്പതാക്കി ഉയര്‍ത്തുകയും ചെയ്തു. ഒന്നും ചെയ്യാനില്ലാത്ത ഘട്ടത്തില്‍ 90ാം മിനിറ്റില്‍ അന്‍േറാണിയോ ജെര്‍മയ്നാണ് ബ്ളാസ്റ്റേഴ്സിന്‍െറ ആശ്വാസ ഗോള്‍ നേടിയത്.
അത്ലറ്റികോ ഡി കൊല്‍ക്കത്തയില്‍നിന്ന് തോല്‍വിവാങ്ങിയ ടീമില്‍ അഞ്ചുമാറ്റം വരുത്തി ഗോള്‍ കീപ്പര്‍ അപൗല ഏദല്‍, ബെര്‍ണാഡ് മെന്‍ഡി, ബ്രൂണോ പെല്ലിസരി, മെന്‍ഡോസ, ജെജെ ലാല്‍പെഖ്ലുവ എന്നിവരെ പ്ളെയിങ് ഇലവനില്‍ ഇറക്കിയാണ് ചെന്നൈയിന്‍ കോച്ച് മാര്‍കോ മറ്റെരാസി ദക്ഷിണേന്ത്യന്‍ ഡെര്‍ബിക്ക് ടീമൊരുക്കിയത്.
ടെറി ഫെലാനാകട്ടെ ഗുവാഹതിയില്‍ എതിര്‍പടയെ മുടിച്ചുവിട്ട അതേ ടീമില്‍ വിശ്വാസമര്‍പ്പിച്ചു. ആദ്യ മിനിറ്റിലെ മുന്നേറ്റശ്രമത്തില്‍ മാത്രമേ, ഫെലാന്‍െറ വിശ്വാസം രക്ഷയാകുമെന്ന് തോന്നിയിള്ളൂ. പിന്നീട് കളിയില്‍ ചെന്നൈയിന്‍ മാത്രമായി. മൂന്നാം മിനിറ്റില്‍ രാഹുല്‍ ഭെകെ അപകടം ക്ളിയര്‍ ചെയ്യാനായി നടത്തിയ ഹെഡര്‍ വീണുകിട്ടിയത് തകര്‍പ്പനൊരു വോളിയിലൂടെ വലയിലത്തെിച്ചാണ് ധനചന്ദ്ര ചെന്നൈയിനെ മുന്നിലത്തെിച്ചത്.
16ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന്‍െറ പ്രതിരോധം അപ്പാടെ ചിതറിപ്പോയ നിമിഷത്തില്‍ മെന്‍ഡോസ വലയിലേക്ക് ഷോട്ടുതിര്‍ത്തു. ധനചന്ദ്രയില്‍നിന്ന് കിട്ടിയ ക്രോസ് സ്വയംനിയന്ത്രിച്ച് മെന്‍ഡോസ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ രക്ഷകനാകാന്‍ ശ്രമിച്ച ബൈവാട്ടര്‍ക്ക് ഒന്നും ചെയ്യാനായില്ല.
വിക്ടര്‍ പുള്‍ഗയിലൂടെ മറുപടിനല്‍കാനുള്ള അവസരം രണ്ടുതവണയാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ആദ്യത്തേത് കീപ്പര്‍ സേവ് ചെയ്തപ്പോള്‍ രണ്ടാമത്തേത് പോസ്റ്റിനരികിലൂടെ പുറത്തേക്ക് പാഞ്ഞു. ആദ്യപകുതി തീരുന്നതിനുമുമ്പ് ചെന്നൈയിനും നിരവധി അവസരങ്ങളിലേക്ക് വഴിതുറന്നെങ്കിലും ഫിനിഷിങ് പിഴച്ചു. തെറ്റായ ഓഫ്സൈഡ് വിളികളും ബ്ളാസ്റ്റേഴ്സിന്‍െറ രക്ഷക്കത്തെി.
79ാം മിനിറ്റില്‍ മെന്‍ഡോസയുടെ രണ്ടാം ഗോളും ബ്ളാസ്റ്റേഴ്സിന്‍െറ വിധിയും തെളിഞ്ഞു. രണ്ട് മിനിറ്റിനപ്പുറം ഖബ്രയുടെ ഫ്രീകിക്കില്‍നിന്ന് മെന്‍ഡോസയുടെ ഹാട്രിക്കും പിറന്നു. കളി അവസാനത്തോടടുക്കവേ ബ്ളാസ്റ്റേഴ്സിന്‍െറ ക്രിസ് ഡഗ്നലും ചെന്നൈയിന്‍െറ പൊട്ടെന്‍സയും ബ്ളാസിയും തമ്മിലുണ്ടായ ഉരസലിന് പിന്നാലെയാണ് ജെര്‍മന്‍െറ ഗോള്‍ പിറന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.