കൊല്‍ക്കത്ത: 90 മിനിറ്റും കൈമെയ് മറന്ന് ആക്രമിച്ച മുന്നേറ്റങ്ങള്‍, ഉരുക്കുകോട്ട തീര്‍ത്ത പ്രതിരോധഭടന്മാര്‍, ഓടി നടന്നു പന്തു പെറുക്കിയ ഗോള്‍കീപ്പര്‍മാര്‍... സാള്‍ട്ട് ലേക്കില്‍ നടന്ന ഐ.എസ്.എല്‍ പോരില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കും ഡല്‍ഹി ഡൈനാമോസും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, 10 പേരായി ചുരുങ്ങിയിട്ടും വീര്യം ചോരാതെ കളിച്ച ഡൈനാമോസ് കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഗുസ്താവോ മെര്‍മെന്‍റിനി ഡോസ് സാന്‍േറാസ് എന്ന പകരക്കാരന്‍െറ ഒറ്റ വ്യത്യാസത്തില്‍ കൊല്‍ക്കത്തയെ അവരുടെ മണ്ണില്‍ നിഷ്പ്രഭരാക്കി. 60 ാം മിനിറ്റില്‍ കളത്തിലത്തെി, ഇഞ്ചുറിടൈമില്‍ ഗുസ്താവോ നേടിയ ഏക ഗോളിലൂടെ നാലാം ജയം കുറിച്ച ഡൈനാമോസ് ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്തു. തുടക്കം മുതല്‍ ഡല്‍ഹിയുടെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന ഫ്ളോറന്‍റ് മെലൂദ, കൊല്‍ക്കത്തയുടെ പ്രതിരോധകവചത്തെ കവച്ചുവച്ച് നീട്ടി നല്‍കിയ പാസ് അനായാസം വലയിലത്തെിച്ചാണ് ടീമും കോച്ചും തമ്മിലര്‍പ്പിച്ച വിശ്വാസം ഗുസ്താവോ കാത്തത്.
പരിക്കിന്‍െറ പിടിയിലായിരുന്ന കൊല്‍ക്കത്തക്കായി മുന്നേറ്റത്തില്‍ ഇയാന്‍ ഹ്യൂമിന്‍െറ ഓള്‍റൗണ്ട് പ്രകടനമായിരുന്നു കണ്ടത്. കനത്ത ടാക്ളുമായി എതിര്‍ പ്രതിരോധം പലപ്പോഴും ഹ്യൂമിന് വിലങ്ങൊരുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതോടെ മുറിവേറ്റ് രക്തമൊഴുകിയ തലയുമായാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ 15 മിനിറ്റിലെ ഡല്‍ഹി ആധിപത്യത്തിന് ശേഷം ചൂടുപിടിച്ച കൊല്‍ക്കത്ത ആക്രമണത്തിനാണ് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം തുറന്നുകിട്ടിയത്. 37 ാം മിനിറ്റില്‍, ഗാവിലിയന്‍ എടുത്ത ഫ്രീകിക്ക് ലഭിച്ച ബല്‍ജിത് സാഹ്നിക്ക് പോയന്‍റ് ബ്ളാങ്കില്‍ നിന്ന് വലയിലേക്ക് തൊടുക്കാനാകാതെ പോയപ്പോള്‍ പന്ത് ലക്ഷ്യമില്ലാതെ പാഞ്ഞു.
ഡല്‍ഹി നിരയില്‍ നിന്നാണ് പരുക്കന്‍ കളി കൂടുതല്‍ പിറന്നത്. പ്രതിരോധത്തിലെ നെടുംതൂണായ ജോണ്‍ അര്‍നെ റീസെ ഉള്‍പ്പെടെ നാല് മഞ്ഞക്കാര്‍ഡുകള്‍ ഡല്‍ഹി താരങ്ങള്‍ക്ക് നേരെ ഉയര്‍ന്നു. അവയില്‍ രണ്ടെണ്ണം വാങ്ങിയ സൗവിക് ചക്രവര്‍ത്തി 80 ാം മിനിറ്റില്‍ പുറത്തുപോയതോടെയാണ് ഡല്‍ഹി 10 പേരായി ചുരുങ്ങിയത്. 65 ാം മിനിറ്റില്‍ സ്വയം കളിക്കാനിറങ്ങി ഡല്‍ഹി പ്ളെയര്‍-മാനേജര്‍ റോബര്‍ട്ടോ കാര്‍ലോസ് സാള്‍ട്ട് ലേക്കിനെ കൈയിലെടുത്തു. റീസെക്ക് പകരക്കാരനായാണ് കാര്‍ലോസ് ഇറങ്ങിയത്. എന്നാല്‍, തൊട്ടടുത്ത നിമിഷം സ്വന്തം വലയിലേക്ക് പന്തത്തെിച്ച് നാണംകെടുന്നതിന് അടുത്തത്തെിയ കാര്‍ലോസിനെ ഗോള്‍കീപ്പര്‍ ടോണി ഡൊബ്ളസിന്‍െറ ഇടപെടലാണ് രക്ഷിച്ചത്.
മികച്ച ചില മുന്നേറ്റങ്ങള്‍ക്കിടയിലും ഫിനിഷിങ്ങിലെ പോരായ്മകളും പ്രതിരോധത്തിലെയും കീപ്പര്‍മാരുടെയും തകര്‍പ്പന്‍ സേവുകളും ഇരുവലകളെ രക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഇഞ്ചുറിടൈമിലെ മൂന്നാം മിനിറ്റില്‍ കൊല്‍ക്കത്ത പ്രതിരോധഭടന്മാരുടെ കാലുകള്‍ക്കും കീപ്പര്‍ അര്‍മീന്ദര്‍ സിങ്ങിന്‍െറ ഡൈവിനും ആതിഥേയരുടെ വലയെ രക്ഷിക്കാനായില്ല. ഒരു പരീക്ഷണം തട്ടിയകറ്റിയ അര്‍മീന്ദറിന് മുന്നിലേക്ക് നിമിഷങ്ങള്‍ക്കകം വീണ്ടും വെല്ലുവിളിയത്തെുകയായിരുന്നു. വലത്തേ വിങ്ങില്‍ കൊല്‍ക്കത്തയുടെ ബോക്സിന് പുറത്തുനിന്നും ഹാന്‍സ് മുല്‍ദര്‍ നല്‍കിയ പാസ് മെലൂദ, പ്രതിരോധത്തെ കബളിപ്പിച്ച് അപകടമേഖലയിലൂടെ മറുവശത്തേക്ക് നീട്ടിനല്‍കി. മാര്‍ക് ചെയ്യപ്പെടാതെ ഇടത്തേ വിങ്ങില്‍ നിന്ന് ഓടിക്കയറിയ ഗുസ്താവോയുടെ കാലില്‍ മുട്ടിയുരുമ്മി പന്തുവലയിലത്തെുമ്പോള്‍ നിസഹായനായി മുട്ടുകുത്താനേ കീപ്പര്‍ക്കും കൊല്‍ക്കത്തക്കുമായുള്ളു.
ഇരു പ്ളെയിങ് ഇലവനിലുമായി ഇടം പിടിച്ച മലയാളി താരങ്ങളായ കൊല്‍ക്കത്തയുടെ റിനോ ആന്‍േറായും ഡല്‍ഹിയുടെ അനസ് ഇടത്തൊടികയും ശ്രദ്ധേയമായ പ്രകടനം നടത്തി. റിനോ മത്സരത്തിലെ എമര്‍ജിങ് താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മത്സരത്തിലെ ഹീറോയായത് അനസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.